Thursday, September 18, 2014

സല്‍ക്കാരങ്ങള്‍ ...........

                      മോനേ ഡാ മോനേ കുറച്ചു നേന്ത്ര പഴം വാങ്ങി വന്നാ ..അളിയന്‍ വരുന്നുണ്ടത്രേ വൈന്നാരം , എന്തേലും മുന്നില്‍ വെച്ച് കൊടുക്കണ്ടേ ,,,
പണ്ടൊക്കെ ആരൊക്കെ വിരുന്നുകാര്‍ വന്നാലും അവര്‍ക്കുള്ള വിഭവത്തില്‍ പ്രധാനിയായി നേന്ത്ര പഴം എന്ന പേരില്‍ അറിയപെടുന്ന ഏത്തപഴം ഉണ്ടായിരുന്നു ..
                    അളിയന്‍ വരുന്നത് അഥവാ അന്നവിടെ നില്‍ക്കാനാണെങ്കില്‍ പിന്നെ എനിക്ക് പിടിപ്പതു പണിയാകും ..കോഴിയെ പിടിക്കണം അതിനെ ഓടിച്ചു പിടിക്കാന്‍ തന്നെ കുറെ നേരം വേണം , പിടിച്ചു കഴിഞ്ഞാല്‍ അറുക്കാന്‍ മുസ്ലിയാരെ തിരയണം .അറുത്ത് കഴിഞ്ഞാല്‍ അദ്ദേഹത്തിന് കൊടുക്കുന്ന ചില്ലാനത്തില്‍ നിന്ന് അഞ്ചു രൂപ അടിച്ചു മാറ്റാം എന്നത് മാത്രമായിരുന്നു ഏക ആശ്വാസം ..
                    അങ്ങിനെ നേന്ത്ര പഴവും കുറച്ചു ഹലുവയും തേങ്ങാ പൂളും അവില്‍ കുഴച്ചതും എല്ലാമായാല്‍ അടിപൊളിയായി ..അന്നേ അടിപൊളി എന്ന വാക്കില്ല ...കുശാലായി .....
പിന്നെ രാത്രി നെയിചോര്‍ കോഴി ക്കറി ആ കറിയില്‍ നിന്ന് തന്നെ ഉമ്മ വളരെ വിദഗ്ദ്ധമായി കുറച്ചു മാറ്റി വെച്ചിട്ടുണ്ടാകും ,പിറ്റേന്ന് രാവിലെ പത്തിരി ക്കൊപ്പം കൊടുക്കാന്‍ ..എല്ലാം കഴിച്ചു എബക്കവുംവിട്ടു കോലായില്‍ പത്രം വായിച്ചിരിക്കുന്ന അളിയനെ നോക്കി ഞാന്‍ നില്‍ക്കും ..മനസ്സില്‍ ഇന്നും ഇയാള്‍ പോണില്ലേ എന്നാകും ഉണ്ടാകുക .....
                         ഇത്താത്ത പോകാന്‍ വേണ്ടി ഒരുങ്ങുവാന്‍ തെയ്യാരെടുക്കുമ്പോള്‍ ഉമ്മ  ഉണ്ടാക്കിയ അച്ചാറുകളും ഉണ്ണിയപ്പവും പറമ്പില്‍ നിന്ന്  പപ്പായയും ചെമ്പും ചക്കയും മത്തനും ഒക്കെ പറിച്ചു ഓട്ടോറിക്ഷ വരുന്നതും കാത്തു നില്‍ക്കും ..ഓട്ടോ വന്നാലുടന്‍ എന്നോട് ഏടാ ഇതൊക്കെ വേഗം അതില്‍ കൊണ്ട് വെച്ചാ ...എന്നു പറഞ്ഞു ഉമ്മ വേഗത്തില്‍ ചെന്ന്ഡ്രൈ വറോട് സ്വകാര്യം പറയുന്നത്  കാണാം ..പിന്നെയാണ് അത് മനസ്സിലായത്‌ പൈസ ഒലോട് വാങ്ങണ്ട ..ഞാന്‍ തരാട്ടാ ..എന്നാവും ആ സ്വകാര്യം ....
അങ്ങനെ ഒരു വിതത്തില്‍ അളിയന്‍ യാത്രയാകും ...
ഉമ്മാ ഞാന്‍ ചായ കുടിച്ചിട്ടില്ല ...
എടാ ഇന്‍റെ മോനെ ഞാന്‍ മറന്നു ....വേഗം വാ ...എന്നും പറഞ്ഞു നടക്കുമ്പോള്‍ ..എപ്പോളെങ്കിലും അല്ലെ ഓല് വരലോള്ളൂ അപ്പൊ നമ്മള്‍ നന്നായി സല്കരിക്കണം ഇങ്ങിനെ സല്കരിചാലെ അന്‍റെ പെങ്ങള്‍ക്കവിടെ സുഖത്തോടെ ജീവിക്കാന്‍ പറ്റൂ ...എന്ന് ആത്മ ഗതം പോലെ പറയും ...
                          അന്നത്തെ ആ പത്തിരിയുടെയും കോഴിയുടെയും ഒക്കെ രുചി ഇന്നത്തെ സല്കാരങ്ങള്‍ക്കുണ്ടോ? എന്ന് സംശയം .....?

Tuesday, September 2, 2014

ബിരിയാണി ചെമ്പിലെ കാനോത്ത്.........കഥ

                             തുറന്നിട്ട  ജന  വാതിലിലൂടെ കാറ്റ് ചെറുതായി അകത്തേക്ക് കടന്നു വന്നു കൊണ്ടിരുന്നു , ഉമ്മച്ചി കമ്മുനിസ്ട്ടപ്പയുടെ ഇല പിഴിഞ്ഞ് അതിന്‍റെ നീര് മുറിവില്‍ വെച്ച് കെട്ടുമ്പോള്‍ പോലും ചീത്ത പറയുകയായിരുന്നു ,,കണ്ണും മൂക്കും നോക്കാതെ ഓടി കളിച്ചു നടന്നു കാലും മുറിച്ചു വന്നിരിക്കുന്നു ...അന്‍റെ വാപ്പ ഇങ്ങണ്ടു വരട്ടെടാ....ഞാന്‍ പറഞ്ഞു കൊടുക്കാ ....എല്ലാം കേട്ടിട്ടും ഒന്നും പറയാതെ ഞാന്‍ കിടന്നു ,അപ്പൊ പറഞ്ഞിട്ടും ഒരു കാര്യവുമില്ല ,,
കാലു വെച്ച്കുത്തി തള്ള വിരല്‍ തന്നെ മുറിഞ്ഞു ..നല്ല വേദനിക്കുന്നുമുണ്ട് ..കണ്ണടച്ച് കിടന്നു അപ്പോഴാണ്‌ വിരലില്‍ ആരോ മെല്ലെ തലോടുന്നത് പോലെ ..
 കണ്ണ് തുറന്നു നോക്കിയപ്പോള്‍ അപ്പുറത്തെ വീട്ടിലെ കളി കൂട്ടുകാരി സമീറ,,
നീയെന്താ ജനലിനിടയിലൂടെ അകത്തേക്ക് വാടി .....
ഞാന്‍ പിന്നെ വരാ ...ഞാനിപ്പോ മദ്രസ്സെന്നു വരാ ,,,നീയെന്തേ വരാഞ്ഞൂന്നു അറിയാന്‍ വന്നതാ ,,,നല്ല വേദനയുണ്ടോ ?
ഞങ്ങള്‍ ആണുങ്ങള്‍ക്ക് ഇതൊന്നും ഒന്നുമല്ല ..ഞാനൊന്ന് കനം കൂട്ടി പറഞ്ഞു ..
ഓ ഒരാണ് ....ഞാന്‍ വൈകുന്നേരം വരാന്നും പറഞ്ഞു അവള്‍ ഓടി പോയി .....

