Thursday, June 26, 2014

കുട്ടി കവിതകള്‍ .....

ആകാശത്ത് താരകങ്ങളില്ല..
ഭൂമിയില്‍ വസന്തവുമില്ല ..
മനസ്സില്‍ പ്രണയവുമില്ല...
ഉള്ളത് ആധി മാത്രം ...
എങ്ങിനെ എന്ന് 
കൊടുത്തു തീര്‍ക്കും 
ഇത്രയൊക്കെ എന്ന
ആധി ..........
............................................................................................................
എന്നെ നീ പിന്തുടരുന്നു എന്നറിഞ്ഞപ്പോഴും ഞാന്‍ നോക്കാതിരുന്നത് .....
നിന്റെ പ്രണയാക്ഷരങ്ങള്‍ക്ക് ഞാന്‍ മറുപടി 
തരാഞ്ഞത് 
നിന്റെ കാത്തു നില്‍പ്പിനു സായൂജ്യമായി 
ഒരു പുഞ്ചിരി തരാതിരുന്നത് 
എല്ലാത്തിനും ഒടുവില്‍ ഒരു 
ചുംബനം കൊണ്ട്
തീര്‍ക്കാമെന്ന് കരുതി ആയിരുന്നു ...പക്ഷെ
ഇന്ന് നിക്ചലമായ നിന്‍റെ മുഖത്ത്
നിന്റെ നെറ്റിയില്‍ ഞാനര്‍പ്പിക്കുന്ന
ചുംബനം നീ അറിയുന്നുവോ ?

Thursday, January 16, 2014

എന്‍റെ ഓര്‍മകളിലെ ഒരു താള് .........

               ഒപ്പന എന്നും എനിക്ക് ഹരമായിരുന്നു ..അത് ആണ്‍കുട്ടികള്‍ക്കും കളിക്കാം എന്നാ നിയമം വന്നപ്പോള്‍ ഞാനും സന്തോഷിച്ചു , എനിക്ക് കളിക്കാമല്ലോ എന്നതിലല്ല അത് ..ആണ്കുട്ടികളുടെതും കാണാമല്ലോ എന്നതില്‍ , സ്കൂളില്‍ പഠിക്കുന്ന കാലം പത്താം ക്ലാസ് വരെ സ്റ്റേജില്‍ ഒരു പരിപാടിക്കും കയറിയിട്ടില്ല എന്നതാണ് സത്യം ..കാരണം ഞാനൊരു പാവം ആയിരുന്നു ..ഞാനെന്നെ തന്നെ പുകഴ്തുകയാനെന്നു നിങ്ങള്ക്ക് തോന്നി പോകുന്നുവെങ്കില്‍ ഞാനെന്തു ചെയ്യാന്‍ ,
പ്രണയം പോലും തുറന്നു പറയാന്‍ പറ്റാത്ത ഒരു വിദ്യാര്‍ഥി ആയിരുന്നു ഞാന്‍ , നീ അന്നെന്നോട് അങ്ങിനെ പറയുമെന്ന് ഞാന്‍ കരുതി എന്ന് പിന്നീട് പലരും പറഞ്ഞത് സത്യം ..
മറ്റുള്ളവരുടെ പ്രണയത്തെ പിന്തുണക്കുക അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു കൊടുക്കുക അതൊക്കെ ശീലങ്ങളില്‍ ചിലത് മാത്രം ,
ഒരു ദിവസം ഉച്ചക്ക് കുഞാവാന്റെ കടയില്‍ പൊറോട്ടയും കഴിച്ചു കൂട്ടുകാരെ കൂടെ വായി നോക്കി ഇരിക്കുന്ന നേരത്താണ് സുഹൃത്ത്‌ അഫ്സല്‍ വന്നു വിളിക്കുന്നത്‌ ...
എടാ സക്കീറെ ഞങ്ങള്‍ ഒപ്പന കളിക്കാനുള്ള തെയ്യാരെടുപ്പിലാണ് ഈ യുവജനോത്സവത്തിന് നീ ആവണം പുതിയാപ്പിള ...എന്താ പറ്റോ ?
ഞാനോ .. എയി അത് നടക്കൂലാ ...
എന്താണ് നടക്കാത്തത് ...നീ ഒന്നിരുന്നു തന്നാല്‍ മതീല്ലോ കളിക്കുന്നത് ഞങ്ങളല്ലേ ..നിനക്കെന്താ ....
എന്നാലും .....
ഒരെന്നാലുമില്ല ഞങ്ങള്‍ ഒപ്പന കളിക്കുന്നു അതില്‍ നീ തന്നെ പുതിയാപ്പിള ..ഓകെ.....
മനസ്സില്ല മനസ്സോടെ ഞാന്‍ ഉത്തരം മൂളി .....നോക്കാം ല്ലേ ...
പിന്നെ എന്റെ ചിന്ത മുഴുവന്‍ പുതിയാപ്പിള വേഷത്തെ കുറിച്ചായിരുന്നു ...
തോഴുവാനൂര്‍ മഹിള സമാജത്തിന്‍റെ പരിപാടിക്ക് ആതവനാട് നിന്ന് അമ്മായിയുടെ മക്കള്‍ സ്ഥിരമായി ഒപ്പന കളിക്കാറുണ്ട് ...അമ്മായിടെ മോള്‍ സലീന ആയിരുന്നു എന്നും പുത്യെണ്ണ്‍...
അത് എല്ലാ വര്‍ഷവും കാണാന്‍ പോകുന്നത് മാത്രമായിരുന്നു ഞാനും ഒപ്പനയും തമ്മിലുള്ള ബന്ധം ....
അങ്ങിനെ ആ ദിനം വന്നെത്തി ..നാളെയാണ് ഒപ്പന ....
കളിക്കുന്നവരില്‍ പ്രതാനികള്‍ അഫ്സലും അന്‍വറും ആയിരുന്നു ...
പുതിയ വെള്ള തുണി വെള്ള കുപ്പായം ലെതെരിന്റെ ചെരുപ്പ് നല്ലൊരു തുവ്വല്‍ തൊപ്പി ...എല്ലാം വേണം  അതൊക്കെ നീ സങ്കടിപ്പിക്കണം എന്ന് അവരെന്നോട് പറഞ്ഞു .....
ഞാനും ആകെ എന്തോ ആയിരുന്നു ..ഞാന്‍ നാളെ ഒപ്പനയില്‍ പുതിയാപ്പിള യാകുന്നു ..അങ്ങിനെ സ്കൂളിന്റെ സ്റ്റേജില്‍ ഞാനും ..ഉള്ളില്‍ ഒന്ന് ചിരിച്ചു ..

