Sunday, November 9, 2014

പ്രവാസിയുടെ വരവും പോക്കും .....

അയാള്‍  അക്ഷമനായി ചുറ്റും നോക്കി ഇല്ല ആരെയും കാണുന്നില്ല , പത്തു മണിക്ക് വിമാനം ലാന്ഡ് ചെയ്യുമെന്ന് വിളിച്ചു പറഞ്ഞതായിരുന്നല്ലോ എന്നിട്ടെന്തേ ആരെയും കാണാത്തത് ..
ഒന്ന് വിളിച്ചു നോക്കിയാലോ ...
തൊട്ടടുത്ത്‌ നിന്നിരുന്ന ആളോട് മോബൈലോന്നു തരുമോന്നു ചോതിച്ചപ്പോള്‍ അയാള്‍ തറപ്പിച്ചൊരു നോട്ടം ....മനസ്സില്ല മനസ്സോടെ അയാള്‍ മൊബൈല്‍ തന്നപ്പോള്‍ വിളിച്ചു ....
ഇങ്ങള് നേരത്തെ ഇറങ്ങിയോ ..ഞങ്ങള് ഇവിടന്നു വരുന്നേയുള്ളൂ ...എന്ന് ബീവി ...

ഓക്കേ സാവധാനം വന്നാല്‍ മതി ...ഇനി ഉള്ള സ്പീഡില്‍ വന്നു പ്രശ്നം ഉണ്ടാക്കണ്ട ...ഞാനിവിടെ പുറതുണ്ടാകും .....എന്നും പറഞ്ഞു മൊബൈല്‍ അയാളുടെ കയ്യില്‍ കൊടുത്തു .....ചുറ്റും നോക്കി കുറച്ചു ദൂരെ ഒഴിഞ്ഞ കസാര ..മെല്ലെ ട്രോളി തള്ളി അവിടേക്ക് കൊണ്ട് പോയി ..അവിടെ ഇരുന്നു .
.
മനസ്സിലേക്ക് അറിയാതെ പല ചിന്തകളും കയറി വന്നു ...ഇതീപ്പോ നാലാമത്തെ  വരവാണ് ...ആദ്യത്തെ വരവില്‍ ആകെ ത്രില്ല് ആയിരുന്നു ..ഒരു ജീപ്പില്‍ സുഹൃത്തുക്കളും മറ്റൊരു ജീപ്പില്‍ ഉപ്പ ഉമ്മ പെങ്ങന്മാര്‍ അനിയന്‍ അമ്മായി മൂത്തമ്മ അങ്ങിനെ ജീപ്പ് നിറയെ ആള്‍ക്കാര്‍ ...
എയര്‍പോര്‍ട്ട് നു പുറത്തിറങ്ങിയപ്പോ തന്നെ അവരെന്നെ പൊതിഞ്ഞു

..ഉപ്പാനോട് സലാം പറഞ്ഞു ഉമ്മാന്‍റെ കൈ പിടിച്ചു മറ്റെലാവരെയും നോക്കി ചിരിച്ചു കാണിച്ചു , അപ്പോഴേക്കും സുഹൃത്തുക്കള്‍   എന്‍റെ ചെല്ലപേര്   വിളിച്ചെന്നെ  പൊക്കി കൊണ്ട്  പോയി ....
അതില്‍ അനിഷ്ട്ടം പറഞ്ഞ ഉമ്മാനോട് ഓല് കൊണ്ട് പോയിക്കൊട്ടെടീ ഒന് നമ്മലോടുക്കന്നെല്ലേ  വരാന്‍ പോണത് ...
ന്നാലും ന്‍റെ കുട്ടീനെ ഞാന്‍ നല്ലപോലോന്നു കണ്ടീലല്ലോ ന്നും പറഞ്ഞു ഉമ്മ വീണ്ടും മൂക്ക് പിഴിഞ്ഞു ....

രണ്ടാമത്തെ വരവിനു ഉമ്മയും ബീവിയും കുഞ്ഞു വാവയും കൂടിയാണ് ജീപ്പില്‍ വന്നത് ...എവിടെ ഉപ്പയും അനിയനുമൊക്കെ എന്ന ചോദ്യത്തിനു
ഉപ്പ വന്നില്ല ..കുഞ്ഞിപ്പ ആണെങ്കി എവിടെക്കോ പോയിക്കുന്നു ...എന്ന് ഉമ്മ പറഞ്ഞു ...തൊട്ടടുത്ത്‌ ഒന്നും മിണ്ടാതെ ബീവി എന്നെ നോക്കി നിന്ന് .....മെല്ലെ അവളുടെ വിരലുകളില്‍ പിടിച്ചപ്പോള്‍ അവളെന്‍റെ വിരലുകളില്‍ സ്വന്തമെന്ന അഹങ്കാരത്തോടെ പിടി മുറുക്കി ....

