Monday, July 18, 2022

പ്രവാസി പ്രയാസം

*പ്രവാസിയും*
*പ്രയാസവും*

അലാറം ഒച്ച വെച്ചപ്പോൾ ദേഷ്യമാണ് തോന്നിയത്....പതുക്കെ അതമർത്തി വെച്ച് എണീറ്റിരുന്നു....
റൂമിൽ മറ്റെല്ലാവരും ഉറക്കമാണ്.. കട്ടിലിനടുത്ത ടേബിളിൽ ഗഫൂർക്ക രാവിലെ പോകുമ്പോൾ ഉണ്ടാക്കി വെച്ച  സുലൈമാനി തണുത്തിരിക്കുന്നു..
വേഗത്തിൽ കുളിക്കാൻ പോയി ....
കുളി എന്നല്ല എല്ലാം യാന്ത്രികമായ പോലെ ആയിരിക്കുന്നു...
ഒരു തരം മടുപ്പ് എല്ലാ തലത്തിലും അനുവാദം ചോതിക്കാതെ കയറി കൂടിയിരിക്കുന്നു...

വേഗം പുറത്തേക്കിറങ്ങി...കത്തുന്ന വെയിൽ തന്നെ ഇന്നും....കടയിൽ ശിഹാബ് സാധനങ്ങൾ തന്റെ വണ്ടിയിൽ നിന്നും ഇറക്കി കൊണ്ടിരിക്കുന്നുണ്ടായിരുന്നു.....
എന്താണ് ശമീറെ വൈകിയോ എന്ന അവന്റെ പതിവ് ചോദ്യത്തിന് ഒരു പുഞ്ചിരി മറുപടിയായി നൽകി . ഷോപ്പിലേക്ക് കയറി....എത്തിയ പാടെ ഓർഡറുകൾ ഓരോന്നായി റെഡിയായി കിടക്കുന്നുണ്ടായിരുന്നു...
സവാരി ടവറിലേക്കാണ് ആദ്യം തന്നെ....കുറച്ചു ദൂരം പോകാനുണ്ട്...
ആ വെയിൽ കൊള്ളാനാണ് യോഗമെങ്കിൽ കൊണ്ടല്ലേ തീരൂ....മനസ്സ് ഗതം കൊണ്ടു...
നാലഞ്ചു ബാഗ് ഉണ്ടായിരുന്നു മുന്നിലും പിന്നിലും ഒക്കെ വെച്ച് സ്‌കൂട്ടർ മെല്ലെ മെല്ലെ സ്റ്റാർട്ട് ചെയ്തു....

പ്രവാസി ..പ്രയാസം.... ഇന്നലെ വായിച്ച കഥയിലെ വരികൾ ഓർമ വന്നു....
ഓരോ ആഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്നവന്റെ പേരാണോ പ്രവാസി...
ജീപ്പ് മേടിക്കാൻ ഉള്ള കാശ് ആയാൽ പ്രവാസം നിർത്തുമെന്ന് പറഞ്ഞ ഗഫൂർക്ക വർഷങ്ങൾക്കിപ്പുറം ഇന്നും പ്രവാസിയായി നിൽക്കുന്നത് എന്റെ കൺ മുന്നിലുണ്ട്....

ഈ വിസ തീരുന്നതോട് കൂടി നിർത്തണം...പഴയ ഓട്ടോ ജീവിതം തന്നെയാണ്.നല്ലത്...
മനസ്സ് പറഞ്ഞുറപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു...
തിരിച്ചു ഷൊപ്പിലെത്തിയപ്പോൾ ശംസുക്ക ഇന്നാ ശമീറെ എന്നും പറഞ്ഞു സാലറി തന്നു....
രാത്രി റൂമിൽ.വന്നിരുന്ന് ഈ മാസം കൊടുക്കാനും അടക്കാനും ഉള്ളത് കണക്ക് കൂട്ടിയപ്പോൾ ഒപ്പമെത്തിക്കാൻ ഇനിയും 
കുറച്ചുകൂടി വേണം...

കടൽ കടന്ന് വന്നതോടൊപ്പം 
കടവും കൂടിയിരിക്കുന്നു... 
ആഗ്രഹങളും വിചാരങ്ങളും 
വർദിച്ചിരിക്കുന്നു....
ചുണ്ടിൽ ഒരു ചിരി അറിയാതെ പരന്നു..
നല്ല കാര്യമായി..ഈ ഞാനാണോ ഒഴിഞ്ഞു
പോക്കിനെ കുറിച്ചു ചിന്തിക്കുന്നത്...
എങ്ങിനെ പോകാൻ...എവിടുന്ന് പോകാൻ...
ഇനി ഇവിടെ തന്നെ...ഒടുക്കം.വരെ.....

വേഗത്തിൽ അലാറം റെഡിയാക്കി 
പുതപ്പിട്ടു മൂടി കണ്ണടച്ചു കിടന്നു....
അപ്പോൾ മനസ്സ് പറഞ്ഞു ...നീ മാത്രമല്ലടോ...
നിന്നെ പോലെ ആയിരങ്ങൾ ഉണ്ട് ഇവിടെ....
പ്രവാസത്തിൽ പ്രയാസത്തോടെ 
ജീവിക്കുന്നവർ...

*സക്കീർ കാവുംപുറം.*..