രാവിലെ തന്നെ അമ്മായിടെ മകന്‍ കുഞ്ഞാനുകക്കാന്റെ അടുത്ത് പോയി വെള്ള തുണി വാങ്ങിച്ചു ..പിന്നെ ഒരു ഷര്‍ട്ടും അപ്പോഴാണ്‌ ചെരുപ്പിന്റെ കാര്യം ഓര്‍ത്തത്‌ ...ലതര്‍ ചെരുപ്പ് എവിടുന്ന് ഒപ്പിക്കും ..അതിനും അഫ്സല്‍ തന്നെ വഴി കണ്ടെത്തി ..അവന്റെ കാലില്‍ ഉണ്ടായിരുന്ന ടയറിന്റെ ചെരുപ്പ് ദൂരേന്നു നോക്കിയാല്‍ ലതര്‍ ആയി തോന്നും എന്ന് പറഞ്ഞു അതെന്നെ കൊണ്ട് ധരിപ്പിച്ചു ...
അന്‍വര്‍ നു അതത്ര ഇഷ്ട്ടമായില്ലെന്നു അവന്‍റെ മുഖ ഭാവത്തില്‍ നിന്നും മനസ്സിലായി ...ഞാന്‍ പുതിയാപ്പിള ആയതു തന്നെ അവനു പിടിച്ചിട്ടില്ല എന്ന് ചില നേരങ്ങളില്‍ എനിക്ക് മനസ്സിലായിരുന്നു ,
നെക്സ്റ്റ് കോഡ് നമ്പര്‍ 241 ...ഒപ്പന ...
മെല്ലെ സ്റ്റേജില്‍ കയറി ..നെഞ്ച് എന്തോ പഡ പടാന്നു ശബ്ദത്തില്‍  മിടിക്കുന്നു വോ? ഏയ്‌ തോന്നുന്നതാവാം ..സ്വയം സമതാനിച്ചു ...
ഒപ്പന തുടങ്ങി ഞാന്‍ കസാരയില്‍ ഇരുന്നു മുന്‍ വശത്തേക്ക് നോക്കി ..എല്ലാവരും ഉണ്ട് ..ക്ലാസ്സിലെ കുട്ടികളും കൂട്ടുകാരും കൂട്ടുകാരികളും എല്ലാം ..ചുണ്ടില്‍ ചിരി വരുന്നുവെന്ന് തോന്നിയതിനാല്‍ ഞാന്‍ തന്നെ എന്‍റെ നോട്ടത്തെ അകലത്തേക്ക് മാറ്റി ...
കളിക്കിടയില്‍ ആര്‍ക്കൊക്കെയോ സ്റ്റെപ്പ് തെറ്റി .....
അങ്ങിനെ ഒരു വിതത്തില്‍ ഒപ്പന തീര്‍ന്നു കിട്ടി ....
ഇതായിരുന്നു എന്‍റെ ആദ്യത്തെ സ്റ്റേജ് ഷോ ....
പിന്നെ തപസ്യ സങ്കടിപ്പിച്ച ഉപ ജില പാരലല്‍ഉല്‍സവതിലെ പരിപാടികളില്‍ മിക്കതിലും ഞാന്‍ ഉള്‍പെട്ടു ....
അതില്‍ സാമൂഹ്യ നാടകം ചര്‍ച്ച ചെയ്യപെട്ടു ..സാക്ഷരതയായിരുന്നു അതിലെ വിഷയം ...അതില്‍ കുഞ്ഞിപോക്കര്‍ ഹാജി എന്ന കഥാപാത്രത്തിന് ആശസകള്‍ ഒതിരി കിട്ടി ....ഭാഗ്യത്തിന് ആ കഥാപാത്രം അവതരിപ്പിച്ചത് ഞാനായിരുന്നു ....

എന്തൊക്കെ പറഞ്ഞാലും എന്‍റെ ആദ്യതെ സ്റ്റേജ് പ്രവേശനത്തിന് എന്‍റെ പ്രിയപ്പെട്ട സുഹൃത്ത്‌ അഫ്സല്‍ മുണ്ടശേരി ക്ക് തന്നെയാണ്  ഞാനതിന്‍റെ മുഴുവന്‍ മാര്‍ക്കും കൊടുക്കുന്നത്  ....
എന്‍റെ ഓര്‍മയില്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരു മുഖമാണ് അഫ്സലിനുള്ളത് ...
രാഷ്ട്രീയ കളരിയില്‍ മാറിയകന്നപ്പോഴും വിമര്‍ശനത്തിന്‍റെ ചാട്ട വാറുകള്‍ എനിക്ക് നേരെ അവന്റെതായി വന്നപ്പോഴും ഞാന്‍ പുഞ്ചിരിച്ചു മെല്ലെ ഒഴിഞ്ഞു നില്‍ക്കാനാണ് ശ്രമിക്കാറുള്ളത് ..കാരണം ഞാന്‍ ആഗ്രഹിക്കുന്നു എന്റെ ശ്വസമടങ്ങും വരെ ആ സൗഹൃദം ...
മറവി എന്ന മൂന്നക്ഷരം എന്‍റെ നിഖണ്ടുവില്‍ ഇല്ലല്ലോ ...
പിന്നെ ഞാനെങ്ങിനെ മറന്നു വെന്ന് നീ പറയും ...... 

Wednesday, January 15, 2014

ഒരു രാജ കാലം ............

                            ഓരോ നബിദിനവും എന്നെ പഴയ ആ മദ്രസ്സ കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്നു ,,
നബിദിനത്തിന്‍റെ ഒരു മാസം മുമ്പേ തുടങ്ങും കഥയും പ്രസംഗവും പാട്ടും ഒക്കെ കണ്ടെത്താനുള്ള ഓട്ടം , ആര്‍ക്കും കിട്ടാത്തത് കിട്ടണമെന്നും അതാര്‍ക്കും പിന്നെ കിട്ടരുതെന്നും ആഗ്രഹിക്കുന്നത് ആ പ്രായത്തിന്റെ പക്വതയില്ലായിമ , ഞാനും കൂട്ടിന് മുഹ്സിനും ശാഹുലും , പങ്കെടുക്കുന്നതിനൊക്കെ ഫസ്റ്റ് കിട്ടണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹം എന്ന് പറഞ്ഞാല്‍ പോരാ അത്യാഗ്രഹമായിരുന്നു , മിക്കവാറും ഫസ്റ്റ് തന്നെ കിട്ടിയിരുന്നു ,,അതൊക്കെ കിട്ടിയിട്ട് ഒരു നടതമുണ്ട് ...ക്ലാസ്സിലെ പെണ്‍കുട്ടികളുടെ മുമ്പിലൂടെ ...ഓ ....ഓര്‍ക്കാന്‍ തന്നെ നല്ല സുഖം ...


