Thursday, September 18, 2014

സല്‍ക്കാരങ്ങള്‍ ...........

                      മോനേ ഡാ മോനേ കുറച്ചു നേന്ത്ര പഴം വാങ്ങി വന്നാ ..അളിയന്‍ വരുന്നുണ്ടത്രേ വൈന്നാരം , എന്തേലും മുന്നില്‍ വെച്ച് കൊടുക്കണ്ടേ ,,,
പണ്ടൊക്കെ ആരൊക്കെ വിരുന്നുകാര്‍ വന്നാലും അവര്‍ക്കുള്ള വിഭവത്തില്‍ പ്രധാനിയായി നേന്ത്ര പഴം എന്ന പേരില്‍ അറിയപെടുന്ന ഏത്തപഴം ഉണ്ടായിരുന്നു ..
                    അളിയന്‍ വരുന്നത് അഥവാ അന്നവിടെ നില്‍ക്കാനാണെങ്കില്‍ പിന്നെ എനിക്ക് പിടിപ്പതു പണിയാകും ..കോഴിയെ പിടിക്കണം അതിനെ ഓടിച്ചു പിടിക്കാന്‍ തന്നെ കുറെ നേരം വേണം , പിടിച്ചു കഴിഞ്ഞാല്‍ അറുക്കാന്‍ മുസ്ലിയാരെ തിരയണം .അറുത്ത് കഴിഞ്ഞാല്‍ അദ്ദേഹത്തിന് കൊടുക്കുന്ന ചില്ലാനത്തില്‍ നിന്ന് അഞ്ചു രൂപ അടിച്ചു മാറ്റാം എന്നത് മാത്രമായിരുന്നു ഏക ആശ്വാസം ..
                    അങ്ങിനെ നേന്ത്ര പഴവും കുറച്ചു ഹലുവയും തേങ്ങാ പൂളും അവില്‍ കുഴച്ചതും എല്ലാമായാല്‍ അടിപൊളിയായി ..അന്നേ അടിപൊളി എന്ന വാക്കില്ല ...കുശാലായി .....
പിന്നെ രാത്രി നെയിചോര്‍ കോഴി ക്കറി ആ കറിയില്‍ നിന്ന് തന്നെ ഉമ്മ വളരെ വിദഗ്ദ്ധമായി കുറച്ചു മാറ്റി വെച്ചിട്ടുണ്ടാകും ,പിറ്റേന്ന് രാവിലെ പത്തിരി ക്കൊപ്പം കൊടുക്കാന്‍ ..എല്ലാം കഴിച്ചു എബക്കവുംവിട്ടു കോലായില്‍ പത്രം വായിച്ചിരിക്കുന്ന അളിയനെ നോക്കി ഞാന്‍ നില്‍ക്കും ..മനസ്സില്‍ ഇന്നും ഇയാള്‍ പോണില്ലേ എന്നാകും ഉണ്ടാകുക .....
                         ഇത്താത്ത പോകാന്‍ വേണ്ടി ഒരുങ്ങുവാന്‍ തെയ്യാരെടുക്കുമ്പോള്‍ ഉമ്മ  ഉണ്ടാക്കിയ അച്ചാറുകളും ഉണ്ണിയപ്പവും പറമ്പില്‍ നിന്ന്  പപ്പായയും ചെമ്പും ചക്കയും മത്തനും ഒക്കെ പറിച്ചു ഓട്ടോറിക്ഷ വരുന്നതും കാത്തു നില്‍ക്കും ..ഓട്ടോ വന്നാലുടന്‍ എന്നോട് ഏടാ ഇതൊക്കെ വേഗം അതില്‍ കൊണ്ട് വെച്ചാ ...എന്നു പറഞ്ഞു ഉമ്മ വേഗത്തില്‍ ചെന്ന്ഡ്രൈ വറോട് സ്വകാര്യം പറയുന്നത്  കാണാം ..പിന്നെയാണ് അത് മനസ്സിലായത്‌ പൈസ ഒലോട് വാങ്ങണ്ട ..ഞാന്‍ തരാട്ടാ ..എന്നാവും ആ സ്വകാര്യം ....
