Thursday, April 16, 2015

നാല് മണി കാറ്റ് ......കഥ

                           നാല് മണിയുടെ കാറ്റിനു സൌന്ദര്യം ഒന്ന് വേറെയാണ് ..മനസ്സിനെ ആ കാറ്റ് പല തലത്തിലും കൊണ്ട് ചെന്നെത്തിക്കും ....
ചില ഇഷ്ട്ട ബന്ധങ്ങള്‍ പോലെ ....          
                      മറക്കാന്‍ പറഞ്ഞാലും മനസ്സില്‍ നിന്ന് മാഞ്ഞു പോകുമോ പലതും , ഇല്ലെന്നാണ് എന്‍റെ മനസ്സ് പറയുന്നത് ..എത്ര കാലം കഴിഞ്ഞാലും അത് നമ്മുടെ മനസ്സില്‍ തെളിഞ്ഞു തന്നെ നില നില്‍ക്കും ..
മുഖത്തിലും  ശരീരത്തിലും  വരകളും നിറങ്ങളും ജന്മം കൊണ്ടിരിക്കുന്നു ..
എന്നിട്ടും മനസ്സിന് മാത്രം വയസ്സാകുന്നില്ലേ ...മറവിയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങേണ്ട പലതും എന്തിനെന്നെ ഓര്‍മിപ്പിക്കുന്നു ...
ഇനിയൊരിക്കലും നമ്മള്‍ തമ്മില്‍ കാണാതിരിക്കട്ടെ അവള്‍ അവസാനമായി പറഞ്ഞ ആ വാക്കുകള്‍ ഇന്നും മനസ്സില്‍ മങ്ങലേല്‍ക്കാതെ നില്‍ക്കുന്നുണ്ട് ..
എന്നിട്ടും വര്‍ഷങ്ങള്‍ക്കിപ്പുറത്ത് അവള്‍ തന്നെ എന്നെ തേടി പിടിച്ചു വന്നിരിക്കുന്നു ..അതും മുഖ പുസ്തകത്തിലൂടെ ....
എന്തെ ഞാന്‍ തിരയാഞ്ഞത് ..അവളെ എനിക്ക് മറക്കാന്‍ കഴിയുമായിരുന്നില്ലല്ലോ ....എന്നിട്ടുമെന്തേ ഞാനവളെ കുറിച്ച് പിന്നെ അന്ന്വഷിക്കാഞ്ഞത് ...ഉത്തരങ്ങള്‍ പലതാണ് പക്ഷെ ഒന്നിനും ശാശ്വതമായ തെളിച്ചം പോരാ ....
എന്നിട്ടും അവളെന്നെ അറിയുമോടാ എന്ന് ചോതിച്ചപ്പോള്‍ മനസ്സില്‍ പെടുന്നനെ മിടിക്കുന്ന ഹൃദയം നിലച്ചു പോയ പോലെ ....
നടന്നു പോയ വഴിത്താരകളും ഇട വഴിയിലെ ഞങ്ങളുടെ നടത്തത്തിനു തടസ്സമായി വളര്‍ന്നു പുറത്തേക്കു ചാടി നിന്നിരുന്ന വാഴ ഇലകളും എല്ലാം തന്നെ മനസ്സിലേക്ക് ഓടി വന്നു ...
സുന്ദരിയായ ചണ്ടാല ഭിക്ഷുകിയുടെ വയറില്‍ ഇരുന്നാല്‍ മൂന്നു മടക്കുണ്ടായിരുന്നു എന്ന്‍ മലയാള മാഷ്‌ പറഞ്ഞപ്പോള്‍ ഒന്ന് കാണിച്ചു തരുമോ എന്ന് ഞാന്‍ ചോതിച്ചത് നിനക്കൊര്‍മയുണ്ടോ ആവോ ?