          ഞാനൊന്ന് മയങ്ങി ..വൈകുന്നേരം അവള്‍ തട്ടി വിളിച്ചപ്പോഴാണ് ഉണര്‍ന്നത് .പോത്ത് പോലെ ഉറങ്ങുന്നത് കണ്ടില്ലേ ...എണീക്കെടാ ....
നീ പോടീ .....ഇതെന്താനു നിന്റെ കയ്യിലൊരു പൊതി ...ഇത് നിനക്കുള്ളതാ എന്നും പറഞ്ഞവള്‍ അത് പുറത്തെടുത്തു ..ഒരു മരുന്ന് കുപ്പി..ന്‍റെ ഉപ്പ കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ കൊണ്ട് വന്നതാ ,,മുറി പെട്ടെന്ന് മാറും ...അതും പറഞ്ഞവള്‍ അതില്‍ നിന്നും കുറച്ചു മരുന്ന് മുറിവില്‍ പുരട്ടി ...
ഹാ നീറ്റല്‍ കാരണം ശബ്ദം ഉച്ചത്തിലായി .....അവള്‍ മുറിവില്‍ ഊതി തന്നു ...പിന്നെ കൈകൊണ്ടു മെല്ലെ കാലില്‍ തലോടി ..അവള്‍ കട്ടിലിനു താഴെ ഇരുന്നു ....എടാ ഞാന്‍ നിന്‍റെ ആരാ ....
നീ എന്‍റെ സുഹറ ......
അതാരാ സുഹറ...?
ബഷീറിന്റെ ബാല്യകാല സഖി വായിച്ചിട്ടില്ലേ ....അതിലെ കഥാ പാത്രങ്ങളാണ് മജീദും സുഹറയും ..
അപ്പൊ മജീദോ ? അവളുടെ ചോദ്യം ?
അത് ഞാന്‍ ............ അത് കേട്ടതും അവള്‍ അയ്യടാന്നും പറഞ്ഞു എണീറ്റ്‌ ഒരു നുള്ളലും തന്നു പുറത്തേക്കോടി ....
ഞാന്‍ ചിരിച്ചു ...പുറത്തു നിന്ന് ജനലിനു അപ്പുറത്ത് നിന്ന് അവള്‍ പറഞ്ഞു ..
മജീദെ ഞാന്‍ പോട്ടെ നാളെ വരാം ......
ഞാനൊന്നും പറയാതെ അവളെ നോക്കി ചിരിച്ചു ......
ചെറുപ്പം തൊട്ടേയുള്ളതാണ് ഞാനും അവളും തമ്മിലുള്ള കൂട്ട് .....
തൊട്ടടുത്ത വീടാണെങ്കിലും അവര്‍ വലിയ വീട്ടുകാരായത് കൊണ്ട് അവിടേക്ക് ഞാന്‍ വല്ലപ്പോഴുമേ പോകാറുണ്ടായിരുന്നുള്ളൂ  ,,പക്ഷെ സ്കൂളിലും മദ്രസ്സയിലും ഒരേ ക്ലാസ്സില്‍ ആയതു കാരണം ഞങ്ങള്‍  പണ്ട് മുതലേ ഒരുമിച്ചാണ് പോയിരുന്നതും വന്നിരുന്നതും ..
ഇന്ന് ഞങ്ങള്‍ അഞ്ചാം ക്ലാസില്‍ ....
അഞ്ചാം ക്ലാസുകാരന് സ്വപ്നം കാണാന്‍ പറ്റുമോ എന്നറിയില്ലായിരുന്നു ...പക്ഷെ ആദ്യം ബാലരമയിലെ മായാവിയിലെ രാജുവും രാധയും ആയിരുന്നു ഞങ്ങളെങ്കില്‍ അത് ഇന്ന് ബാല്യകാലസഖിയിലെ മജീദി ലും സുഹറയിലുംഎത്തിയിരിക്കുന്നു    ....അക്കാലത്ത് ഞങ്ങളെ നാട്ടില്‍ അവളുടെ വീട്ടില്‍ മാത്രമേ ടീവി ഉണ്ടായിരുന്നുള്ളൂ ..എല്ലാ വ്യാഴായ്ച്ചയും ചിത്രഗീതവും തിങ്കളാഴ്ച ടിപ്പു സുല്‍ത്താനും ദൂര്ധര്‍ഷനില്‍ കാണാന്‍ ഞാനെന്നും അവളുടെ വീട്ടിലേക്കു പോകും  ...