തലേ  ദിവസം കിടക്കാന്‍ നേരം നാളെ സുബ്ഹിക്ക് മുമ്പേ വിളികണമെന്നു ഉമ്മാനെ ശട്ടം കെട്ടിയിട്ടാണ് ഉറങ്ങാറ് ..ഉറങ്ങുമ്പോള്‍ പോലും മനസ്സില്‍ നാളെയുടെ രംഗങ്ങള്‍ ആയിരിക്കും , അങ്ങിനെ ഉമ്മാന്റെ വിളി കേട്ടുണര്‍ന്നു വേഗത്തില്‍ കുളിച്ചു പുതിയ  വെള്ള കുപ്പായവും തുണിയും ധരിച്ചു ഉപ്പ ദുബായീന്ന് വന്നപ്പോള്‍ ഇന്നത്തേക്ക് വേണ്ടി മാത്രം മാറ്റി വെച്ച ഓട്ടയുള്ള പുതിയ തൊപ്പി ധരിച്ചു അത്തര്‍ പൂശി കണ്ണാടിയുടെ മുമ്പില്‍ ചെന്ന് ഒരു നോട്ടമുണ്ട് ,,
ഓ ഇജ്ജു പെണ്ണ് കാണാന്‍ പോവല്ലേ ...മതിയെടാ ചെക്കാ ..ജാഥ അന്നേ കാത്തു നിക്കൂല ...വാണെങ്കി വേഗം പോയിക്കോ ....ഉമ്മ വിളിച്ചു പറഞു കൊണ്ടിരുന്നു ....
ഓളും ഉണ്ടാവോല്ലോ അവിടെ ഒന്ന് അടിപോളിയായിട്ടു പോണ്ടേ ഉമ്മാ ...എന്നും മനസ്സില്‍ പറഞ്ഞു ...വീട്ടില്‍ നിന്ന് ഇറങ്ങി ..മദ്രസ്സയിലേക്ക് ...
എന്തെടാ വൈകിയത് മുഹ്സിന്‍ ചോതിച്ചു ...ശഹുല്‍ എവിടെ അവനാ ഭാഗത്ത്‌ കാണും എന്റെ ചോദ്യത്തിനുത്തരമായി അവന്‍ പറഞ്ഞു ...
ജാഥ പോകാന്‍ റെഡിയായി ...മുമ്പിലെ ജീപ്പില്‍ കമ്മിറ്റിക്കാര്‍ ...പിറകെ വലിയ ബാനറും പിടിച്ചു കുട്ടികള്‍ കുറച്ചു പിന്നിലായി ജീപ്പില്‍ ഞാനും ശഹുലും മുഹ്സിനും ....
പിന്നെ ആകെ ദിക്റുകളും ബൈതുകളും പാട്ടുകളും കൊണ്ട് മുകരിതമാകും അന്തരീക്ഷം ....
വഴിയരികില്‍ വെച്ച് മിഠായി യും സര്‍ബത്തും മറ്റും തരുന്നവര്‍ക്ക് നന്ദി പറഞും സ്വാഗതം പറഞും ഞങ്ങള്‍ യാത്ര തുടര്‍ന്നു ....
തിരികെ മദ്രസ്സയില്‍ എത്തുന്നത്‌ 11 മണിക്ക് ....പിന്നെ അവിടെന്നു ആരോ റൂട്ട് ബിസ്കറ്റും ചായയും കുടിച്ചു പിരിയും ....
4 മണിക്ക് നേര്ച്ച ചോറ് വാങ്ങിക്കാന്‍ പോകണം ....
ഞാന്‍ അവിടെ എത്തിയപ്പോള്‍ സമയം വൈകി പോയിരുന്നു ,,,ആകെ ബഹളം .....ഞാന്‍ നീണ്ട വരിയിലെ പിന്നില്‍ നിന്ന് .....കുറച്ചു കഴിഞു കാണും ആരോ എന്നെ കണ്ടു ...കമ്മിറ്റി യിലെ ആരോ ആണ് ....
എടാ ഇവിടെ വാ ...
ഞാന്‍ മെല്ലെ അങ്ങോട്ട്‌ ചെന്ന് ....
ഇജ്ജാ കുഞ്ഞലവിക്കാന്റെ മോനല്ലേ ...
ആ ..എന്റെ ഉത്തരം കേട്ടതും ,,,
അയാള്‍ ...ഇജു വരി നിക്കണ്ട ..ങ്ങട് വാ ..എന്നും പറഞ്ഞു എന്നെ വിളമ്പുന്ന സ്ഥലത്തേക്ക് കൊണ്ട് പോയി ...
പോകുന്ന സമയം അദ്ദേഹം പറഞ്ഞു ...എടാ പഹയാ ..അന്റെ ഉപ്പാന്റെ പുരയല്ലേ ഇത് ..ഇവിടെ വെച്ച് ചോറ് ഉണ്ടാകുമ്പോള്‍ ഇജ്ജു എന്തിനാണ് വരി നില്‍ക്കുന്നതു ...
എന്നും പറഞ്ഞു എന്റെ കയ്യില്‍ ഉണ്ടായിരുന്ന ചെറിയ ബക്കറ്റു വാങ്ങി ...
വിളംബുകാരന് കൊടുത്തു ....ന്നാ ഇത് നമ്മളെ കുഞ്ഞലവിക്കാന്റെ മോനാ ..
ഇട്ടോടുക്ക് എന്ന് അയാളോട് പറഞു ....
നിറച്ചു വിളമ്പി തന്നു ..ഞാനെന്റെ പിന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടികളുടെ മുഖത്തേക്ക് നോക്കി ....കുറെ നേരമായികാനും നില്‍ക്കാന്‍ തുടങ്ങീട്ടു ...പാവങ്ങള്‍ ....
ഞാന്‍ അന്നേരം രാജാവായി മാറി ...
അറിയാതെ ഒരു ഗൌരവം മുഖത്ത് പാറിയെത്തി ....
എന്റെ വീടിന്റെ മുറ്റത്ത്‌ വെച്ചാണല്ലോ ചോറ് ഉണ്ടാക്കുന്നതു ...
പിന്നെന്തു കൊണ്ട് എനക്ക് അഹങ്കരിചൂടാ ....
ഞാനെന്തിനു വരി നില്ല്കണം .....
കുറച്ചു നേരത്തേക്ക് ....എന്റെ മുഖത്തേക്ക് ഒരു മുതലാളിയെ കണ്ട പോലെ നോക്കുന്ന എന്റെ മദ്രസ്സയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുമ്പില്‍ ഞാനെന്റെ ഗൌരവത്തിനു കനം കൂട്ടി .....
അവര്‍ തന്നെ വിളിച്ചു തന്ന ഓട്ടോയില്‍ കയറി വീട്ടിലേക്കു പോകവേ ..
ഞാനൊന്ന് കൂടി തിരിഞ്ഞു നോക്കി .....ഉടമസ്ഥനെ പോലെ ........
ഓര്‍മ്മകള്‍ ആനന്ദമാണ് .....അത് നമ്മെ ഒരു പ്രത്യക നിലയിലെതിക്കും ...
എന്റെ ഓര്‍മകളെ ഞാന്‍ താലോലിക്കുന്നു .....
എല്ലാവര്ക്കും നബിദിനാശംസകള്‍ ..........
                                                         
                                                                                        സ്വന്തം സക്കീര്‍ കാവുംപുറം ........ 

Tuesday, December 31, 2013

എന്‍റെ 2013...............

             ജീവിച്ചു പോന്ന സ്ഥാപനത്തിന്‍റെ താഴിട്ടു പൂട്ടി കൊണ്ടായിരുന്നു 2012 കൊഴിഞ്ഞത് , അനിവാര്യമായ കാരണം കൊണ്ടായിരുന്നു അങ്ങിനെ സംഭവിച്ചത് , പിന്നീടുള്ള അഞ്ചു മാസം ഒരു പുതിയ മേച്ചില്‍ പുറത്തിന്‍റെ തുടക്കതിനാവശ്യമായ കാരണങ്ങള്‍ ക്ക് വേണ്ടീട്ടായിരുന്നു, ഒടുവില്‍ അഞ്ചു മാസത്തിന്‍റെ ഇടവേളയ്ക്കു ശേഷം അതിനു തുടക്കം കുറിച്ചു,
2013 ന്‍റെ ഒടുക്കത്തില്‍ തിടുക്കത്തില്‍ പറയാന്‍ എന്തൊക്കെയാണ് എനിക്ക് 2013 തന്നത് , ഒത്തിരി പുതിയ സൌഹൃദങ്ങളും ബന്ധങ്ങളും സമ്മാനിച്ച ഈ വര്ഷം ...മറവിയുടെ ആഴങ്ങളിലേക്ക് നൂണ്ടു പോയ പഴയ കുറച്ചു ചങ്ങായിമാരെയും ....

പ്രണയത്തിന്‍റെ പൂമ്പൊടി വിതറി പറയാന്‍ മാത്രം ധൈര്യമില്ലാതെ പോയ കൂട്ടുകാരിയും ഈ വര്‍ഷത്തിലെ എന്‍റെ പ്രിയപ്പെട്ട വിഭവങ്ങളാണ് .. മുഖപുസ്തകത്തിലെ ഫോട്ടോയില്‍ നിന്നും എന്നെ തിരിച്ചറിഞ് എനിക്ക് വിളിച്ച പഴയ കൂട്ടുകാരി ..നാല് കുട്ടികളുടെ ഉമ്മയായി സന്തോഷീവിതം നയിക്കുന്ന അവളിന്ന് എന്‍റെ ഒരു നല്ല കൂട്ടുകാരിയാണ്‌ ...

നിസില്‍ ഷറഫ് എന്ന കഥാ കാരനെ പരിജയപ്പെട്ടത്‌ കഴിഞ്ഞ വര്‍ഷത്തിലാണ് ..അദ്ധേഹത്തിന്റെ ഓറഞ്ച് നിറമുള്ള പെണ്‍കുട്ടി എന്ന പ്രണയ കതോപഹാരം വായിച്ചതും 2013 ല്‍ തന്നെ ...