ഇലകള്‍ കൊഴിഞ്ഞു പോയ കൊമ്പുകള്‍ മാത്രമായി നീണ്ടു നിവര്‍ന്നു നിന്നിരുന്ന ആ പുളി മരത്തിന്‍റെ താഴെ ഒരുമിച്ചിരുന്നു എന്തൊക്കെ പറഞ്ഞു നമ്മള്‍ ...ഇന്ന് ഞാനോര്‍കുന്നു  ഇത്രത്തോളം എന്തായിരുന്നു പറയാനുണ്ടായിരുന്നത് .
അവള്‍ക്കു മാത്രം മാറ്റമൊന്നുമില്ല ..കല പില പോലെ സംസാരിക്കുന്നു ...എനിക്കൊന്നു കാണണം അവള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഞാനോര്‍ത്തത് അത് പറയാനും ഞാന്‍ വൈകി പോയല്ലോ എന്ന് ..അവളതു പറഞ്ഞപ്പോഴാണ് എന്‍റെ  ഉള്ളിലും കാണണമെന്ന ആഗ്രഹമില്ലേ എന്ന് ഞാനാരാഞ്ഞത് ...ഇല്ലാതിരിക്കോ ...........
ഒരു ഞായറാഴ്ചയുടെ വൈകുന്നേരത് എനിക്കിഷ്ട്ടമുള്ള ആ നാലു മണിക്ക് പഴയ ആ പുളിമരത്തിന്‍റെ ചുവട്ടില്‍ അവള്‍ വന്നു ....
ഞാനെത്താന്‍ കുറച്ചു വൈകി ....അരികിലെത്തിയപ്പോള്‍ അവള്‍ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ഇന്നും നീയാണ് വൈകിയത് ...അതെ ശരിയാണ് എന്നും ഞാനാണ് വൈകിയിരുന്നത് ...
പറഞ്ഞ സമയത്ത് ചെല്ലാനും പറയേണ്ടത് സമയത്ത് പറയാനും ഒക്കെ എന്നും ഞാന്‍ തന്നെയാണ് വൈകിയത് അല്ലെ ...
എന്‍റെ  വാക്കുകള്‍ കേട്ടതും അവളുടെ മുഖം മങ്ങി ....അതീപ്പോ നമ്മളല്ലല്ലോ ഒന്നും തീരുമാനിക്കുന്നത് എല്ലാം വിധി പോലെയേ വരൂ നടക്കൂ ..അവള്‍ മെല്ലെ പറഞ്ഞു ....
വാ അവിടെ ഇരിക്കാം ..
അവളുടെ കൂടെ നടക്കുമ്പോള്‍ അവളുടെ കൈവിരലുകള്‍ എന്‍റെ വിരലുകളെ ചേര്‍ത്ത് പിടിക്കുന്നത്‌ ഞാനറിഞ്ഞു ...
നമ്മളെത്ര കാലമായെടാ കണ്ടിട്ട് .....
കുറേ വര്‍ഷങ്ങള്‍ അല്ലെ ..അതിനിടയില്‍ എന്തൊക്കെ നടന്നു ..എന്നാലും ഞാന്‍ കരുത്യത് നീയെന്നെ മറന്നിട്ടുണ്ടാകുമെന്നാ...
അവളതു പറഞ്ഞതും അറിയാതെ എന്‍റെ കൈവിരല്‍ അവളുടെ ചുണ്ടില്‍ അമര്‍ന്നു ..അങ്ങിനെ പറയരുതെന്ന് പറഞ്ഞു ...ആ നിമിഷം അവളുടെ കണ്ണുകള്‍ നിറഞ്ഞു ..അവളെന്നെ നോക്കാതെ താഴേക്കു കണ്ണും നട്ടിരുന്നു ...
പിന്നെ മുഖമുയര്‍ത്തിയപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു ....
വാ തോരാതെ സംസാരിച്ചിരുന്ന അവളും മൌനം കടം കൊണ്ടത്‌ പോലെ ...

     വാ നമുക്ക് എണീറ്റ്‌ നടക്കാം ..പഴയ കാര്യങ്ങള്‍ പറഞ്ഞു ഞാനവളെ ചിരിപ്പിക്കാനും ഉത്സാഹവതിയാക്കാനും  ശ്രമിച്ചു കൊണ്ടിരുന്നു ...