                              വര്‍ഷവും വേനലും മാറി മാറി വിരുന്നെത്തി, മഴയുള്ള ചില ദിവസങ്ങളില്‍ അവളുടെ ഉപ്പ കൊണ്ട് വന്ന പുള്ളികുടയുടെ താഴെ ഞാനും മഴ നനയാതെ സ്കൂളിലെത്തി ...
ഒരു ദിവസം ഇബ്രാഹിം ക്കാന്റെ കടയില്‍ നിന്നും വാടകക്കെടുത്ത സൈക്കിളുമായി ഞാന്‍ വീട്ടിലേക്കു വരുമ്പോള്‍ അവള്‍ മുമ്പില്‍ ...ഞാന്‍ നിര്‍ത്തിയതും അവള്‍ സൈക്കിളിന്‍റെ പിറകില്‍ കയറി ഇരുന്നു ..
വേണ്ടടാ ആരെങ്കിലും കാണും ....
മജീദിന്റെ സൈക്കിളില്‍ സുഹറാക്ക് ഇരിക്കാന്‍ പാടില്ലേ ...
ഇജ്ജു ഇരുന്നോ പക്ഷെ അതീ നടുറോഡിന്നു വേണോ ?
എന്‍റെ മറുപടി അവളെ പിണക്കി ....
എന്നാ കയറ് ....
അങ്ങിനെ ആ പാടത്തിനു നടുവിലൂടെ ഞാനെന്‍റെ സുഹറയേയും കൊണ്ട് നീങ്ങി .....
സൈക്കിള് ഒരു സൈഡില്‍ ഒതുക്കി ഞങ്ങള്‍ പാടത്ത് വെള്ളത്തില്‍ കാലു ഇറക്കി വെച്ചിരുന്നു ..അവളെന്‍റെ മുഖത്ത് നോക്കി ചോതിച്ചു ....
നിനക്കെന്നെ ഇഷ്ട്ടാണോ ?
ഞാന്‍ ഉത്തരം പറയാതെ അവളുടെ കൈകളില്‍ അമര്‍ത്തി....
കുറച്ചു നേരം ഞങ്ങള്‍ക്കിടയില്‍ മൌനം അതിഥിയായി എത്തി ...
പ്രണയത്തിന്‍റെ കൂട്ടുകാരനാണോ മൌനം .....
മെല്ലെ അവിടെന്നു എണീറ്റു സൈക്കിള്‍ തള്ളി കൊണ്ട് ഞങ്ങള്‍ നടന്നു ....
ഇന്ന് നമ്മള്‍ കുട്ടികളല്ല ..അതോര്‍മ്മ വേണം ..
എന്‍റെ വാക്കുകള്‍ ഞങ്ങള്‍ക്കിടയിലെ മൌനത്തെ ഇല്ലാതാക്കി ,,
അറിയാം ..എനിക്ക് വലുതാവണ്ട ..നിന്‍റെ കൈ പിടിച്ചു ഈ പാടത്തൂടെ പഴയ പോലെ ഓടി നടക്കണം ...അവളുടെ വാക്കുകള്‍ പതറിയിരുന്നു ....
എന്താടോ എന്തിനാ നീ കരയുന്നത് ...പ്രശ്നം പറ ...
എനിക്കാലോചന വരുന്നുണ്ട് ...
എട്ടാം ക്ലാസ്സിന്നോ ....ഇത്ര വേഗം അന്നേ കെട്ടി ക്കാന്‍ ആര്‍ക്കാ ഇത്ര ബേജാറ്..
ഉമ്മ ഉപ്പാനോട് ഫോണില്‍ പറയണ് കേട്ട് ...ഓള് വല്യ കുട്ടി ആയിക്കണ് ..കെട്ടിക്കണ്ടേ ..എന്ന് .........
ഞാനൊന്നും പറഞ്ഞില്ല ....
എട്ടാം ക്ലാസ്സുകാരന് എന്താണ് പറയാനുള്ളത് ....
കല്യാണം കഴിഞ്ഞു പോയാ ഇയ് ന്നെ മറക്കോ ..?
അത് കേട്ടതും അവള്‍ എന്‍റെ കൈപത്തി എടുത്തു ഉമ്മ വെച്ച് കൊണ്ട് ഏങ്ങലടിച്ചു ......
ഞാന്‍ പെട്ടെന്ന് ചുറ്റും നോക്കി കൈ വലിച്ചു ......
നടന്നു നടന്നു അപ്പോഴേക്കും അവളുടെ വീടെത്തിയിരുന്നു.....
തേങ്ങലിനിടയിലൂടെ പോട്ടെ എന്നും പറഞ്ഞവള്‍ ആ ഗേറ്റ് തള്ളി തുറന്നു അകത്തേക്ക് പോയി ...
പുറത്തു ഞാന്‍ തനിച്ചായി ,,,,
ഞാന്‍ ആലോചിച്ചു അവള്‍ പോയാല്‍ എനിക്കാരുണ്ട് കൂട്ടിന് ..
ഞങ്ങള്‍ കെട്ടിയ കിനാക്കള്‍ .....ചെറുപ്പത്തില്‍ ചാക്കും ഈത്തപ്പനയോലയും കൊണ്ട് വീണ്ടുണ്ടാക്കി അതില്‍ അപ്പം ചുട്ടു കളിച്ചതും ....
തെങ്ങോല  കൊണ്ട് മാലയുണ്ടാക്കി കളിച്ചതും ..എല്ലാം ....
പത്താംക്ലാസ് വരെ ഞങ്ങളുടെ ബന്ധം നിലനിന്നു ....ആര്‍ക്കും ഒരു സംശയത്തിനും  ഇടം നല്‍കാതെ ഞങ്ങള്‍ സ്നേഹിച്ചു ....
അവളുടെ ഉപ്പ ദുബായില്‍ നിന്ന് എന്ത് കൊണ്ട് വന്നാലും ഒന്നവള്‍ എനിക്കായി മാറ്റി വെച്ചു...
ബിരിയാണി മുഹമ്മദ്‌ക്കാന്‍റെ മകന്‍ ദുബായ് സെന്റും  പൂശി  ഗമയോടെ നടന്നതു അവള്‍ എന്ക്കായി അതെല്ലാം തന്നത് കൊണ്ട് മാത്രമായിരുന്നു  ......
ആലോചനകള്‍ തകൃതിയായി നടന്നു ...
ആരും കാണാതെ ഞങ്ങള്‍ പാടത്തുള്ള തോടിന്‍റെ അരികിലെ കൈതമുള്ള് മറയാക്കി അതിനുള്ളില്‍ കഥകള്‍ പറഞ്ഞു ..കണ്ണീര്‍ വാര്‍ത്തു ....
ഒരിക്കലും നടക്കില്ലെന്നു അറിയാമെങ്കിലും ഒത്തിരി സ്വപ്‌നങ്ങള്‍ ഞങ്ങള്‍ കണ്ടു ......
ഒടുവിലൊരു ദിവസം അവള്‍ വേറൊരാളുടെ കൂടെ കൈ പിടിച്ചു അവളുടെ വീട്ടു പടിയിറങ്ങി നടന്നു ..അവള്‍ നന്നായി കരയുന്നുണ്ടായിരുന്നു  ..
ആ കണ്ണുനീര്‍ എനിക്കുള്ള യാത്ര മൊഴിയാണെന്ന് എനിക്ക് മാത്രം അറിയാമായിരുന്നു .....
ഞാനപ്പോള്‍ അവളുടെ വീട്ടിലെ കാലിയായ ബിരിയാണി ചെമ്പ് മാറ്റി വെക്കുന്ന തിരക്കിലായിരുന്നു .....
 ബിരിയാണി വെപ്പുകാരന്‍റെ മകന്‍ താന്‍ സ്വപ്നം കണ്ടിരുന്ന പെണ്ണിന്‍റെ കല്യാണത്തിന് ബിരിയാണി വെക്കാന്‍ സഹായിയായി പങ്കെടുത്തു ....
അതാകാം എനിക്ക് വിധിച്ചിട്ടുള്ളത് .....
കൊതിക്കാനും സ്വപ്നം കാണാനും ആര്‍ക്കും പറ്റും ..പക്ഷെ കൊതിച്ചത് നേടിയവര്‍ വളരെ കുറവാണ് ......






Wednesday, August 13, 2014

സ്ത്രീധനം ഒരു വിഷമാണ് ............