അങ്ങനെ ഒരു വിതത്തില്‍ അളിയന്‍ യാത്രയാകും ...
ഉമ്മാ ഞാന്‍ ചായ കുടിച്ചിട്ടില്ല ...
എടാ ഇന്‍റെ മോനെ ഞാന്‍ മറന്നു ....വേഗം വാ ...എന്നും പറഞ്ഞു നടക്കുമ്പോള്‍ ..എപ്പോളെങ്കിലും അല്ലെ ഓല് വരലോള്ളൂ അപ്പൊ നമ്മള്‍ നന്നായി സല്കരിക്കണം ഇങ്ങിനെ സല്കരിചാലെ അന്‍റെ പെങ്ങള്‍ക്കവിടെ സുഖത്തോടെ ജീവിക്കാന്‍ പറ്റൂ ...എന്ന് ആത്മ ഗതം പോലെ പറയും ...
                          അന്നത്തെ ആ പത്തിരിയുടെയും കോഴിയുടെയും ഒക്കെ രുചി ഇന്നത്തെ സല്കാരങ്ങള്‍ക്കുണ്ടോ? എന്ന് സംശയം .....?

Tuesday, September 2, 2014

ബിരിയാണി ചെമ്പിലെ കാനോത്ത്.........കഥ

                             തുറന്നിട്ട  ജന  വാതിലിലൂടെ കാറ്റ് ചെറുതായി അകത്തേക്ക് കടന്നു വന്നു കൊണ്ടിരുന്നു , ഉമ്മച്ചി കമ്മുനിസ്ട്ടപ്പയുടെ ഇല പിഴിഞ്ഞ് അതിന്‍റെ നീര് മുറിവില്‍ വെച്ച് കെട്ടുമ്പോള്‍ പോലും ചീത്ത പറയുകയായിരുന്നു ,,കണ്ണും മൂക്കും നോക്കാതെ ഓടി കളിച്ചു നടന്നു കാലും മുറിച്ചു വന്നിരിക്കുന്നു ...അന്‍റെ വാപ്പ ഇങ്ങണ്ടു വരട്ടെടാ....ഞാന്‍ പറഞ്ഞു കൊടുക്കാ ....എല്ലാം കേട്ടിട്ടും ഒന്നും പറയാതെ ഞാന്‍ കിടന്നു ,അപ്പൊ പറഞ്ഞിട്ടും ഒരു കാര്യവുമില്ല ,,
കാലു വെച്ച്കുത്തി തള്ള വിരല്‍ തന്നെ മുറിഞ്ഞു ..നല്ല വേദനിക്കുന്നുമുണ്ട് ..കണ്ണടച്ച് കിടന്നു അപ്പോഴാണ്‌ വിരലില്‍ ആരോ മെല്ലെ തലോടുന്നത് പോലെ ..
 കണ്ണ് തുറന്നു നോക്കിയപ്പോള്‍ അപ്പുറത്തെ വീട്ടിലെ കളി കൂട്ടുകാരി സമീറ,,
നീയെന്താ ജനലിനിടയിലൂടെ അകത്തേക്ക് വാടി .....
ഞാന്‍ പിന്നെ വരാ ...ഞാനിപ്പോ മദ്രസ്സെന്നു വരാ ,,,നീയെന്തേ വരാഞ്ഞൂന്നു അറിയാന്‍ വന്നതാ ,,,നല്ല വേദനയുണ്ടോ ?
ഞങ്ങള്‍ ആണുങ്ങള്‍ക്ക് ഇതൊന്നും ഒന്നുമല്ല ..ഞാനൊന്ന് കനം കൂട്ടി പറഞ്ഞു ..
ഓ ഒരാണ് ....ഞാന്‍ വൈകുന്നേരം വരാന്നും പറഞ്ഞു അവള്‍ ഓടി പോയി .....

          ഞാനൊന്ന് മയങ്ങി ..വൈകുന്നേരം അവള്‍ തട്ടി വിളിച്ചപ്പോഴാണ് ഉണര്‍ന്നത് .പോത്ത് പോലെ ഉറങ്ങുന്നത് കണ്ടില്ലേ ...എണീക്കെടാ ....