അക്ഷരങ്ങള്‍കൊണ്ട് മനോഹരമായ മാലകള്‍ സൃഷ്ട്ടിച്ചു വായനക്കാരന്‍റെ മനം നുകരുന്ന ലത്തീഫ് നെല്ലിചോടെന്ന സുഹൃത്തിനെ എനിക്ക് കാണിച്ചു തന്നത് എന്‍റെ പ്രിയ അഷ്‌റഫ്‌ വളാഞ്ചേരി ആണ് ...ഇന്ന് ലത്തീഫിന്റെ ആയിരകണക്കിന് വരുന്ന ആസ്വാദകരില്‍ ഒരാളാണ് ഞാനും .
..
ജലീല്‍ സാഹിബ് വഴിയാണ് അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കുന്നത്‌ കണ്ടത് ...പുസ്തകത്തില്‍ പെരെഴുതിയില്ലെങ്കിലും ഞാനിന്നു അബ്ബാസിന്റെ ഒരോന്നു സൂക്ഷമമായി വായിക്കുന്നു ....

2013 ന്‍റെ ഒടുവിലെ മാസത്തിലാണ് നെല്ലിചോടിലൂടെ ഒരു കൂട്ടുകാരിയെ കിട്ടുന്നത് , നാലുമുറി ചുമരുകള്‍ തന്റെ ലോകമാക്കി മാറ്റിയ പുസ്തകത്തിനെ മാറോടടുക്കി പിടിച്ച ആ പെണ്‍കുട്ടി ഇന്നെന്റെ പിറക്കാതെ പോയ അനിയതിയാണ് ......

പിന്നെ അറിയാതെ എന്‍റെ പേജിലേക്ക് കടന്നു വന്നു , ഇന്നെന്റെ ഒരു നല്ല സുഹൃത്തായി മാറിയ എന്‍റെ സ്നേഹിതന്റെ സഹോദരി ......

ശംനാസിന്റെ ദി ലൈറ്റ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കാണാന്‍ മുഹീന്‍ തിരൂര്‍ക്കാടാണ് വഴികാട്ടിയായത് ...ബുദ്ധിമാന്ദ്യം  സംഭവിച്ച മക്കളുടെ കാര്യങ്ങള്‍ പ്രതിപാതിക്കുന്ന ആ ചിത്രം പിന്നെ യു ടൂബില്‍ കണ്ടപ്പോള്‍ നല്ലൊരു സന്ദേശമായി തോന്നി ..അവിടെ വെച്ച് ശംനാസിനെയും ഷൌക്കത്ത് ഇടപ്പാളിനെയും സകീരിനെയും രഹ്മതുള്ള നാനിയും ഒക്കെ പരിജയപെട്ടു ..സന്തോഷം തോന്നി ..

2013 മുഴുവന്‍ ഞാനീ മണല്‍ നാട്ടില്‍ ആയിരുന്നില്ല ..ഒരു നാല് ദിവസം നാട്ടിലേക്ക് അനിയന്റെ കല്യാണത്തിന് .കല്യാണദിവസം എല്ലാവരെയും കാണാ പറ്റും ...കുടുംബവും കൂട്ടും നാട്ടുകാരും എല്ലാരേം ..
.
നന്മ വളാഞ്ചേരി യുടെ സംഗമം നടന്നതും ഈ കൊല്ലത്തിന്‍റെ പകുതിയില്‍ ആയിരുന്നു , മനസ്സിന് വളരെ സന്തോഷം തരുന്നതായിരുന്നു ആ ദിനം ...ഓര്‍മയുടെ തീരത്ത് മങ്ങി കിടന്ന ഒത്തിരി മുഖങ്ങള്‍ക്കു ആ കൂടി ചേരല്‍  നിറം നല്‍കി ...

എനിക്ക് ഒത്തിരി നല്ല സുഹൃത്ത്ക്കള്‍ ഈ വര്ഷം വിരുന്നു വന്നു ..നിറം പിടിപ്പിച്ച കതകള്‍ക്കപുറത്തു യഥാര്‍ത്ഥമായ ജീവിതത്തിന്റെ പച്ചപ്പുകള്‍ കാണിച്ചു തന്ന ഒത്തിരി വനിതകള്‍ ..
പേര് മാറി വേറെ പേര് വെച്ച് സൌഹൃധതിനു മറ്റൊരു അര്‍ഥം കണ്ടെത്തി അതില്‍ വിജയം കൊണ്ട കുറച്ചു പേര്‍ ...
എന്‍റെ പോസ്റ്റുകള്‍ക്ക് അനുകൂലിച്ചും പ്രതി കൂലിച്ചും കടന്നു വന്നു എന്‍റെ സൌഹൃദ ലിസ്റ്റില്‍ സ്ഥാനം പിടിച്ച ഒത്തിരി നല്ല സുഹൃത്തുക്കള്‍ ...

എന്‍റെ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്ത പോസ്റ്റ് കെട്ടി ജലീല്‍ സാഹിബിന്റെ മകളുടെ നിക്കാഹു ഫോട്ടോ 1673 പേര്‍ ഷെയര്‍ ചെയ്തതാണ് ..
ഞാനിഷ്ട്ടപെടുന്ന ബഹുമാനിക്കുന്ന ജലീല്‍ സാഹിബിന്‍റെ ചിത്രത്തില്‍ നിന്ന് തന്നെ ഇത്രത്തോളം പ്രതികരണം കിട്ടിയത് എന്നെ സന്തോഷവനാക്കുന്നു ..
എല്ലാര്‍ക്കും എല്ലാവരോടും ഇഷ്ട്ടപെടാനാകില്ലല്ലോ ....എന്‍റെ കണ്ണും മനസ്സും കാണുന്ന ഇഷ്ട്ടം ആകില്ല മറ്റൊരാളുടെ ഇഷ്ട്ടങ്ങള്‍ ...

ഞാനെന്‍റെ ഇഷ്ട്ടവും സന്ദേഹങ്ങളും വിചാരങ്ങളും ആണ് എന്‍റെ പേജില്‍ പകര്‍ത്തുന്നത് ...അതിനു ലഭിക്കുന്ന ഇഷ്ട്ടവും അനിഷ്ട്ടവും ഞാന്‍ ആസ്വാധിക്കുന്നു ...

ഒത്തിരി നല്ല സുഹൃത്തുക്കള്‍ ...ഇതു വരെ കണ്ടിട്ടിലാത്ത പ്രൊഫൈല്‍ ചിത്രങ്ങളില്‍ മാത്രം കണ്ട പരിചയം ഉള്ള  സൌഹൃദങ്ങള്‍ ...അത് മായാതിരിക്കട്ടെ ....

മനസ്സില്‍ ബഹുമാനിക്കുന്ന ഒത്തിരി സഹോദരന്മാര്‍ ..കമന്റുകളില്‍ ഐക്യവും അനൈക്യവും ഉണ്ടാകുന്നുവെങ്കിലും അവരോടുള്ള മനസ്സില്‍ രൂപം കൊടുത്ത ആദരവ് ഉണങ്ങുന്നില്ല ....

മനസ്സിന്‍റെ അകത്തളത്തില്‍ മങ്ങാതെ കിടക്കുന്ന ചിലത് മാത്രമാണ് ഇവിടെ കുറിച്ചത് , ഒരു പക്ഷെ ഇതിലും വലുത് മറവിയുടെ തീരത്ത് വിശ്രമിക്കുന്നുണ്ടാകാം ...ഓര്‍മയില്‍ തെളിയുന്ന നിമിഷം ഞാനത് പകര്‍ത്താന്‍ ശ്രമിക്കാം ....

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍..............
സ്വന്തം സക്കീര്‍ കാവുംപുറം ..........




Wednesday, December 18, 2013

എന്‍റെ കൂട്ടുകാരി .........