മെല്ലെ മെല്ലെ അവള്‍ സംസാരിച്ചു തുടങ്ങി ,,എന്നോട് വളരെ ചേര്‍ന്ന് നടന്നു ,,,
ചിലപ്പോഴൊക്കെ എന്‍റെ കൈകള്‍ ചിരിക്കിടയില്‍
അവളമര്‍ത്തി കൊണ്ടിരുന്നു ,
ആ സമയം ഒരു ചാവാലി പട്ടി ഞങ്ങള്‍ക്കെതിരെ നിന്നും മോങ്ങി കൊണ്ട് ഓടി വന്നു ..അത് കണ്ടതും അവളെന്നെ അടക്കം പിടിച്ചു ...ഞാനൊരു കല്ലെടുത്തെറിഞ്ഞതും അത് മോങ്ങി കൊണ്ട് ഓടി പോയി ...
ഒരു നിമിഷത്തിന്റെ അവസ്ഥയില്‍ നിന്നും അവള്‍ മുക്തയായി പെടുന്നനെ എന്നില്‍ നിന്നും അടര്‍ന്നു നീങ്ങി ....
ഞാനൊന്നും പറഞ്ഞില്ല ...മെല്ലെ നടന്നു ...അന്ന് നടന്ന വഴികളൊക്കെ വീതി കൂടിയ വഴികളായിരിക്കുന്നു..
നമ്മുടെ കൂടയൂണ്ടായിരുന്നവരൊക്കെ എവിടെയാണാവോ ?
അവളുടെ ചോദ്യം ,,,,ഓരോരുത്തര്‍ ഓരോ വഴിക്ക്നീങ്ങി കാണണം ..ജീവിതമല്ലേ ...എവിടെയെങ്കിലുമൊക്കെ വെച്ച് കണ്ടു മുട്ടുമായിരിക്കും ...
അവളൊന്നു മൂളുക മാത്രം ചെയ്തു ...
മൌനം ഞങ്ങള്‍ക്കിടയില്‍ പലപ്പോഴും അതിഥിയായി കടന്നു വന്നു ...

ഹൌ അവളുടെ ശബ്ധമാണെന്നെ ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത് ,,ഒരു കല്ലില്‍ തട്ടി അവളുടെ കാലു മടങ്ങിയിരിക്കുന്നു ..വേദന നല്ലോണം അനുഭവിക്കുന്നു എന്ന് മുഖം കണ്ടാല്‍ മനസ്സിലാകും ...
ഞാന്‍ പെട്ടെന്നിരുന്നു അവളുടെ കാലില്‍ പാടത്ത് നിന്ന് വെള്ളം കോരിയെടുത്തു തടവി ...ഒരു നിമിഷം കഴിഞ്ഞതും എന്തോ ചിന്തിചെന്ന വണ്ണം അവള്‍ അയ്യോ വേണ്ട ..ഞാന്‍ ചെയ്തോളാം എന്ന് പറഞ്ഞു കാല്‍ വലിച്ചു ...
എനിക്ക് എന്തോ തെറ്റ് ചെയ്ത പോലെ തോന്നി ...സോറി ഞാന്‍ പെട്ടെന്ന് ....എന്റെ വാക്കുകള്‍ ചിതറി വീണു ...
ഏയി  കുഴപ്പമില്ല ...അവള്‍ പറഞ്ഞു ....
പണ്ട് വാഴച്ചാലിലേക്ക് ടൂര്‍ പോയപ്പോള്‍ അവിടന്ന് എന്‍റെ  കാലു ഉളുക്കിയിട്ടു നീ തന്നെയാണ് ഉഴിഞ്ഞതും ശരിയാക്കിയതും ,,,അതെന്താ നീ മറന്നോ ...
പക്ഷെ അന്ന് നീ കാലു വലിച്ചില്ലല്ലോ,,
ഇപ്പൊ അത് പോലെയാണോ നമ്മള്‍ ....
അവളുടെ ചോദ്യം എന്നെ പലതും മനസ്സിലാക്കിച്ചു ....