നീ പോടീ .....ഇതെന്താനു നിന്റെ കയ്യിലൊരു പൊതി ...ഇത് നിനക്കുള്ളതാ എന്നും പറഞ്ഞവള്‍ അത് പുറത്തെടുത്തു ..ഒരു മരുന്ന് കുപ്പി..ന്‍റെ ഉപ്പ കഴിഞ്ഞ പ്രാവശ്യം വന്നപ്പോള്‍ കൊണ്ട് വന്നതാ ,,മുറി പെട്ടെന്ന് മാറും ...അതും പറഞ്ഞവള്‍ അതില്‍ നിന്നും കുറച്ചു മരുന്ന് മുറിവില്‍ പുരട്ടി ...
ഹാ നീറ്റല്‍ കാരണം ശബ്ദം ഉച്ചത്തിലായി .....അവള്‍ മുറിവില്‍ ഊതി തന്നു ...പിന്നെ കൈകൊണ്ടു മെല്ലെ കാലില്‍ തലോടി ..അവള്‍ കട്ടിലിനു താഴെ ഇരുന്നു ....എടാ ഞാന്‍ നിന്‍റെ ആരാ ....
നീ എന്‍റെ സുഹറ ......
അതാരാ സുഹറ...?
ബഷീറിന്റെ ബാല്യകാല സഖി വായിച്ചിട്ടില്ലേ ....അതിലെ കഥാ പാത്രങ്ങളാണ് മജീദും സുഹറയും ..
അപ്പൊ മജീദോ ? അവളുടെ ചോദ്യം ?
അത് ഞാന്‍ ............ അത് കേട്ടതും അവള്‍ അയ്യടാന്നും പറഞ്ഞു എണീറ്റ്‌ ഒരു നുള്ളലും തന്നു പുറത്തേക്കോടി ....
ഞാന്‍ ചിരിച്ചു ...പുറത്തു നിന്ന് ജനലിനു അപ്പുറത്ത് നിന്ന് അവള്‍ പറഞ്ഞു ..
മജീദെ ഞാന്‍ പോട്ടെ നാളെ വരാം ......
ഞാനൊന്നും പറയാതെ അവളെ നോക്കി ചിരിച്ചു ......
ചെറുപ്പം തൊട്ടേയുള്ളതാണ് ഞാനും അവളും തമ്മിലുള്ള കൂട്ട് .....
തൊട്ടടുത്ത വീടാണെങ്കിലും അവര്‍ വലിയ വീട്ടുകാരായത് കൊണ്ട് അവിടേക്ക് ഞാന്‍ വല്ലപ്പോഴുമേ പോകാറുണ്ടായിരുന്നുള്ളൂ  ,,പക്ഷെ സ്കൂളിലും മദ്രസ്സയിലും ഒരേ ക്ലാസ്സില്‍ ആയതു കാരണം ഞങ്ങള്‍  പണ്ട് മുതലേ ഒരുമിച്ചാണ് പോയിരുന്നതും വന്നിരുന്നതും ..
ഇന്ന് ഞങ്ങള്‍ അഞ്ചാം ക്ലാസില്‍ ....
അഞ്ചാം ക്ലാസുകാരന് സ്വപ്നം കാണാന്‍ പറ്റുമോ എന്നറിയില്ലായിരുന്നു ...പക്ഷെ ആദ്യം ബാലരമയിലെ മായാവിയിലെ രാജുവും രാധയും ആയിരുന്നു ഞങ്ങളെങ്കില്‍ അത് ഇന്ന് ബാല്യകാലസഖിയിലെ മജീദി ലും സുഹറയിലുംഎത്തിയിരിക്കുന്നു    ....അക്കാലത്ത് ഞങ്ങളെ നാട്ടില്‍ അവളുടെ വീട്ടില്‍ മാത്രമേ ടീവി ഉണ്ടായിരുന്നുള്ളൂ ..എല്ലാ വ്യാഴായ്ച്ചയും ചിത്രഗീതവും തിങ്കളാഴ്ച ടിപ്പു സുല്‍ത്താനും ദൂര്ധര്‍ഷനില്‍ കാണാന്‍ ഞാനെന്നും അവളുടെ വീട്ടിലേക്കു പോകും  ...