                      പച്ച പട്ടു വിരിച്ച  പോലെ വിശാലമായി പരന്നു കിടക്കുന്ന ഈ നെല്‍വയല്‍ കാണുമ്പോള്‍ മനസ്സിനും ഒരു കുളിരാണ് ..ഇവിടന്നു നോക്കിയാല്‍ കാണാം നന്ദുന്റെ വീട് ..പക്ഷെ ഇനിയും കുറച്ചു കൂടി നടക്കണം അവിടെ എത്താന്‍ ..വീതി കുറഞ്ഞ പാട വരമ്പിലൂടെ നടന്നു ശീലമില്ലാത്തതിനാല്‍ ആകാം വേഗത്തില്‍ നടക്കാന്‍ പറ്റാത്തത് ,

എന്തിനാകും അവള്‍ കാണണമെന്ന് പറഞ്ഞത് , മനസ്സ് വെറുതെ ചിന്ത തുടങ്ങി ..പതിനഞ്ചു വര്ഷം കഴിഞ്ഞു കണ്ടിട്ട് ,,അതിനിടയില്‍ രണ്ടോ മൂന്നോ കത്തുകള്‍ അത് മാത്രമായിരുന്നു ബന്ധം ..ഇതീപോ കഴിഞ്ഞ തിങ്കളാഴ്ച വന്ന വന്ന കത്തില്‍ കുറച്ചു വരികള്‍കിടയില്‍ അവള്‍ ഇങ്ങിനെ എഴുതി ...
എനിക്കൊന്നു കാണണമെന്നുണ്ട് വരുമോ ?...ഞാനെന്‍റെ വീട്ടിലുണ്ട് കുറച്ചു ദിവസമായിട്ട്...
അപ്പൊ ഭര്‍ത്താവോ ? അറിയാതെ മനസ്സ് ചോതിച്ചു ...
മറുപടി അയച്ചില്ല ..നേരിട്ട് കാണാമല്ലോ എന്ന് കരുതി ..
കാണണം എന്ന്പറഞ്ഞ ദിവസം ആണിന്നു ..
കാലുകള്‍ക്ക് ഞാനറിയാതെ വേഗത കൂടിയോ ?

പാടത്തിനു നടുവില്‍ ഒരു കൂട്ടം വെള്ള കൊക്കുകള്‍ എന്തിനോ തിരയുന്നത് പോലെ തലയും താഴ്ത്തി നടക്കുന്നു ..പാട വരമ്പില്‍ വിശ്രമിക്കാന്‍ കയറി കിടന്നിരുന്ന തവളകള്‍ എന്‍റെ വരവ് കണ്ടിട്ടാകാം വെള്ളത്തിലേക്ക്‌ തന്നെ ഞ്ഞൂണ്ടിറങ്ങി ...കുറച്ചകലെ ജോലിയെടുത്തിരുന്ന പെണ്ണുങ്ങള്‍ തലയുയര്‍ത്തി എന്നെ നോക്കി ഞാനൊന്നു ചിരിച്ചു കാണിച്ചു ...അവര്‍ പകരം ചിരിക്കുന്നതിനു പകരം എവിടെക്കാ ? എന്നുള്ള ചോദ്യം ഉയര്‍ത്തി ..
ഞാന്‍ നന്ദിനിയുടെ വീട്ടിലേക്കാ ...
ആരാ .....
ഞാനൊരു ഫ്രണ്ട് ആണ് ...
ആര് ..
ഒരു കൂട്ടുകാരന്‍ ...
ആ ..ആര് വന്നിട്ടെന്താ .....?
അവര് വീണ്ടും തല താഴ്ത്തി ജോലിയെടുക്കാന്‍ തുടങ്ങി ..
അവര്‍ പറഞ്ഞ അവസാന വാചകം മനസ്സിലുടക്കി ..
ആര് വന്നിട്ടെന്താ .....
എന്താണ് മനസ്സ് ഉദ്യോഗ ജനകമായി ....എന്തോ ഒരു ഇഷ്ട്ടമില്ലാത്തത് കേള്‍ക്കാനാണ്‌ അല്ലെങ്കില്‍ കാണാനാണ് ഞാന്‍ പോകുന്നതെന്ന് മനസ്സ് പറഞ്ഞു ...
പടിപ്പുരയുടെ മുമ്പില്‍ ഒന്ന് നിന്നു ...അകത്തേക്ക് നോക്കി , മുറ്റം ശൂന്യം ...ആരുമില്ലേ ഇവിടെ മനസ്സ് ചോതിച്ചു ..
മെല്ലെ കാല്‍ അകത്തേക്ക് വെച്ച് നടന്നു ...
വരാന്തയില്‍ വെച്ചിരുന്ന മണിയെടുത്തു ഒന്നിളക്കി ...ശബ്ധിപ്പിച്ചു ...
ആകെ ഒരു തരാം നിശബ്ധത ....
വാതില്‍ തുറക്കുന്നുണ്ട് പഴയ തറവാടായതിനാല്‍ ആകും ..ഒരു മുരള്‍ച്ച ..
ഒരു പെണ്‍കുട്ടി ...
ആരാ അവള്‍ ചോതിച്ചു ..
ഞാന്‍ ...നന്ദു ....മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല ....കയറിയിരിക്കൂ ഞാന്‍ ഇപ്പോള്‍ വരാംട്ടോ ....
അവള്‍ അകത്തേക്ക് ഓടി പോയി ....
ഞാനവിടെ കിടന്നിരുന്ന ചാര് കാസരയില്‍ ഇരുന്നു ...ചുറ്റും നോക്കി ...
ആകെ പഴകിയിരിക്കുന്നു തറവാട് ..ആ പ്രൌഡിയും എല്ലാം നഷ്ട്ടമായിരിക്കുന്നു ...എന്ത് പറ്റി ...
അകത്തേക്ക് വിളിക്കുന്നു ....എന്ന് പറഞു ആ കുട്ടി വാതില്‍ക്കല്‍ വന്നു തലയാട്ടി ...
ഞാനവളുടെ പിറകെ മെല്ലെ നടന്നു ...ഒരു മുറിയില്‍ കടന്നു ..കരന്റില്ലാഞ്ഞിട്ടാണോ എന്തോ ..
തുറന്നിട്ട ചെറിയ ജന വാതിലിലൂടെ അതിഥിയായി എത്തുന്ന ചെറിയ വെളിച്ചത്തിന്റെ വെട്ടത്തില്‍ ഒരാള്‍ കട്ടിലില്‍ തലയണ ഉയര്‍ത്തി അതില്‍ തല വെച്ച് കിടക്കുന്നു ....
എന്‍റെ നന്ദൂ ....അറിയാതെ മനസ്സ് പറഞ്ഞു പോയി ....
മനസ്സങ്ങിനെയാണ് നമ്മുടെ ഇഷ്ട്ടങ്ങളെ അത് കാത്തു സൂക്ഷിക്കും ...ഒരു കെടാവിളക്ക് പോലെ ..എന്നിട്ട് ആവശ്യത്തിനു ഉപയോഗിക്കും ...
അവളൊന്നു പുഞ്ചിരിച്ചു ..എന്താണ് വന്നകാലില്‍ നില്‍ക്കുന്നത് ഇരിക്ക് ...
അവളുടെ സമീപം ചാരി വെച്ച ഒരു പഴയ ഇരുമ്പ് കസാര ഞാന്‍ നിവര്‍ത്തി അതില്‍ ഇരുന്നു ....
ഞാന്‍ അവളെ നോക്കിയിരുന്നു ..ഒന്നും മിണ്ടാനാകാതെ ...
എന്താണ് ഒന്നും മിണ്ടാത്തത് ..പണ്ടത്തെ പോലെ തന്നെ ...അതും പറഞു അവള്‍ ചിരിക്കാന്‍ ശ്രമിച്ചു ...
അതെ പഠിക്കുന്ന കാലത്തും ഇങ്ങിനെ തന്നെയായിരുന്നുവല്ലോ ഞാന്‍ ...കുറെ പറയാനുണ്ടെന്ന് പറഞു കൊണ്ട് ഞാനും നന്ദുവും നടക്കാന്‍ പോകും ..പിന്നെ സംസാരിക്കുന്നത് മുഴുവന്‍ അവളായിരിക്കും ....
അതവള്‍ ഇന്നും മറന്നിട്ടില്ല ...
എന്തു പറ്റിയെടോ ? ഇത് ....
അവളൊന്നും പറഞ്ഞില്ല ...ചുമ്മാ പുഞ്ചിരിയോടെ എന്നെ നോക്കി കിടന്നു ..പിന്നെ മെല്ലെ തല ചെരിച്ചു ചെറിയ ജനലിലൂടെ പുറത്തേക്കു നോക്കി ...