   അന്നൊത്തിരി വൈകിയിരുന്നു മാര്‍കറ്റില്‍ പോകാന്‍ ...രാത്രിയില്‍ കുറച്ചു ദിവസമായി നല്ല ചൂടാണ് ..ഇന്നും ഒരു മാറ്റവുമില്ല ...കുറച്ചു നടന്നാല്‍ മതി ആകെ വിയര്‍ത്തു കുളിക്കും ...
എമിരേറ്റ്സ് വെജിറ്റബള്‍ ഷോപ്പില്‍ എത്തിയപ്പോള്‍ 12,30 ...എന്താ സക്കീര്‍ക്കാ ഇന്ന് വൈകിയോ ,ബാബുവിന്‍റെ പറചിലോടെയാണ് അവിടേക്ക് കാലെടുത്തു വെച്ചത് ..സാധനങ്ങള്‍ ഒക്കെയില്ലേ ..ഇങ്ങക്ക് എന്താണ് വേണ്ടത് ഇല്ലാത്തത് ഞാനെടുത്തു തരും . ഒന്നും ഇല്ലെന്നു പറയാന്‍ ഒരിക്കലും തെയ്യാറാകാത്ത ആഷിക്കിന്‍റെ വാക്കുകള്‍ കേട്ട് എനിക്ക് ചിരി വന്നു ....
എതിര്‍ വശത്ത് നിന്നും വരുകയായിരുന്ന കുഞ്ഞുട്ടിക്കാനോട് എന്താണ് സുഘമല്ലേ എന്ന് ചോതിച്ചതെയുള്ളൂ ...
പിന്നെ നല്ല സുഖമല്ലേ ...അനക്ക് ഓറഞ്ച് വേണെങ്കി എടുത്തോ ..ഇപ്പൊ കപ്പല് വന്നതാ ..ഇനി വേണോങ്കീ സ്റ്റോറില്‍ ഉണ്ട് .....അത് ചിലപ്പോ ഐസ് കട്ട മാതിരി അലിഞ്ഞു ഇല്ലാതാകും അതാ പറഞ്ഞത് ..എന്ന് സ്വത സിദ്ധമായ ശൈലിയില്‍ പറഞ്ഞു അദ്ദേഹം നടന്നകന്നു ...
എവിടെ ഇന്ന് നൌഷാദ് കാണാനില്ലല്ലോ ....നൌഷാദിനെയും അന്വാഷിച്ചു അളിയന്ക്ക വന്നു ... ഇന്നവന് ലീവ് കൊടുത്തു ....ഇങ്ങക്കിനി മാറി മാറി വരാല്ലോ .....എന്നും പറഞ്ഞു അദ്ദേഹം ചിരിച്ചു നടന്നു ...
തൊട്ടപ്പുറത്ത് മാനു എന്തോ പറഞ്ഞു കസര്‍ത്തുക യാണ് ....
ഞാന്‍ സാധനങ്ങള്‍ അടുക്കി വെക്കുന്നതിനിടയിലൂടെ മാനുപ്പയും മുസ്തഫാക്കയും മറ്റുള്ളവരും  പുഞ്ചിരിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു നീങ്ങി , 
ബില്ലെഴുതാന്‍ വന്ന ബാബു .....ഇങ്ങള് ഷഫീക്കിന് വിളിച്ചിരുന്നോ എന്ന് ചോതിച്ചപ്പോളാണ്  ....ഞാനത് ഓര്‍ത്തത്‌ തന്നെ ...എളാപ്പ എന്നാ വിളിപെരില്‍ അറിയപെടുന്ന ഷഫീക് കഴിഞ്ഞ ആഴ്ച പോയതാണ് ഇത് വരെ വിളിച്ചിട്ടില്ല ...
ഇല്ലെടാ ബാബു ..നാളെ വിളിക്കണം ....വിളിക്കുമ്പോ എന്‍റെ അന്വാഷണം കൂടെ പറഞ്ഞേക്ക് എന്ന് ബാബു ഉണര്‍ത്തി ....
കൌണ്ടറില്‍ ചെന്ന് ജാഫര്‍ക്ക കൂട്ടി നോക്കി ജാഫര്‍ന്‍റെ കയ്യില്‍ പൈസയും കൊടുത്തു ഞാന്‍ നടന്നു ..ഇനീം സാധനങ്ങള്‍ വാങ്ങാനുണ്ട്‌ ....ഒരു ചായ കുടിക്കണം എന്ന് കരുതി സിറ്റി ഗേറ്റ് ഹോട്ടല്‍ ലേക്ക് കയറി ..അവിടെ നല്ല തിരക്ക് ...24 മണിക്കൂറും ഉള്ളത് കൊണ്ട് രാത്രിയില്‍ അറബികളൊക്കെ ഇവിടെ വന്നാണ് ചായ കുടിക്കുന്നത് അത് കൊണ്ട് നല്ല തിരക്ക് ....ചായയും ഒരു കേക്കും വാങ്ങി തൊട്ടപുറത്തുള്ള ബലധിയ്യയുടെ ഓഫീസിന്‍റെ പടിയില്‍ ഇരിക്കാന്‍ വേണ്ടി നടന്നു ....
അവിടെ ഇരുന്നു ചായ കുടിക്കുമ്പോള്‍ .കുറച്ചപ്പുറതായി ഇരുന്നിരുന്ന വയസ്സായ ഒരാള്‍ നിറുത്താതെ ചുമക്കുന്നത് കണ്ടു ..ആദ്യം ഞാന്‍ ശ്രദ്ധിച്ചില്ല ..പിന്നേം നിര്‍ത്താതെ ആയപ്പോള്‍ ..എന്താ ഇക്കാക്കാ എന്നു ചോതിച്ചു ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു ...
എയി ഒന്നുല്യ ...നിങ്ങള് ആകെ വിയര്‍തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനു 
..അങ്ങിനത്തെ ചൂടല്ലേ അതാ ..എന്നും പറഞു അദ്ദേഹം അവിടെ മെല്ലെ ഇരുന്നു ....ഞാന്‍ വേഗത്തില്‍ പോയി ഒരു കുപ്പി വെള്ളം കൊണ്ട് വന്നു കൊടുത്തു ...
വേണ്ടീന്നീല മോനെ ..ആ പൈപ്പീന്നു ഞാന്‍ എടുതീരുന്നല്ലോ ....അയാള്‍ പുറത്തു വെള്ളം കുടിയ്ക്കാന്‍ വെച്ച പൈപ്പ് ചൂണ്ടി കൊണ്ട് പറഞ്ഞു ....
ആ കുപ്പി വെള്ളം ആ മനുഷ്യന്‍ ആര്‍ത്തിയോടെ കുടിക്കുമ്പോള്‍ ഞാന്‍ അദ്ധേഹത്തെ നോക്കി കാണുകയായിരുന്നു ...
ആകെ മെലിഞ്ഞ ഒരു രൂപം ..താടിയും മീശയും ഒക്കെ വെളുത് മുടിയൊക്കെ വലുതായിരിക്കുന്നു ..അടുത്തൊന്നും വെട്ടിയിട്ടില്ലെന്നു സാരം ...
വെള്ളം കുടി നിര്‍ത്തി അയാള്‍ എന്നെ നോക്കി ....
പടച്ചോന്‍ നിക്ക് ഇങ്ങനോതൊരു മോനെ തന്നീര്‍ന്നെങ്കില് എന്ന് പറഞ്ഞു ..അത് കേട്ടതും ഞാന്‍ .എന്താ ഇങ്ങക്ക് മക്കളില്ലേ ..എന്ന് ചോതിച്ചു ....ഉണ്ട് മൂന്നു പെണ്മക്കള്‍ .....
ആ മോനെ പിന്നോരീസം നമുക്ക് കാണാം ...ആ വണ്ടിക്കുള്ള സാധനങ്ങള്‍ കയറ്റണം എന്നും പറഞ്ഞു അദ്ദേഹം അടുത്ത് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു സമീപത്തേക്ക് നടന്നു .....
എനിക്കല്‍ഭുതമായി ..ഇത്ര വയസ്സാം കാലത്തും ഇങ്ങിനെ കഷ്ട്ടപെടുന്ന ഒരു മനുഷ്യന്‍ .....
നിങ്ങളത് കയറ്റി വരിം ...ഞാനിവിടെ നില്‍ക്കാം ...എന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു ,,,അയാള്‍ അത് കേട്ടത് പോലെ തലയാട്ടി ....
പെട്ടെന്ന് ബാക്കിയുള്ള സാധനങ്ങളൊക്കെ വാങ്ങി റെഡിയാക്കി വെച്ച് ഞാന്‍ വീണ്ടും അയാളെ കാണാന്‍ ചെന്നു ....
അപ്പോള്‍ അയാള്‍ സിഗരെറ്റ്‌ വലിക്കുകയായിരുന്നു ,,,ഇങ്ങിനെ ചുമക്കുന്ന നിങ്ങളെന്തിനാണ് വലിക്കുന്നതെന്ന് ചോതിച്ചപ്പോള്‍ അയാള്‍ ഒന്നും പറഞ്ഞില്ല ... 
അയാള്‍ അവിടെ ഇരുന്നു ..ഞാനും  മെല്ലെ അയാളുടെ സമീപമിരുന്നു .....
ഇങ്ങളെത്ര കാലായി  ഇവിടെ ...
കുറച്ചു നേരം ചിന്തിച്ചിരുന്നു അദ്ദേഹം പറഞ്ഞു 33 കൊല്ലം ,,,,
ഈ മീന മാര്‍കെറ്റില്‍ ...20 കൊല്ലം ....
33 കൊല്ലം ഇനി മതിയാക്കി പോയിക്കൂടെ .....
എന്‍റെ വര്‍ത്താനം കേട്ടപ്പോള്‍ അയാള്‍ മെല്ലെ ചിരിച്ചു ....ഒരു പത്തു പവനും കൂടി കൊടുക്കാനുണ്ട് , അതും കൂടി കൊടുത്താല്‍ കഴിഞാ  പിന്നെ ഞാന്‍ പോകും ....
ആര്‍ക്കു കൊടുക്കാന്‍ ..
എന്‍റെ ഇളയ മോള്‍ സക്കീനക്കു പറഞ്ഞത് പോലെ നിക്കാഹിനു മുയുവന്‍ സ്വര്‍ണം കൊടുത്തിട്ടില്ല ....അത് കയിഞ്ഞിട്ടിപ്പോ രണ്ടു കൊല്ലായി ..മോശല്ലേ ..
അത് കൊടുക്കണം അയാള്‍ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു ....പിന്നെയും ചുമച്ചു ....
മരുമകന്‍ എന്താ ചെയ്യുന്നത് ....
ഓന് നാട്ടില്‍ ഓട്ടോറിക്ഷ ഓടികാണ് .....
ഓന് ഇങ്ങളോട് ഈ പൈസ ചോതിച്ചോ ..
ഇല്ല്യല്ല ...ന്നാലും ഓളോട് പറഞ്ഞത്രേ .....അന്‍റെ ഉപ്പ ബാക്കി സ്വര്‍ണം കൂടി തന്നീരുന്നെങ്കില് ഈ വണ്ടി മാറ്റി ഒരു കാര്‍ വാങ്ങായിരുന്നൂന്നു ...
അയാളോട് ചാരിയിരുന്നപ്പോള്‍ എനിക്ക് കിട്ടിയ മണം വിയര്‍പിന്റെതായിരുന്നില്ല......
ആ മനുഷ്യനില്‍ ഞാന്‍ കണ്ടത് , ജീവിതം മുഴുവന്‍ ഈ മണല്‍ നാട്ടില്‍ കരിയിച്ചു കളഞ്ഞ പണ്ട് കൊച്ചു ബാവ പറഞ്ഞ കഥാ പാത്രതെയാണ് ...
അയാളോട് യാത്ര പറഞ്ഞു നടക്കുമ്പോള്‍ ....എന്‍റെ മനസ്സില്‍ 
അയാളുടെ വിയര്‍പ്പിന്‍റെ കിതപ്പിന്റെ കൂലി കൊണ്ട് കാര്‍ വാങ്ങാന്‍ സ്വപ്നം കാണുന്ന ആ മരുമകനായിരുന്നു ....
സ്ത്രീധനം കൊടുക്കുന്നത് തെറ്റാണ് .....
അപ്പോള്‍ അതിനെ കാതിരിക്കുന്നതോ ?
അങ്ങിനെ എത്ര മരുമകന്മാര്‍ ഉണ്ടാകും ഈ നാട്ടില്‍ ......
എനിക്ക്  കിട്ടിയ സ്ത്രീധനം എങ്ങിനെ ഉണ്ടായതാണെന്ന് അറിഞ്ഞാല്‍ .....
ആ അമ്മോശന്‍റെ ചുമയുടെ നീരാണ് നീ സഞ്ചരിക്കുന്ന 
കാറെന്ന് നീ അറിയുക ......
വിയര്‍പ്പിന്‍റെ മണമുണ്ടാകും നിന്‍റെ മണവാട്ടിയുടെ മഞ്ഞ ലോഹങ്ങള്‍ക്ക് 
അത് മറക്കരുത് ........
എത്ര മറക്കാന്‍ ശ്രമിച്ചിട്ടും മായിഞ്ഞു പോകാതെ ഇന്നും എന്‍റെ ഇട നെഞ്ചില്‍ നിറുത്താതെ ചുമക്കുന്ന ആ മനുഷ്യനുണ്ട്‌ .....
അദ്ദേഹത്തിന് ദൈവം ആയുസ്സ് കൊടുക്കട്ടെ .....
സ്ത്രീധനം വാങ്ങാതിരിക്കുക ......പെണ്ണാണ് ഏറ്റവും വലിയ ധനമെന്നു തിരിച്ചറിയുക .....