മൂന്നാമത്തെ വരവില്‍ ഉമ്മയും ഉപ്പയും സ്വീകരിക്കാന്‍ വന്നില്ല ..രണ്ടാള്‍ക്കും വയസ്സായി വീട്ടില്‍ തന്നെയിരുന്നു ....ബീവിയും അനിയനും വന്നു .....

ഇന്നുപ്പോ നാലാമത്തെ വരവ് ...വണ്ടിയുമില്ല ബീവിയുമില്ല മക്കളുമില്ല ...വരുന്നത് വിളിച്ചു പറഞ്ഞപ്പോഴേ അനിയന്‍ പറഞ്ഞു ഐ ഫോണ്‍ 6 വേണമെന്ന് ഞാന്‍ ഇക്കുറി നടക്കൂലടാന്നു പറഞ്ഞപ്പോഴേക്കും അവന്‍ ഫോണ്‍ വെച്ച് പോയി ..പിന്നെ ബീവിയോടു പറഞ്ഞത്രേ ...കൂട്ടി കൊണ്ട് വരാന്‍ ഒനുണ്ടാകൂലാന്നു ....ഇങ്ങളെ അനുജനല്ലേ എന്താന്നു വെച്ചാ വാങ്ങി കൊണ്ട് വന്നാളീന്നു ബീവി ..ഓള്‍ക്ക് അറിയോ ന്‍റെ നാല് മാസത്തെ ശമ്പളം വേണം അത് വാങ്ങണമെങ്കില്‍ എന്ന് ......

അളിയന്ക്ക് മൊബൈല്‍ വേണമെന്ന് പറഞ്ഞു കൊണ്ട് വന്നത് വില കുറഞ്ഞതായി പോയി എന്നത് കൊണ്ട് വാങ്ങിയില്ലാന്നു വേറൊരു പരാതി ...
അങ്ങിനെ പരാതികളും കുറ്റങ്ങളും കുറവുകളും കൊണ്ട് കനം കൂടുന്നു ഒരു സാധാരണ പ്രവാസിയുടെ ജീവിതം ....

ഇജ്ജ് ഇവിടെ വന്നിരിക്കാ എന്ന ജീപ്പ് ഡ്രൈവറുടെ ശബ്ദമാണ് ഓര്‍മയില്‍ നിന്നുണര്‍ത്തി യത് ...
എവിടെ ആരുമില്ലേ ....
അല്ലല്ല അവരൊക്കെ വണ്ടീല്ണ്ട് ...ജീപ്പിനടുതെതിയപ്പോള്‍ അവള്‍ മാത്രമേയുള്ളൂ ,,എവിടെ മക്കളൊക്കെ എന്ന എന്‍റെ ചോദ്യം പ്രതീക്ഷിക്കുന്നത് കൊണ്ടാകാം മക്കള്‍ സ്കൂള്‍ പോയി ...അവരെ  വൈന്നാരം വരുമ്പോ കാണാല്ലോ ...
ഇനീപ്പോ അവരെ  എന്നും കണ്ടൂടെ എന്നും കൂടെ ഓള് കൂട്ടി പറഞ്ഞപ്പോ എന്തോ ആ വാക്കുകള്‍ മനസ്സില്‍ ഒരു മുള്ള് പോലെ കുരുങ്ങി ...
വീട്ടിലെത്തിയപ്പോഴും ആര്‍ക്കും വലിയ സംസാരവും മറ്റുമോന്നും കണ്ടില്ല ...

മെല്ലെ റൂമില്‍ ചെന്ന് കട്ടിലില്‍ തല ചാരി കിടക്കുമ്പോള്‍ ഭാര്യ വന്നു അടുത്തിരുന്നു ...ഇങ്ങള് എത്ര മാസം ഉണ്ടാകും ..വേറെ വിസക്ക് കൊടുത്‌ക്കുണോ..?
എന്തേ .....
അല്ല ഇതാത്താന്‍റെ മോളെ കല്യാണമാണ് മൂന്നു മാസം കഴിഞ്ഞിട്ട് അതിനു കാര്യായിട്ടെന്നെ നമുക്ക് കൊടുക്കണം ..അതോണ്ട് ചോതിച്ചതാ ....
ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു ...അപ്പോള്‍ മനസ്സെന്നോട് തന്നെ പറഞു ..
നീ ഇവിടെ വിരുന്നുകാരന്‍ ആണ് നിനക്കിവിടെ വലിയ റോളില്ല ....
നീ അവര്‍ക്കാവശ്യമുള്ളത് കൊടുക്കുക ...അവര്‍ ചിരിക്കുന്നത് കാണുമ്പോള്‍ നീയും ചിരിക്കുക ....
കാരണം ആ ചിരി അവരില്‍ ജനിപ്പിക്കാനാണല്ലോ നീ കടല്‍ കടന്നതും .......