കുറച്ചു നേരം മൌനം ഞങ്ങള്‍ക്കിടയില്‍ അതിഥിയായി എത്തി .....
ഞാന്‍ തന്നെ ആ മൌനത്തെ മുറിച്ചു ...നന്ദൂ ....
അവള്‍ ചെരിഞ്ഞെന്നെ നോക്കി ....അപ്പോഴേക്കും ആദ്യം കണ്ട ആ പെണ്‍കുട്ടി മരുന്നുമായി എത്തി ചേച്ചി ഇതങ്ങട് കുടിച്ചേ ...
നീ അവിടെ വെച്ചേക്ക് ദീപേ ....ഞാന്‍ കുടിചോളാം...
അതും പറഞ്ഞവള്‍ എന്നെ നോക്കി ചിരിച്ചു ...
ആ കുട്ടി അതവിടെ വെച്ചിട്ട് പോയി ....
എന്താ മരുന്ന് കഴിക്കാത്തത് ...
ഇപ്പൊ എനിക്ക് ഒരസുഖവുമില്ലല്ലോ ....
നല്ല സുഖം തോന്നുന്നു ..ഒരു പക്ഷെ നിന്നെ കണ്ടത് കൊണ്ടാകാം ...
ഞാന്‍ ചുമ്മാ ചിരിച്ചു ....

എവിടെയായിരുന്നു ഇത്രയും കാലം ..ഇത് വരെ ഒന്ന് കാണണമെന്ന് തോന്നീലേ നിനക്ക് ..അവളുടെ ശബ്ദത്തിനു കനം തീരെ കുറവായിരുന്നു ...
ഉണ്ടായിരുന്നു പക്ഷെ പറ്റിയില്ല ....വരാനൊത്തില്ല ..
ഞാന്‍ പറഞ്ഞു ...
അവള്‍ കളിയാക്കി പറഞ്ഞു ,
ഓ വല്യ തിരക്കുള്ള ആളല്ലേ ...
ഏയി അതല്ലടാ ...
നീ എവിടെയാണ് എന്ത് ചെയ്യുന്നു എന്നൊക്കെ ഓര്‍ക്കാറുണ്ടായിരുന്നു ..പക്ഷെ അറിയാനോതില്ല ...അതിനിടയിലാ നിന്‍റെ എഴുത്ത് കിട്ടിയത് ...
അപ്പൊ തന്നെ പോന്നു ....
എന്താ ഈ കിടപ്പ് എന്ത് പറ്റിയെടാ ...
ഉം കിടപ്പ് തുടങ്ങീട്ടു രണ്ടു വര്‍ഷമായി ....
എനിക്കിപ്പോ ഈ നാല് മുറി ചുമരിനുള്ളിലാണ് ലോകം .... വിശേഷങ്ങള്‍ പറഞ്ഞു തരാന്‍ ദീപയുണ്ട് ...പുറത്തെ ഭംഗി  കാണാന്‍ ദാ ഈ ജനാല യുണ്ട് ..
പിന്നെന്താ ...
ഞാനൊന്നും പറഞ്ഞില്ല ...
വെറുതെ അവളെ നോക്കിയിരുന്നു ...


മുഖത്തെ ആ ഭംഗിക്ക് ഇപ്പോഴും മാറ്റമില്ല ..എനിക്കിഷ്ട്ടമായിരുന്ന ആ കണ്ണുകള്‍ എന്നോടെന്തോ ചോതികുന്ന പോലെ ...
നീയെന്താ എന്നെ ആദ്യമായി കാണുന്ന പോലെ ഇങ്ങിനെ നോക്കുന്നത് .
ഏയി ചുമ്മാ ...
ഞാനൊന്ന് കൂടെ ഇരിക്കുന്ന കസാര അവള്‍കിടക്കുന്ന കസാരയുടെ സമീപത്തേക്ക് വലിച്ചിട്ടു ...
അവളുടെ കൈപടത്തില്‍ എന്‍റെ കൈ അമര്ത്തി പിടിച്ചു ...
അവള്‍ കൈ വലിച്ചില്ല ...
തല താഴ്ത്തി മെല്ലെ ചോതിച്ചു ...
എന്ത് പറ്റി എന്‍റെ നന്ദൂ ,,,,ഈ കിടപ്പ് കാണാന്‍ എനിക്ക് പറ്റുന്നില്ല ...
അവളുടെ കണ്ണുകള്‍ നിറഞ്ഞു ....

ഒരു ആക്സിടെന്റില്‍ അവളുടെ അച്ഛനും അമ്മയും അനിയനും പോയി അവള്‍ തനിച്ചായ കഥ ...അവള്‍ ഈ കിടപ്പ് അന്ന് മുതല്‍ തുടങ്ങിയ കഥ ...
കല്യാണം പറഞ്ഞ മുറ ചെറുക്കന്‍ പിന്നീടീ പടിപ്പുര കടന്നു വരാഞ്ഞതിനെ കുറിച്ച് ......
അവള്‍ പറയുകയായിരുന്നു നിറുത്താതെ ...
ഇരുട്ടറയില്‍ നിന്നും സൂര്യ വെളിച്ചം പെടുന്നനെ കണ്ട ഒരാളെ പോലെ ..
കഥകള്‍ മനസ്സിന്‍റെ അകതാരില്‍ ഒരുക്കൂട്ടി ഒടുവില്‍ പറയാന്‍ ഒരാളെ കിട്ടിയപ്പോള്‍ ആ കഥകള്‍ അവനിലേക്ക്‌ ചെരിഞ്ഞു കൊടുത്ത ടുട്ടു ചെക്കു എന്ന ചൈനീസ് കഥയിലെ പെണ്‍കുട്ടി യെ പോലെ ...
എല്ലാം പറഞ്ഞവള്‍ കരഞ്ഞു എല്ലാം കേട്ട് മുറിയുടെ വാതില്‍ക്കല്‍ നില്‍ക്കയായിരുന്ന ദീപയും തേങ്ങി ...
എനിക്ക് കരയാന്‍ കഴിഞ്ഞില്ല ...ഞാനെന്നെ തന്നെ വെറുത്തു ..ഇത്രയും കാലം ഇവളെ കുറിച്ചന്നോഷിക്കാന്‍ പോലും കൂട്ടാക്കാത്ത ഞാനെന്തു സുഹൃത്ത്‌ ...
ആ കൈകള്‍ വലിക്കാതെ ഞാന്‍ പറഞ്ഞു ..
സോറി നന്ദൂ ...
സോറി ...
എനിക്ക് നിന്‍റെ സുഹൃതായിരിക്കാന്‍ യോഗ്യതയില്ല ....