                              വര്‍ഷവും വേനലും മാറി മാറി വിരുന്നെത്തി, മഴയുള്ള ചില ദിവസങ്ങളില്‍ അവളുടെ ഉപ്പ കൊണ്ട് വന്ന പുള്ളികുടയുടെ താഴെ ഞാനും മഴ നനയാതെ സ്കൂളിലെത്തി ...
ഒരു ദിവസം ഇബ്രാഹിം ക്കാന്റെ കടയില്‍ നിന്നും വാടകക്കെടുത്ത സൈക്കിളുമായി ഞാന്‍ വീട്ടിലേക്കു വരുമ്പോള്‍ അവള്‍ മുമ്പില്‍ ...ഞാന്‍ നിര്‍ത്തിയതും അവള്‍ സൈക്കിളിന്‍റെ പിറകില്‍ കയറി ഇരുന്നു ..
വേണ്ടടാ ആരെങ്കിലും കാണും ....
മജീദിന്റെ സൈക്കിളില്‍ സുഹറാക്ക് ഇരിക്കാന്‍ പാടില്ലേ ...
ഇജ്ജു ഇരുന്നോ പക്ഷെ അതീ നടുറോഡിന്നു വേണോ ?
എന്‍റെ മറുപടി അവളെ പിണക്കി ....
എന്നാ കയറ് ....
അങ്ങിനെ ആ പാടത്തിനു നടുവിലൂടെ ഞാനെന്‍റെ സുഹറയേയും കൊണ്ട് നീങ്ങി .....
സൈക്കിള് ഒരു സൈഡില്‍ ഒതുക്കി ഞങ്ങള്‍ പാടത്ത് വെള്ളത്തില്‍ കാലു ഇറക്കി വെച്ചിരുന്നു ..അവളെന്‍റെ മുഖത്ത് നോക്കി ചോതിച്ചു ....
നിനക്കെന്നെ ഇഷ്ട്ടാണോ ?
ഞാന്‍ ഉത്തരം പറയാതെ അവളുടെ കൈകളില്‍ അമര്‍ത്തി....
കുറച്ചു നേരം ഞങ്ങള്‍ക്കിടയില്‍ മൌനം അതിഥിയായി എത്തി ...
പ്രണയത്തിന്‍റെ കൂട്ടുകാരനാണോ മൌനം .....
മെല്ലെ അവിടെന്നു എണീറ്റു സൈക്കിള്‍ തള്ളി കൊണ്ട് ഞങ്ങള്‍ നടന്നു ....
ഇന്ന് നമ്മള്‍ കുട്ടികളല്ല ..അതോര്‍മ്മ വേണം ..
എന്‍റെ വാക്കുകള്‍ ഞങ്ങള്‍ക്കിടയിലെ മൌനത്തെ ഇല്ലാതാക്കി ,,
അറിയാം ..എനിക്ക് വലുതാവണ്ട ..നിന്‍റെ കൈ പിടിച്ചു ഈ പാടത്തൂടെ പഴയ പോലെ ഓടി നടക്കണം ...അവളുടെ വാക്കുകള്‍ പതറിയിരുന്നു ....
എന്താടോ എന്തിനാ നീ കരയുന്നത് ...പ്രശ്നം പറ ...
എനിക്കാലോചന വരുന്നുണ്ട് ...
എട്ടാം ക്ലാസ്സിന്നോ ....ഇത്ര വേഗം അന്നേ കെട്ടി ക്കാന്‍ ആര്‍ക്കാ ഇത്ര ബേജാറ്..
ഉമ്മ ഉപ്പാനോട് ഫോണില്‍ പറയണ് കേട്ട് ...ഓള് വല്യ കുട്ടി ആയിക്കണ് ..കെട്ടിക്കണ്ടേ ..എന്ന് .........
ഞാനൊന്നും പറഞ്ഞില്ല ....
എട്ടാം ക്ലാസ്സുകാരന് എന്താണ് പറയാനുള്ളത് ....
കല്യാണം കഴിഞ്ഞു പോയാ ഇയ് ന്നെ മറക്കോ ..?
അത് കേട്ടതും അവള്‍ എന്‍റെ കൈപത്തി എടുത്തു ഉമ്മ വെച്ച് കൊണ്ട് ഏങ്ങലടിച്ചു ......