Monday, August 11, 2014

വീണ്ടും വസന്തത്തിന്‍റെ പൂ വിരിയുന്നു ..........കഥ

      ജീവിതത്തിനു ഒരു രസവുമില്ല , എല്ലാം അവസാനിക്കാറായി എന്ന തോന്നാലാണ് ഇപ്പോഴും മനസ്സില്‍ തിരികെടാതെ നില്‍ക്കുന്നത് ,
ആകാശത്തില്‍ മഞ്ഞ കളര്‍ വീണു തുടങ്ങിയിരിക്കുന്നു , വാച്ചില്‍ നോക്കി ഓ ആറു  കഴിഞ്ഞിരിക്കുന്നു , അങ്ങിനെ ഒരവധി ദിനവും കൊഴിഞ്ഞു ..ഇനി നാളെ വീണ്ടും പതിവ് ചര്യ , പലപ്പോഴും മടുപ്പ് തോന്നിയതാണ് പക്ഷെ ജീവിതത്തിന്‍റെ സ്ഥായിയായ നില നില്‍പ്പിനു ഈ മണല്‍ നാട് അനിവാര്യമായിരുന്നു ..
അവധി ദിനത്തിന്റെ വൈകുന്നേരങ്ങളില്‍ കോര്‍ണിഷി ന്‍റെ ചാരു ബെഞ്ചില്‍ കുറച്ചു സമയം അത് പതിവാണ് , മനസ്സിനെ ആകെ കെട്ടഴിച്ചു വിട്ടു ആ ഇരുത്തം മനസ്സിന് തരുന്ന സുഖം ചില്ലറയല്ല , വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു അഞ്ചു വര്‍ഷവും മൂന്നു മാസവും ..ഒരു ഏതൊരു പ്രവാസിയും മറക്കാത്തത് അവന്‍ നാട്ടില്‍ നിന്ന് വന്ന തിയ്യതി തന്നെയാകും ....