എനിക്കറിയാം നിന്നെ അതറിയാവുന്നത് കൊണ്ടല്ലേ ഞാന്‍ നിനക്ക് കത്തയച്ചത് ....
നിന്‍റെ മനസ്സ് എനിക്ക് മനസ്സിലാകും ...
എന്ന് പറഞ്ഞവള്‍ എന്‍റെ കൈ വിരലുകളില്‍ മെല്ലെ നുള്ളി നോവിക്കാന്‍ ശ്രമിച്ചു ...
നേരം സന്ധ്യയായി പോണില്ലേ ...
ഓ ഞാന്‍ ...നേരം പോയതറിഞ്ഞില്ല ...
മെല്ലെ എണീറ്റു...ഞാന്‍ നാളെ വരാം ....
ഇന്നിവിടെ നിന്നൂടെ തനിക്കു ....
നമുക്ക് പഴയ കഥകളൊക്കെ പറഞ്ഞിരിക്കാം ...
ഏയി അത് വേണ്ടടാ ...ഞാന്‍ പിന്നെ വരാം ...
അതും പറഞ്ഞു ഞാന്‍ അവളെ നോക്കി ...
അവളെന്നെ തന്നെ നോക്കി കിടക്കുകയായിരുന്നു ...
ഞാന്‍ മെല്ലെ നടന്നു , പടിപ്പുര കടന്നു പാഠം കടന്നു ..
റോഡരികില്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ ..
മനസ്സോര്‍ത്തു അവളെ ഞാനെന്തു പറഞ്ഞാണ് ഭാര്യക്ക്
പരിജയപ്പെടുത്തുക ...
വീട്ടിലെത്തിയപ്പോള്‍ വൈകിയിരുന്നു ...
എന്തെ ഇത്ര വൈകി എവിടെ പോയിരുന്നു ..
ഞാന്‍ ഞാന്‍ എന്‍റെ ഒരു കൂട്ടുകാരനെ കാണാന്‍ ..
എന്തിനാ ഏട്ടാ ..
എന്നോട് മറക്കുന്നത്, നിങ്ങള്‍ നന്ധൂനെ കാണാന്‍ പോയതല്ലേ ...
നന്ധൂനെ ..നിനക്കെങ്ങിനെ ?
ഞാന്‍ പിടിക്കപെട്ട കള്ളനെ പോലെയായി ..
 ....ഇന്ന് ഏട്ടന്റെ പോകറ്റിന്നു ആ കത്ത് കിട്ടുന്ന വരെ എനികറിയില്ലായിരുന്നു....
എന്നിട്ടെന്തു പറഞ്ഞു അവള്‍ ....സുന്ദരിയാണോ ?
ഞാനൊന്നും പറയാതെ തലയും താഴ്ത്തി ഇരുന്നു ...
അവളുടെ കാര്യങ്ങള്‍ ച്ചുരുകി പറഞ്ഞു .........
ഇനി എന്നേം കൂടെ കൊണ്ട് പോകോ ...
ഞാന്‍ തല ഉയര്‍ത്തി പറഞ്ഞു
തീര്‍ച്ചയായും ...
******************************************************
കാലം കടന്നു പോയി ..ഇന്ന് ഞങ്ങള്‍ ഒരുമിച്ചാണ് താമസം ..
ആരാരുമില്ലാത്ത നന്ധൂനെ കൂടെ കൂട്ടാന്‍ അവള്‍ക്കായിരുന്നു നിര്‍ബന്ധം ....
ഇന്ന് നന്ധൂന്റെ എല്ലാം കാര്യങ്ങളും നോക്കുന്നത് അവളാണ് ....
 എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും എന്‍റെ ഭാര്യ തന്നെയാണ് ,
ഒരിക്കല്‍ ഞാന്‍ അവളോട്‌ ചോതിച്ചു ..
എടൊ യഥാര്‍ത്ഥത്തില്‍ നിന്‍റെ ആരാണ് നന്ദു ...
എന്‍റെ ഏട്ടന്റെ പ്രിയം നിറഞ്ഞ കൂട്ടുകാരി ...
ആ മറുപടിയും കേട്ട് വീല്‍ചെയറില്‍ ഇരുന്നു നന്ദുവും ചിരിക്കുകയായിരുന്നു ...
കാലമാണ് സാക്ഷി എല്ലാത്തിനും കാലം മാത്രമാണ് സാക്ഷി ....


Wednesday, November 20, 2013

അമ്പലകുളം ........കഥ

    അമ്പലകുളത്തിന്‍റെ കടവില്‍ കാത്തിരിപ്പ്‌ തുടങ്ങീട്ടു കുറെ നേരമായി ..എന്തേ ഇവളെ കാണാതൂ..മോഹന്‍ ചിന്തിച്ചു ..എന്തായാലും ഇന്ന് അമ്പലത്തില്‍ വരുമ്പോള്‍ കാണണം എന്ന് പറഞ്ഞിട്ട് ..ഇനീപ്പോ വന്നീല്ലാന്നു വരോ ..ആ കുറച്ചു കൂടി നോക്കാം ..
ഒരു മണി കല്ലെടുത്ത്‌ കുളത്തിലേക്ക്‌ എറിഞ്ഞു ..പരല്‍ മീനുകള്‍ കൂട്ടമായി കല്ല്‌ വീണിടതെക്ക് പാഞ്ഞു വന്നു ..കുളത്തിന് മദ്ധ്യത്തിലായി രണ്ടു മൂന്നു താമര പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു , നിക്ച്ചലമായി കിടന്നിരുന്ന കുളത്തിലെ വെള്ളം എന്‍റെ കല്ലേറ് കൊണ്ടിട്ടാകണം ഇളകിയാടി പൊട്ടി ചിരിച്ചു ....

   ങാ വരുന്നുണ്ട് അവള്‍ ..മഞ്ഞ പാവാടയും ചുവപ്പ് ദാവണിയും ചുറ്റി അവള്‍ നടന്നു വരുന്നത് കണ്ടപ്പോള്‍ സാക്ഷാല്‍ ദേവി മയമായി തോന്നി ,
സോറീട്ടോ ..കാത്തു മുഷിഞ്ഞൂല്ലേ ...
ഞാനൊന്നമര്‍ത്തി മൂളി ...ഗൌരവം നടിച്ചു ...
ഞാന്‍ സോറി പറഞ്ഞില്ലേ പിന്നെന്താ ...അവളുടെ മുഖം വല്ലാതായി ...
ഞാനൊന്ന് ഇരുത്തി മൂളി ചോതിച്ചു .....
ഉം ന്താ കയ്യില് ...
അതെന്‍റെ കണ്ണന് കൊണ്ട് വന്നതല്ലേ എന്നും പറഞ്ഞവള്‍ എനിക്ക് നേരെ നീട്ടി ...അടപ്രഥമന്‍ ...
ഞാന്‍ കൈ നീട്ടി വാങ്ങിക്കാന്‍ തുനിഞ്ഞപ്പോള്‍ തന്നെ അവളതു പിറകിലേക്ക് വലിച്ചു ...
ആ നിമിഷം അവള്‍ നിന്നിരുന്ന കുളത്തിന്‍റെ പടവിലെ കല്ല്‌ ഇളകി അവള്‍ വീണു ............
കോരിയെടുത്തു ഓടുകയായിരുന്നു ..........

ആശുപത്രി കിടക്കയില്‍ ഒന്നും അറിയാതെ ജീവന്‍റെ നേര്‍ത്ത കണിക മാത്രം ബാക്കി വെച്ച് ആറു മാസം ....
ഒടുവില്‍ കുറെ കാലത്തെ ചികിത്സക്ക് ശേഷം ചെറിയൊരു മാറ്റം വന്നപ്പോള്‍ ഡോക്ടര്‍ മാര്‍ തന്നെയാണ് പറഞ്ഞത് ...
ഇനി കൊണ്ട് പോയിക്കോളൂ ....ക്രമേണ ക്രമേണ ശരിയാകാന്‍ സാധ്യതയുണ്ട് എന്ന് ,
ഇപ്പോള്‍ വീട്ടില്‍ രണ്ടു വര്‍ഷമായി കിടപ്പ് തന്നെ ...വല്ലപ്പോഴും വീല്‍ ചെയറില്‍ ഇരുത്തി ആരെങ്കിലും നടക്കും ...
അന്നൊരു ദിവസം അമ്മ അവളെയും കൊണ്ട് അമ്പലത്തില്‍ വന്നത് കണ്ടപ്പോള്‍ ഞാന്‍ അരികിലേക്ക് ചെന്നു ...
എന്നെ കണ്ടിട്ടാണോ അതോ ...അമ്മ വീല്ചെയരിലെ പിടി വിട്ടു അപ്പുറത്തേക്ക് മാറി നിന്ന് ...
അത് സമ്മതമെന്നു കരുതി ഞാനവ്ലെയും കൊണ്ട് അമ്പലകുളതിനരികിലേക്ക് നീങ്ങി , ....
കുളം കണ്ടപ്പോള്‍ എന്തോ അവളുടെ തല എന്‍റെ മേലേക്ക് ചായിച്ചു ...
ഞാനവളെ കുറച്ചു കൂടി കുളതിനരികിലേക്ക് കൊണ്ട് പോയി ....
എന്നിട്ടാ ചെവിയില്‍ മന്ത്രിച്ചു .....
ഒരു ചരടെടുത്തു ഞാനീ കഴുത്തില്‍ കെട്ടി കോട്ടെ .....
പെടുന്നനെ രണ്ടിറ്റു കണ്ണ് നീര്‍ എന്‍റെ കാല്‍ പാദങ്ങളെ ചുംബിച്ചു ...
കൊട്ടും കുരവയും ഇല്ലാതെ അബല കുളത്തെ സാക്ഷിയാക്കി ഞങ്ങള്‍ ഒന്നായി ...
എല്ലാം കണ്ടു അവളുടെ അമ്മ കുള പടവില്‍ നില്‍പ്പുണ്ടായിരുന്നു .....
ആ സമയത്ത് അവളുടെ ചുണ്ടില്‍ പഴയ ആ പുഞ്ചിരി വിടര്‍ന്നത് പോലെ എനിക്ക് തോന്നി ....
എനിക്കത് മതി .....
എനിക്കത് മതി ...
എന്‍റെ മനസ്സ് ഞാന്‍ അറിയാതെ പറഞ്ഞു ,.......