ഏതായാലും നിന്റെ കൂടെ ഈ വഴി ഇങ്ങിനെ നടക്കാനാകുമെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ...
അവളുടെ മൊബൈല്‍ ശബ്ദിച്ചു ..മോളാണ് വിളിക്കുന്നതെന്ന് പറഞ്ഞു ..
അമ്മ എവിടെയാ നേരം വൈകുന്നു  ....പോകണ്ടേ ...
അമ്മ ഇപ്പൊ വരാം ...അവള്‍ അതും പറഞ്ഞു മൊബൈല്‍ ഓഫ് ചെയ്തു ..എന്‍റെ മുഖത്തേക്ക് നോക്കി പറഞ്ഞു ,
എടാ എനിക്ക് പോകാന്‍  നേരായി ...
പോകാം ....അത് വഴി വന്ന ഓട്ടോക്ക് കൈ കാണിച്ചു ...അതില്‍ കയറി തിരിച്ചു പോകുമ്പോള്‍ ..അവളുടെ കൈകള്‍ എന്‍റെ വിരലുകളില്‍ പിടിമുറുക്കുന്നത് ഞാനറിഞ്ഞു ...ഞാന്‍ മുഖമുയര്തി നോക്കി അവളുടെ കണ്ണുകള്‍ സജലങ്ങളായിരുന്നു ....എന്തേ എന്ത് പറ്റി ...
എന്നോട് നിനക്ക് ദേഷ്യമുണ്ടോ?
എന്തിനു ....അന്ന് ഞാന്‍ നിന്നെ അറിയാന്‍  ശ്രമിക്കാതത്തിനു ,,
ഏയി ഒന്നുമില്ലെടാ ...നമുക്ക് ആഗ്രഹിക്കാനല്ലേ പറ്റൂ ...സാധിപ്പിക്കണമെങ്കില്‍ ഈശ്വരന്‍ തന്നെ കനിയണം ...
അതെ നടക്കൂ ....
എല്ലാം നല്ലതിനായിരുന്നു എന്ന് കരുതുക ...
കണ്ടല്ലോ അത് മതി ...അന്ന് പറയാന്‍ കഴിയാഞ്ഞത് കുറച്ചെങ്കിലും പറയാനും കഴിഞ്ഞല്ലോ ...അത് മതിയെനിക്ക് ഞാന്‍ പറഞ്ഞു നിര്‍ത്തി ...
ഞാനിവിടെയിറങ്ങാണ് മോള് ഇവിടെയാ നില്‍ക്കാന്നു പറഞ്ഞത് ...
ശരി ...ഇനി കാണുമോ നമ്മള്‍ ..അവള്‍ ചോതിച്ചു ..
അറിയില്ല ..ഇനി കാണണ്ട എന്നാണു എനിക്ക് ...കാരണം എനിക്ക് വയ്യ നിന്നെ വേറൊരു താലിയില്‍ കാണാന്‍ ......
അവളൊന്നും പറഞ്ഞില്ല ...
എനിക്കിത് മതി ജീവിതം മുഴുവന്‍ ഓര്‍ത്തു സന്തോഷിക്കാന്‍ ...
ഞാന്‍ പ്രാര്‍ഥിക്കാം നിനക്കും കുടുംബത്തിനും വേണ്ടി ...
അവള്‍ നടന്നു ...ഞാന്‍ നോക്കി നിന്നു ..പണ്ടായിരുന്നെങ്കില്‍ അവളെ ഞാന്‍ തനിച്ചു നടത്തില്ലായിരുന്നു ,,,പക്ഷെ ഇന്നത്‌ പറ്റില്ലാല്ലോ ...
അവളന്ന് എന്റേതായിരുന്നു ..ഇന്നവളെന്റെതല്ല....
എനിക്കിഷ്ട്ടം ഇതെല്ലാം മനോഹരമായ ഒരു സ്വപ്നമായിരുന്നു എന്ന് കരുതാനാണ്‌ ...സ്വപ്നത്തിനു കടിഞ്ഞാണില്ലല്ലോ ...........