     കടല്‍ തീരത്തിനടുത്ത് കുറച്ചു പേരിരുന്ന് ചൂണ്ട ശരിയാക്കുന്നു ആകെ ബഹളം ആണവിടെ , പിലിപ്പൈനികള്‍ ആണെന്ന് തോന്നുന്നു ..കുറച്ചു കുട്ടികള്‍ ഓടി കളിക്കുന്നു ..അവരുടെ കലപില സംസാരം കേള്‍ക്കാം നല്ല കൌതുകം തോന്നി , അതില്‍ ചുവന്ന ഉടുപ്പിട്ട കുട്ടി കണ്ണിലുടക്കി ..ഉമ്മാന്‍റെ കത്തില്‍ ഉണ്ടായിരുന്നു സൈനബാന്റെ കുട്ടിക്ക് നാല് വയസ്സായീന്ന് .അവളിപ്പോ ഇത്രയും കാണുമോ ? മനസ്സ് അറിയാതെ നാട്ടിലേക്ക് പോകുന്നു ..
ജീവിതത്തില്‍ മാനസികമായി ആഹ്ലാദം ഉണ്ടാകുന്ന നിമിഷം ..അറിയാതെ നാടും നാട്ടുകാരും മനസ്സില്‍ തെളിയും ..കളിയും കാര്യവും ഓടിയെത്തും ...
അറിയാതെ ഇണ്ണിയാംകുളവും പാടവും ആ പാട വരമ്പത്ത് കൂടെ നടക്കുന്ന ഞാനും ...യൂസഫിക്കാന്റെ ഉയര്‍ന്ന സ്ഥലത്തെ പറമ്പില്‍ നിന്നും താഴെ കുളത്തിലേക്ക്‌ കുതിക്കുന്ന സുഹൃത്തുക്കള്‍ ..അതെന്നും നോക്കി കാണലായിരുന്നു എന്‍റെ ജോലി , അങ്ങിനെ ചാടാനോന്നും മനസ്സ് വളര്‍ന്നിരുന്നില്ല എന്നത് നേര് , നീന്തലറിയാത്തവന്‍ എന്ന് പറഞ്ഞു കളിയാക്കിയിരുന്നു സുഹൃത്തുക്കള്‍ , ഞാനതിനെ പുഞ്ചിരിയില്‍ തള്ളി കളഞ്ഞു ....
   കുപ്പായത്തിന്‍റെ പോക്കറ്റില്‍ തപ്പി നോക്കി ..ങാ ഉണ്ട് ഈ അടുത്ത് വരെ വന്ന ഉമ്മാന്റെ കത്ത് അവിടെയുണ്ട് , വെറുതെ ഒരു പാട് ആവര്‍ത്തി വായിക്കും , സ്നേഹം നിറഞ്ഞ ഉമ്മാന്റെ മോന് ............തുടങ്ങി ...എന്താണ് വരാത്തത് , എനിക്ക് നിന്നെ കാണാന്‍ പൂതീണ്ട് ,, അന്നേ കണ്ടിട്ട് വേണം കണ്ണടക്കാന്‍ ..രണ്ടാം ക്ലാസ് കാരി ഉമ്മാന്റെ കത്ത് വായിക്കാന്‍ നല്ല രസമാണ് , വന്നു ഒരു വര്ഷം ആയപ്പോഴേ പറയാന്‍ തുടങ്ങിയതാ എന്താ വരാത്തത് എന്ന് ...

  പോകണം എന്ന് തോന്നായികയല്ല , എന്നാല്‍ ഓരോന്ന് ചിന്തിച്ചാല്‍ മടുപ്പ് തോന്നും , വെറുമൊരു ഊഹത്തിന്റെ അടിസ്ഥാനത്തില്‍ എന്നെ തെറ്റിദ്ധരിച്ച തെറ്റ് കാരനാക്കിയ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇടയിലേക് എന്തിനു പോകണം ...
പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം ..ഒരു വെള്ളിയാഴ്ച ജുമുഅക്ക് എല്ലാവരും പോയി നിസ്കാരം കഴിഞ്ഞു പിരിഞ്ഞു പോകുമ്പോള്‍ പള്ളിപടിയില്‍ ഒരാള്‍ കൂട്ടം കണ്ടു ഞാന്‍ നോക്കിയപ്പോള്‍ ഞങ്ങളുടെ ക്ലാസില്‍ പഠിക്കുന്ന ഹിന്ദു സമുദായത്തില്‍ പെട്ട കുട്ടി യെ എല്ലാവരും വളഞ്ഞു വെച്ചിരിക്കുന്നു ..കാരണം അന്നോഷിച്ചപ്പോള്‍ ആണ് ,അവനും പള്ളിയില്‍ കയറി നിസ്കരിച്ചു എന്നറിഞ്ഞത് , ആള്കൂട്ടതിനിടയില്‍ നിന്നും എന്നെ കണ്ടതും അവന്‍ എന്‍റെ പേര് പറഞ്ഞു ..എന്‍റെ കൂടെ പഠിക്കുന്ന ആളാണെന്നു , പക്ഷെ വാര്‍ത്ത പരന്നത് ഞാനാണ് അവനെ പള്ളിയില്‍ കൊണ്ട് വന്നത് എന്ന നിലയില്‍ ആയിരുന്നു , എന്‍റെ നാട്ടിലെ പള്ളി ആയതിനാല്‍ എന്‍റെ പേര് പറഞ്ഞാല്‍ രക്ഷയാകുമെന്നു അവന്‍ കരുതി ,  നാട്ടുകാര്‍ അവരവരുടെ ഭാവനക്കനുസരിച്ച് നിറം കൊടുത്തു കഥകള്‍ പെരുപ്പിച്ചു കൂട്ടി ,
അതിനാല്‍ തന്നെ ചുരുങ്ങിയ നേരം  കൊണ്ട് ഒരു നല്ല പേര് വീണിരുന്നു എനിക്ക് നാട്ടുകാര്‍ക്കിടയില്‍ ...അബുധാബിയില്‍ ഉണ്ടായിരുന്ന ഉപ്പാക്കും ആരൊക്കെയോ വിളിച്ചു വിവരങ്ങള്‍ പറഞ്ഞു ,
ഒരാഴ്ച കാലത്തോളം ഞാന്‍ അങ്ങാടിയിലേക്ക് പോയതേയില്ല , ഒരു മാസത്തിനുള്ളില്‍ ഉപ്പ വിസ അയച്ചു തന്നു , ഞാനും ഒരു മാറ്റം ആഗ്രഹിച്ചിരുന്നു എന്നതാണ് നേര് , അന്ന് കരിപൂരിലേക്ക് റാഫി ജീപ് ഓടിക്കുമ്പോള്‍ വെറും തെറ്റിദ്ധാരണയുടെ പേരില്‍ എന്നെ കുറ്റകാരനാക്കിയ
എന്‍റെ നാട്ടുകാരെ ഓര്‍ത്തു മനസ്സു വിതുമ്പി , അന്ധരാളത്തില്‍ നിന്നും തേങ്ങല്‍ പുറത്തു വരാതിരിക്കാന്‍ ആവുന്നതും ശ്രമിച്ചു ,
ആ വരവാണ് ഇത്രയും കാലം എന്നെ ഇവിടെ പിടിച്ചു നിറുത്തിയത് , മനസ്സറിയാത കാര്യത്തിനു കുറ്റകാരന്‍ആയപ്പോള്‍ അന്നെന്റെ മനസ്സ് ഒരു പാട് വേദനിച്ചു , കാലത്തിന്റെ ചക്ര തിരിച്ചിലില്‍ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളായി കൊഴിഞ്ഞു വീണപ്പോഴും ആ വേദന മാഞ്ഞു പോയതേയില്ല , ചെയ്തില്ലല്ലോ ഞാന്‍ തെറ്റൊന്നും പിന്നെന്തിനു മനസ്സ് വേദനിക്കണം , സ്വയം മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു , പോകണം ഇന്ഷ അല്ലഹ് ....
എത്ര കാലമായി ഈ മണല്‍ കാട്ടില്‍ കോണ്‍ക്രീറ്റ്  കാടുകള്‍ക്കിടയില്‍ ജീവിതം തള്ളി നീക്കുന്നു ,,മനസ്സ് മരുഭൂമി കണക്കെ ശൂന്യമായിരുന്നു ,,അതായിരുന്നു പോകല്‍ വൈകിയതും ....