Monday, November 18, 2013

ഒരു എലി വരുത്തിയ വിന ........ആബിദും എലിയും ...

         ഇതിലെ  കഥാപാത്രം  ആണ് ആബിദ് ..എന്‍റെ സുഹൃത്ത്‌ , ഒത്തിരി തമാശകളും വര്‍ത്തമാനങ്ങളുമൊക്കെയായി നടക്കുന്ന ഒരു ചെറുപ്പക്കാരന്‍ ..ജോലി ചെയ്യുന്നത് ഒരു ട്രാവല്‍സില്‍,.....

അന്നും പതിവ്  പോലെ ആബിദ് ജോലി കഴിഞ്ഞു വന്നു  ..അടുക്കളയില്‍ കയറി ഉച്ചക്ക് ഉമ്മ ഉണ്ടാക്കി എടുത്തു വെച്ചിരിക്കുന്ന ചോറും കറികളും നന്നായി കഴിച്ചു {അവന്‍റെ ഏറ്റവും വലിയ ഹോബിയാണ് തീറ്റ }.ഒരു ഏമ്പക്കവും ഇട്ടു , വീടിനടുത്തുള്ള പാടത്തേക്കു നടന്നു , അവിടെ കൂട്ടുകാര്‍ ഇരിപ്പുണ്ടാകും , അവിടെന്നു സ്വ റ പറയലോക്കെ കഴിഞ്ഞു വീട്ടില്‍ ചെന്ന് കിടക്കാന്‍ ചുരുങ്ങിയത് പന്ത്രണ്ടു മണിയെങ്കിലും ആകും ..ഇതാണ് അവന്‍റെ ഒരു ദിവസം ....

അന്ന് കിടന്നു ഉറക്കം പിടിച്ചു ..അപ്പോള്‍ ആണവന് കാലില്‍ എന്തോ കടിക്കുന്നതായി തോന്നുനത് .എന്താത് കാലു ഇളക്കി തിരിഞ്ഞു കിടന്നു ..വീണ്ടും കടിക്കുന്നു വേഗത്തില്‍ ലൈറ്റ് ഇട്ടു നോക്കിയപ്പോള്‍ ഒരു എലിയതാ വീണ്ടും കടിക്കാനായി റൂമിന്റെ മൂലയില്‍ , വെഖം അതിനെ ആട്ടിയിറക്കി പുതപ്പിട്ടു ഉറങ്ങി , കാലത്ത് എണീറ്റ്‌ വേഗത്തില്‍ ജോലിക്ക് പോയി അവിടെ സുഹൃത്തുക്കളോടെ ഇന്നലത്തെ എലി സംഭവം വളരെ രസകരമായി അവന്‍ അവതരിപ്പിച്ചു , അപ്പോള്‍ ആണ് പ്രശ്നമായത്‌ അവര്‍ അവനോടു ആകെ പ്രശ്നമാണ് എലി കടിച്ചാല്‍ എന്നുംവേഗതിലൊരു ടീട്ടി അടിച്ചു പോരെ എന്നുമൊക്കെ പറഞ്ഞു പേടിപ്പിച്ചു . അത് വരെ കൂള്‍ ആയിരുന്ന ആബിദ്നു  ഇതൊക്കെ കേട്ടപ്പോള്‍ പേടിയായി തുടങ്ങി ...

വേഗത്തില്‍ തന്നെ അവിടെ അടുത്തുള്ള ഗവന്മേന്റ്റ് ആശുപത്രിയില്‍ പോയി നഴ്സിനോട് ടീട്ടി യുടെ കാര്യം പറഞ്ഞു ..അപ്പോള്‍ അവര്‍ അതിനാദ്യം ഡോക്ടര്നെ കാണണമെന്ന് പറഞ്ഞു , ആകെ പ്രശ്നമായി അവിടെ ആകെ തിരക്ക് ...അവനാകെ ചമ്മലായി ,,ആരും വേഗത്തില്‍ അറിയാതിരിക്കാന്‍ ഇന്‍സൈഡ് ഒക്കെ ഒഴിവാക്കി ടോക്കെന്‍ എടുത്തു ക്യുവില്‍ നിന്നു ,,
ആരും കാണരുതേ എന്ന് മനസ്സില്‍ പ്രാര്‍ഥിച് നില്‍ക്കുമ്പോളാണ് കാണുന്നത് ,
അതാ വരുന്നു ആയിച്ചുമ്മു താത്ത എന്ത് ചെയ്യും മാറാന്‍ നോക്കി പറ്റിയില്ല കണ്ടു ...അവര്‍ മകളെ വേറെ വരിയില്‍ നിര്‍ത്തി ധൃതിയില്‍ എന്‍റെ അടുത്തേക്ക് വന്നു ..
എന്താ ആബിദെ ഇജ്ജ് ഇബടെ ...എന്ന് ഉറക്കെ ചോതിച്ചു കൊണ്ട് ...
ഞാന്‍ മെല്ലെ വരിയില്‍ നിന്നും മാറി നിന്ന് സ്വകാര്യം പറഞ്ഞു ..
എലി രാത്രി കാലില്‍ ഒന്ന് കടിച്ചു അപ്പൊ ഒരു സൂജി വെക്കാന്‍ വന്നതാ ..ഇങ്ങള് ഇഞ്ഞുത് ആരോടും പറയണ്ട ...
ഇല്ലെടാ ഞാന്‍ ആരോടും പറീല ...
അങ്ങിനെ എന്റെടുത്ത്‌ നിന്നും പോയി മകള്‍ വരിനില്‍ക്കുന്നതിന്റെ തൊട്ടപ്പുറത്ത് ബെഞ്ചില്‍ അവരിരുന്നു ...
അപ്പോള്‍ അതാ മകള്‍ ചോതിക്കുന്നു ...
ഇമ്മാ എന്താ ആബിദിനു എന്ന് ...
അവര്‍ അത് കേള്‍ക്കുന്നതിനു മുമ്പേ തന്നെ ....
അവനെ ഇന്നലെ രാത്രി ഒരു എലി കടിച്ചത്രേ എന്ന് ഉറക്കെ അങ്ങ് പറഞ്ഞു ...
പോയില്ലേ പൂരം ...
വരിയില്‍ നില്‍ക്കുന്നവരും ഇരിക്കുന്നവരും എല്ലാവരും കൂടി എന്നെ വല്ല അല്ഭുധ ജീവിയെ കാണുന്നത് പോലെ എത്തി വലിഞ്ഞു നോക്കി ...
ഞാനാകെ വല്ലാതായി ..എന്‍റെ കയ്യിലിരുന്നു ടോക്കെന്‍ ഞെരിഞ്ഞമര്‍ന്നു ...
ഞാനാ ടോക്കെന്‍ കീറി കീറി കളഞ്ഞു ദേഷ്യം തീര്‍ത്തു ....വരിയില്‍ നിന്നും ഇറങ്ങി ഓടി ......