#അറ്റുപോയനൂലും
#വഴിതെറ്റിയമോഹങ്ങളും
നീലവിണ്ണിൽ വർണ്ണക്കുട
വിരിച്ചതുപോലെ ആവേശത്തോടെ പറക്കുകയായിരുന്നു ഒരു പട്ടം...
താഴെ ഭൂമിയിൽ
ഒരു കൊച്ചു ബാലന്റെ ഉറപ്പുള്ള കൈകളിൽ അതിന്റെ നൂൽ സുരക്ഷിതമായിരുന്നു.
ആ നൂലിന്റെ ബലത്തിലായിരുന്നു പട്ടത്തിന്റെ ആകാശം മുട്ടെയുള്ള ഓരോ ചലനങ്ങളും...
ഒരു ദിവസം ആകാശത്തെ രാജാവായ
ഒരു പരുന്ത് പട്ടത്തിന്റെ അരികിലെത്തി. ചങ്ങാതിമാരായ അവർ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ പരുന്ത് ചോദിച്ചു:
"കൂട്ടുകാരാ, നീ എന്തിനാണ് എപ്പോഴും ഈ നൂലിൽ കെട്ടിയിട്ടു പറക്കുന്നത്? ഈ നൂലൊന്ന് പൊട്ടിച്ചാൽ നിനക്ക് എന്നെപ്പോലെ മേഘങ്ങൾക്കും അപ്പുറം പറക്കാം. അവിടെയുള്ള കാഴ്ചകൾ എത്ര മനോഹരമാണെന്നോ..
ആദ്യം ഒന്ന് മടിച്ചെങ്കിലും പരുന്തിന്റെ നിർബന്ധത്തിന് മുന്നിൽ പട്ടം വഴങ്ങി. പരുന്ത് തന്റെ മൂർച്ചയുള്ള ചുണ്ടുകൊണ്ട് ആ നൂൽ മുറിച്ചുമാറ്റി. നൂലിൽ നിന്നും മോചിതനായ ആവേശത്തിൽ പട്ടം പരുന്തിനോടൊപ്പം മത്സരിച്ചു പറന്നു...
പക്ഷേ, ഉയരങ്ങളിലേക്ക് ചെല്ലുന്തോറും സൂര്യന്റെ ചൂട് അസഹനീയമായി. തന്നെ നിയന്ത്രിക്കാൻ താഴെ ആരുമില്ലെന്ന തിരിച്ചറിവ് പട്ടത്തെ ഭയപ്പെടുത്തി. ക്ഷീണിതനായ പട്ടത്തോട് പരുന്ത് പറഞ്ഞു: "സാരമില്ല, നമുക്ക് താഴെയുള്ള ആൽമരത്തിന്റെ തണലിൽ വിശ്രമിക്കാം."
പരുന്ത് വേഗത്തിൽ ആൽമരത്തിന്റെ ഇലകൾക്കിടയിലൂടെ താഴേക്ക് പറന്നിറങ്ങി. പരുന്തിനെ പിന്തുടർന്ന പട്ടം പക്ഷേ നിയന്ത്രണം കിട്ടാതെ മരച്ചില്ലകളിൽ ഉടക്കി. കഠിനമായ കാറ്റിൽ ആ ചില്ലകൾക്കിടയിൽ കിടന്ന് ആ പട്ടം കീറിപ്പറിഞ്ഞു പോയി....
ചിന്നിച്ചിതറി മരക്കൊമ്പിൽ തൂങ്ങിക്കിടക്കുമ്പോൾ വേദനയോടെ പട്ടം ഓർത്തത് തന്റെ പഴയ നൂലിനെയും അതിന്റെ ഉടമസ്തനെയും കുറിച്ചായിരുന്നു.
"എന്നെ പിടിച്ചുനിർത്തിയിരുന്ന ആ ചരട് എന്റെ തടവറയായിരുന്നില്ല, മറിച്ച് എന്റെ സുരക്ഷയായിരുന്നു. ഉത്തരവാദിത്തമുള്ള ആ കൈകളിൽ ഇരുന്നപ്പോഴായിരുന്നു ഞാൻ ഏറ്റവും മനോഹരമായി പറന്നിരുന്നത്."..
ജീവിതവും ഇതുപോലെയാണ്. നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം
പലപ്പോഴും നമ്മെ തകർച്ചയിലേക്കാവും നയിക്കുക. നമ്മെ സ്നേഹിക്കുന്നവർ ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങളും ജീവിതത്തിലെ അച്ചടക്കവുമാണ് നമ്മെ സുരക്ഷിതമായി ഉയരങ്ങളിൽ എത്തിക്കുന്നത്...
Kavumpuram Sakeer #sakkirwrites
#MalayalamStory #LifeLessons
#Responsibility #പട്ടം #കഥ
#ചിത്രംഞാനുംറഷീദും
Rasheed Cee Mahal Painkannoor