ലീവിന് കൊടുത്തതും നാട്ടില്‍ പോകാനുള്ള ദിവസം വന്നനഞ്ഞതും പെട്ടെന്നായിരുന്നു , സുഹൃതുക്കള്‍ക്കൊക്കെ വളരെ സന്തോഷം പകരുന്നതായിരുന്നു എന്‍റെ തീരുമാനം , എത്രയോ കാലമായി അവരും പറയുന്നതാണല്ലോ നടക്കാന്‍ പോകുന്നത് , അവരെല്ലാരും കൂടി തന്നെ യാത്ര അയച്ചു ,

ചലിച്ചു കൊണ്ടിരിക്കുന്ന കാര്‍മെഖങ്ങളെ വകഞ്ഞു മാറ്റി വിമാനം മുന്നോട്ടു നീങ്ങുമ്പോള്‍ ചില്ലിട്ട ജനല്‍ വഴി ആകാശത്തിന്‍റെ ഭംഗി ആസ്വാധിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ അടഞ്ഞു , മനോമുകുരത്തില്‍ വീടും നാടും തെളിഞ്ഞു വന്നു , കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഉമ്മയും പെങ്ങളും കാത്തു നിന്നിരുന്നു , കണ്ട പാടെ ഉമ്മ കെട്ടി പിടിച്ചു കരഞ്ഞു , ഇക്കാക്ക് ഒരു മാറ്റോം ഇല്ലാന്ന് പെങ്ങള്‍ , ജീപ്പില്‍ കയറുമ്പോള്‍ ഡ്രൈവര്‍ റാഫി തന്നെ , അതെ ഗ്ലാമറില്‍ തന്നെ എന്നെ നോക്കി ചിരിച്ചു , നീ ഇപ്പോഴും അത് പോലെ തന്നെ ,
നീ ഒന്ന് വന്നല്ലോ അത് മതിയെന്ന് അവന്‍ ....
വേഗം വിടൂ റാഫിക്ക...അവിടെ ഒരാള് കാത്തു നില്‍ക്കുനുണ്ട് ...
അത് ആര് ?
എന്‍റെ ചോദ്യത്തിന് അവള്‍ മറുപടി തന്നില്ല ..അതൊക്കെ അവിടെ ചെന്നിട്ടു കാണാം ....
ഒന്ന് മുണ്ടാണ്ടിരിക്കടീ ന്‍റെ കുട്ടി കുടീക്കൊന്നു എത്തിക്കോട്ടെ ...എന്ന് ഉമ്മ
ജ്ജ് പേടിക്കണ്ട ഉമ്മാക്ക് ഒലെ നല്ല ഇഷ്ട്ടാ ....
ആരാണ് ഉമ്മ ..ഇങ്ങള് രണ്ടാളും കൂടി ഇന്നേ സുയിപ്പാക്കാതെ ....
ആടാ ..ആ പള്ളിയാലില്‍ ജമീലാന്റെ മോള്  സഫ്രീന ..
ഒള്ക്കന്നെ പെരുത്ത്‌ ഇഷ്ട്ടാ ..അവള് പറഞ്ഞിട്ടാണ് അന്നേ ഞങ്ങള് അരീക്കാഞ്ഞത് , ഇവള് കേട്ടിചോടുതുക്ക് പോയാല്‍ ഒളാണ് നിക്കൊരു സഹായം , നല്ല കുട്ടിയാ ...
ഉമ്മാന്റെ വര്‍ത്താനം കേട്ടാല് ഓളെ ഇന്നന്നെ കേട്ടിക്കൊന്നു തോന്നുനുണ്ടല്ലോ ...
സഫ്രീന കളികൂട്ടുകാരി , ഉപ്പാന്‍റെ സ്നേഹിതന്റെ മകള്‍ , വീടിന്‍റെ മൂന്നു നാല് വീട് അപ്പുറത്താണ് അവളുടെ വീട് , അന്നത്തെ സംഭവത്തില്‍ എല്ലാരും എന്നെ സംശയിച്ചപ്പോഴും അവളും വീട്ടുകാരും എന്നെ കുറ്റപെടുത്തിയില്ല  ...
അവളാണ് അന്നെനിക്ക് ധര്യം തന്നത് ...നീയെന്തിനാണ്‌ പേടിക്കുന്നത് , തെറ്റ് ചെയ്താലല്ലേ പേടിക്കേണ്ടതുള്ളൂ ..പിന്നെ ഗള്‍ഫിലേക്ക് പോകുമ്പോള്‍ യാത്ര അയക്കാന്‍ അവരെല്ലാം വന്നിരുന്നു , അന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവളുടെ കണ്ണ് നിറഞ്ഞിരുന്നുവോ ? ഓര്‍മയില്ല ,
ഞാനെന്തേ ഇത് വരെ അവളെ ഓര്‍ക്കാതിരുന്നത് ...
നിറങ്ങളില്ലാത്ത മനസ്സില്‍ ശൂന്യത മാത്രമല്ലേ ഉണ്ടായിരുന്നത് , പിന്നെങ്ങിനെ ?
 എന്താടാ ഇപ്പ തന്നെ സ്വപ്നം കാണാന്‍ തുടങ്ങിയോ ...പെങ്ങളുടെ ചോദ്യമാണ് ചിന്തയില്‍ നിന്നുണര്‍ത്തി യത് ..
ഓ വീടെത്തിയിരിക്കുന്നു ...വാതില്‍ക്കല്‍ തന്നെ ഉപ്പ കാത്തിരുന്നു , വയസ്സായിരിക്കുന്നു ..ദുബായില്‍ നിന്ന് വന്നിട്ടിപ്പോള്‍ ഏകദേശം അഞ്ചു കൊല്ലമായി കാണും , മനസ്സ് കണക്കു കൂട്ടി ....
അസ്സലാമു അലക്കും ......അലൈക്കും അസ്സലാം /...
ഉപ്പാനോട് സലാം പറഞ്ഞു വീട്ടിലേക്കു കാലെടുത്തു വെച്ചു ....
വര്‍ഷങ്ങള്‍ക്കു ശേഷം വീടും മുറ്റവും മനസ്സില്‍ വസന്തത്തിന്‍റെ പൂക്കള്‍ വിരിയിച്ചു ,
ആരോ വാതില്‍ക്കല്‍ എത്തി നോക്കിയിട്ട് ഓടി മറഞ്ഞു ..
എന്തിനാടീ ഓടണതു അവിടെ നില്‍ക്ക്....പെങ്ങള്‍ ഒച്ചയുണ്ടാക്കി ...