ഞാന്‍ പെട്ടെന്ന് ചുറ്റും നോക്കി കൈ വലിച്ചു ......
നടന്നു നടന്നു അപ്പോഴേക്കും അവളുടെ വീടെത്തിയിരുന്നു.....
തേങ്ങലിനിടയിലൂടെ പോട്ടെ എന്നും പറഞ്ഞവള്‍ ആ ഗേറ്റ് തള്ളി തുറന്നു അകത്തേക്ക് പോയി ...
പുറത്തു ഞാന്‍ തനിച്ചായി ,,,,
ഞാന്‍ ആലോചിച്ചു അവള്‍ പോയാല്‍ എനിക്കാരുണ്ട് കൂട്ടിന് ..
ഞങ്ങള്‍ കെട്ടിയ കിനാക്കള്‍ .....ചെറുപ്പത്തില്‍ ചാക്കും ഈത്തപ്പനയോലയും കൊണ്ട് വീണ്ടുണ്ടാക്കി അതില്‍ അപ്പം ചുട്ടു കളിച്ചതും ....
തെങ്ങോല  കൊണ്ട് മാലയുണ്ടാക്കി കളിച്ചതും ..എല്ലാം ....
പത്താംക്ലാസ് വരെ ഞങ്ങളുടെ ബന്ധം നിലനിന്നു ....ആര്‍ക്കും ഒരു സംശയത്തിനും  ഇടം നല്‍കാതെ ഞങ്ങള്‍ സ്നേഹിച്ചു ....
അവളുടെ ഉപ്പ ദുബായില്‍ നിന്ന് എന്ത് കൊണ്ട് വന്നാലും ഒന്നവള്‍ എനിക്കായി മാറ്റി വെച്ചു...
ബിരിയാണി മുഹമ്മദ്‌ക്കാന്‍റെ മകന്‍ ദുബായ് സെന്റും  പൂശി  ഗമയോടെ നടന്നതു അവള്‍ എന്ക്കായി അതെല്ലാം തന്നത് കൊണ്ട് മാത്രമായിരുന്നു  ......
ആലോചനകള്‍ തകൃതിയായി നടന്നു ...
ആരും കാണാതെ ഞങ്ങള്‍ പാടത്തുള്ള തോടിന്‍റെ അരികിലെ കൈതമുള്ള് മറയാക്കി അതിനുള്ളില്‍ കഥകള്‍ പറഞ്ഞു ..കണ്ണീര്‍ വാര്‍ത്തു ....
ഒരിക്കലും നടക്കില്ലെന്നു അറിയാമെങ്കിലും ഒത്തിരി സ്വപ്‌നങ്ങള്‍ ഞങ്ങള്‍ കണ്ടു ......
ഒടുവിലൊരു ദിവസം അവള്‍ വേറൊരാളുടെ കൂടെ കൈ പിടിച്ചു അവളുടെ വീട്ടു പടിയിറങ്ങി നടന്നു ..അവള്‍ നന്നായി കരയുന്നുണ്ടായിരുന്നു  ..
ആ കണ്ണുനീര്‍ എനിക്കുള്ള യാത്ര മൊഴിയാണെന്ന് എനിക്ക് മാത്രം അറിയാമായിരുന്നു .....
ഞാനപ്പോള്‍ അവളുടെ വീട്ടിലെ കാലിയായ ബിരിയാണി ചെമ്പ് മാറ്റി വെക്കുന്ന തിരക്കിലായിരുന്നു .....
 ബിരിയാണി വെപ്പുകാരന്‍റെ മകന്‍ താന്‍ സ്വപ്നം കണ്ടിരുന്ന പെണ്ണിന്‍റെ കല്യാണത്തിന് ബിരിയാണി വെക്കാന്‍ സഹായിയായി പങ്കെടുത്തു ....
അതാകാം എനിക്ക് വിധിച്ചിട്ടുള്ളത് .....
കൊതിക്കാനും സ്വപ്നം കാണാനും ആര്‍ക്കും പറ്റും ..പക്ഷെ കൊതിച്ചത് നേടിയവര്‍ വളരെ കുറവാണ് ......