വൈക്കുന്നേരം സഫ്രീനന്റെ ഉപ്പയും ഉമ്മയും വന്നു ....ഉപ്പ വന്നെന്റെ കയ്യി പിടിച്ചു മെല്ലെ അമര്‍ത്തി ..ഉമ്മ എന്നെ നോക്കി നിന്നു ...ഇത്രേം കാലം എന്തെ മോനെ ഇജ്ജു വരാഞ്ഞത് ..ആ ഉമ്മ കണ്ണീര്‍ വാര്‍ത്തു ...
ആ ഇനി അതൊന്നും പറയണ്ട .....ഉപ്പ പറഞ്ഞു ...
പിന്നെ കാര്യങ്ങള്‍ വേഗത്തിലായിരുന്നു ..പള്ളി കമ്മിറ്റി ക്കാരും ജാമാഹത് ക്കാരും ഒക്കെ തന്നെ കല്യാണത്തില്‍ പങ്കു കൊണ്ടു ..അന്ന് നടന്ന സംഭവത്തില്‍ തെറ്റി ധരിച്ചതിന് ക്ഷമ ചോതിചായിരുന്നു പലരും വിവാഹത്തിന് വന്നത് ..

      രാത്രി മണിയറ വാതില്‍ തുറന്നു അവള്‍ റൂമിലേക്ക്‌ കാലെടുത്തു വെച്ചപ്പോള്‍ ആ മുഖത്ത് കാത്തിരിപ്പിന്‍റെ അറുതിയില്‍ കാത്തിരുന്നത് കിട്ടിയ സംതൃപ്തി ആയിരുന്നു ..
എന്‍റെ മനസ്സില്‍ വരണ്ടുണങ്ങിയ പാട ശേഖരത്തിലേക്ക് വന്ന ജലധാര കണക്കെ ഈര്‍പ്പത്തിന്‍റെ തുടിപ്പ് അനുഭവപെട്ടിരുന്നു ,
അപ്പോള്‍ മനസ്സിലെ ആഗ്രഹങ്ങള്‍ക്ക് ജീവന്‍ വെക്കുകയായിരുന്നു ...
.......................................................................................................................................................................
എന്‍റെ മനസ്സ് കറുത്തിരിക്കുന്നു 
എന്‍റെ സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ നഷ്ട്ടമായിരിക്കുന്നു 
എന്‍റെ മോഹങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടിരിക്കുന്നു 
എന്തെ ഇതിനും മാത്രം ഞാന്‍ ചെയ്തത് 
അറിയില്ലെനിക്ക്‌ ...
ചില വാര്‍ത്തകള്‍ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിക്കും 
രക്തമൊഴുകാത്ത വലിയ മുറിവ് 
അതിന്‍റെ വേദനയുടെ തോതളക്കാന്‍
ഇന്നീ ഭൂമിലോകത്തു ഒന്നുമില്ല തന്നെ 
കണ്ണ് തുറന്നു പിടിച്ചിട്ടും കാണുന്നത് കൂരിരുട്ട്..
ദൈവമേ ഞാന്‍ എന്ത് പാപമാണ് 
ഇതിനും മാത്രം ചെയ്തത്.............


Drkt Jaleel good lines . whether it is prose or poetry ? whatever may be , it reflects your mind . keep it up ....
15 .07. 2014
in my face book.......
Drkt Jaleel പ്രവാസം സക്കീറിനെ ഒരു നല്ല എഴുത്തുകാരനാക്കിയിരിക്കുന്നു . ഒരാളുടെ ചിന്തകളെ രൂപപ്പെടുത്തുന്നതിൽ അയാളുടെ ജീവിതാനുഭവങ്ങൾക്ക് വലിയ പങ്കുണ്ട് . ഏകാന്തത നമ്മിലെ കഴിവുകളെ കരിച്ച്ചുകളയുകയും പുഷ്പിക്കുകയും ചെയ്യും . സക്കീറിന്റെ കാര്യത്തിൽ രണ്ടാമത്തേതാണ് സംഭവിച്ചിരിക്കുന്നത് . നല്ല ആശയങ്ങളും നല്ല ഭാഷയും നല്ല മനസ്സിൽനിന്നെ ഉറവയെടുക്കു . എല്ലാ ഭാവുകങ്ങളും.....

8.8.2014 ...MY FACE BOOK POSTINU SAHIBINTE COMMENT ....
IM HAPPY
എന്‍റെ കാലു വേദനിക്കുന്നു
അത് നിന്നെ കാത്തിരുന്നിട്ടാണ് ..
എന്‍റെ കൈകള്‍ വേദനിക്കുന്നു
അത് നിനക്ക് വേണ്ടി എഴുതിയിട്ടാണ്‌ ..
എന്‍റെ കണ്ണ് വേദനിക്കുന്നു
അത് നിന്നെ നോക്കിയിരുന്നിട്ടാണ് ..
എന്‍റെ മനസ്സ് വേദനിക്കുന്നു
അത് നിന്നെ കാണാതിരുന്നിട്ടാണ് ..
നിനക്കറിയുമോ പ്രിയേ
ഒന്ന് കാണാന്‍ കഴിഞ്ഞാല്‍
ഈ വേദനകളും വിഷമങ്ങളും
എന്തിനു എന്നെ തന്നെയും
ഞാന്‍ മറക്കുന്നു ...