Tuesday, January 22, 2013

എന്റെ താമസ സ്ഥലം ..ഒരു പ്രവാസ കവിത ..

എന്റെ താമസ സ്ഥലം
ഞങ്ങള്‍ ആറു പേര്‍
അബുദാബിയിലെ  എണ്ണിയാലൊടുങ്ങാത്ത
പ്രവാസികളില്‍ ഞങ്ങളും
ഒരു വീട്ടുകാരെ പോലെ ഞങ്ങള്‍ ജീവിച്ചു
നാട്ടിലും ഞങ്ങള്‍ അടുത്തടുത്ത നാട്ടുകാര്‍
നാടും നാട്ടാരും ഞങ്ങളുടെ ചര്‍ച്ചയില്‍ ഇടം പിടിച്ചു
നാട്ടിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ
പ്രതിഫലനങ്ങള്‍ ഞങ്ങള്‍ കൂലങ്കഷമാക്കി...
എന്ത് രസകരമായിരുന്നെന്നോ ഞങ്ങളുടെ താമസസ്ഥലം ...
സദ്ദാമിനെ കൊന്നതും ബിന്‍ ലാദന്റെ മരണവും
ഒബാമയുടെ രംഗ പ്രവേശവും
ഞങ്ങള്‍ ആവേശ പൂര്‍വം ചര്‍ച്ച ചെയിതു ...
ആക്രോശങ്ങളും വാക്ക് തര്‍ക്കങ്ങളും ഉടലെടുതിരുന്നുവെങ്കിലും പക്ഷെ ?
 ചര്‍ച്ചകള്‍ എന്നും ആരോഗ്യപരമായിരുന്നു
ചുമരിലെ കലണ്ടറിന്‍ താളുകള്‍ മാറി മറഞ്ഞു
ദിവസങ്ങള്‍ ഓടി മറഞ്ഞു ....
എം എഫ് ഹുസൈന്‍ മരിച്ചതും ബോംബെ രവി ഓര്‍മയായതും
ഞങ്ങള്‍ ചെയിതില്ല ....
ജഗതി ചേട്ടന് അപകടം പിണഞ്ഞു
പിറവം ഇലക്ഷന്‍ നടന്നു
ഒന്നും ഞങ്ങള്‍ അറിയാഞ്ഞിട്ടല്ല ചര്‍ച്ചകള്‍ക്ക്
സമയം ഉണ്ടായിരുന്നില്ല...
എന്തറിഞ്ഞാലും  അപ്നാ അപ്നാ
കൊണ്ട് നടന്നു...
ഇതൊക്കെ കൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍
അകലം വര്‍ദിച്ചുവോ എന്ന് ഞാന്‍ സംശയിക്കുന്നു
എല്ലാത്തിനും കാരണക്കാരന്‍
റൂമിന്‍റെ മൂലയില്‍  ഞെളിഞ്ഞിരുന്നു
ജോലി കഴിഞ്ഞു വന്നാലുടന്‍ വല്ലതും വേഗത്തില്‍
കഴിച്ചെന്നു വരുത്തി
അവരവരുടെ കട്ടിലില്‍ കിടന്നു
പതിഞ്ഞ ചിരി ചിരിച്ചു ...
ചിരി ഉച്ചത്തിലായാല്‍ അപ്പുറത്തെ കട്ടിലിലുള്ളവന്‍
തല ഉയര്‍ത്തി നോക്കും ..
അതിനര്‍ത്ഥം ശബ്ദം കുറക്കടോ എന്നാണു...
എല്ലാത്തിനും കാരണക്കാരന്‍ ഒന്നാണ്...
അതാണ്‌ ഇന്റര്‍നെറ്റ്‌ എന്നാ മാസ്മരികത
അതിലെ ചാറ്റിങ്ങും എഫ് ബുക്കും ഓണ്‍ ലൈനും ...
എല്ലാം നല്ലത് തന്നെ പക്ഷെ ..
അധികമായാലോ ...
അതാണിവിടെ സംഭവിച്ചത്
ഇന്ന് ഒട്ടു മിക്ക സ്ഥലത്തും സംഭവിക്കുന്നതും
പ്രിയപ്പെട്ട കൂട്ടുകാരെ ...
ആഴ്ച്ചയില്‍ ഒരു ദിനമെങ്കിലും അതിനു
അവധി കൊടുക്കുക
മനസ്സ് തുറക്കുക-നാടും നാട്ടാരും
നാട്ടിലെ കൊച്ചു വര്‍ത്തമാനങ്ങളും
ചര്‍ച്ചകളാവട്ടെ  ..
അതൊരിക്കലും നഷ്ട്ടമാവില്ല
അത് ഗുണമാണ്  ഉണ്ടാക്കുക
ഗുണം മാത്രം ...
പ്രിയ കൂട്ടുകാരെ നന്ദി
നമസ്കാരം ....





Thursday, January 10, 2013

കാവുംപുറം എന്റെ കൊച്ചു ഗ്രാമം ...

           മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത എന്റെ കൊച്ചു ഗ്രാമത്തിന്റെ പേരാണ് കാവുംപുറം ..പേര് സൂചിപ്പികുംപോലെ തന്നെ ഗ്രാമത്തിന് മധ്യത്തില്‍ ഭഗവതി ക്ഷേത്രം തലയുയര്‍ത്തി നില്‍ക്കുന്നു , നാല് റോഡുകള്‍ കൂടി ചേര്‍ന്ന ഒരു ജഗ്ഷന്‍ ആണ് പ്രധാന അങ്ങാടി , കുറുകെ നീണ്ടു പോവുന്ന നാഷ്ണല്‍ ഹൈവേ , ഇടത്തോട്ടുള്ള റോഡ്‌ പടിഞാറെക്കര  യിലേക്കും വലത്തോട്ടുള്ള റോഡ്‌ തിണ്ടലതെക്കുമാണ്,
     
         പടിഞ്ഞാറെക്കര റോഡില്‍ കുറച്ചു നടന്നാല്‍ അങ്ങാടിയില്‍ നിന്നും അകന്ന് മാറി കള്ളു ഷാപ്പ്‌ നില നില്‍ക്കുന്നത് കൊണ്ടാണ് ആ റോഡിനു ജനങ്ങള്‍ മാഹി റോഡ്‌ എന്ന പേര് നല്‍കിയത് , നാഷണല്‍ ഹൈവേയില്‍ കോഴിക്കോട് റോഡ്‌ ഭാഗത്തേക്ക് കുറച്ചു നടന്നാല്‍ വാഹന അപകടങ്ങള്‍ കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ച വട്ടപ്പാറ വളവായി , കുത്തനെയുള്ള ഇറക്കവും വളവും കാരണമാണ് അപകടങ്ങള്‍ കൂടുന്നതെന്നും അതല്ല അവിടെ എന്തോ ഒരു ഭൂതം ഉണ്ട് അതാണ്‌ വാഹനത്തിന്റെ ഗതി മാറ്റുന്നതെന്നും ചൊല്ലി പറയുന്നു നാട്ടു വാസികള്‍ , അന്ന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളാണ്  ഇവിടെ അധികവും അപകടത്തില്‍ പെടുന്നത് ,

           അങ്ങാടിയില്‍ നിന്ന് കുറച്ചു മാറി മറ്റൊരു റോഡ്‌ പോകുന്നത് കാളിയാലയിലെക്കാണ് , ഈ റോഡിനു  അമ്മി റോഡു എന്നും പേരുണ്ട് , കാരണം റോഡിനു ഇരു വശത്തുമായി ചെറിയ ചെറിയ ഷെഡുകള്‍ കെട്ടി അവിടെ നാട്ടിലെ ചെരുപ്പക്കാരടങ്ങുന്നവര്‍ അമ്മി ഉരല്‍ തുടങ്ങിയവ മുതല്‍ അതി മനോഹരമായ വിഗ്രഹങ്ങളും മീസാന്‍ കല്ലുകളും നിര്‍മിക്കുന്നുണ്ട് , ഒരേ താളത്തിലുള്ള അവരുടെ കല്ലിന്മേലുള്ള വിരലനക്കങ്ങള്‍ കൂടി ചേരുമ്പോള്‍ ഉയിര്‍ കൊള്ളുന്ന മനോഹരമായ ശബ്ദം വളരെ വളരെ ആസ്വധ്യകരമാണ് , സ്വാതന്ത്ര്യ സമര സേനാനി മരിച്ചുപോയ ചെക്കുമാഷിന്റെ വീട് ഈ റോഡിനരികിലാണ് ,പിന്നെ  വിഷ ചികില്‍സകാനായിരുന്ന  ഇബ്രാഹിം കുട്ടി സാഹിബിന്റെ വീടും ഈ റോഡിലാണ്  ,  ഈ റോഡു വഴി താനിയാപ്പന്‍ കുന്നിന്മേലും എത്താം , വളരെ മനോഹരമായ ഈ കുന്നിന്‍ മുകളില്‍ പോയി നില്‍ക്കുക ചെറുപ്പത്തില്‍ എന്റെയും കൂട്ടുകാരുടെയും രസകരമായ വിനോദങ്ങളില്‍ ഒന്നായിരുന്നു ,ഇപ്പൊ അവിടെയൊക്കെ ആള്‍ താമസം തുടങ്ങി കൊച്ചു കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കാനുള്ള കുന്നു മാത്രമായി അതും , കാടബുഴയില്‍ നിന്നും ഗുരുവായൂരിലേക്ക് കെ എസ ആര്‍ ടി സീ ബസ്‌ കെട്ടി ജലീല്‍ ഞങ്ങളുടെ നാട്ടില്‍ എം എല്‍ ഏ ആയിരിക്കുമ്പോഴാണ് ഫ്ലാഗ് ഓഫ്‌ ചയിതത് , കാലിയാല റോഡില്‍ നേരെ പോയാല്‍ മനോഹരമായ ഒരു കുളം കാണാം ഒരു പാട് പേര്‍ക്ക് കുളിക്കാനും അലക്കാനും ഉപകാരപ്പെടുന്നു ഈ കുളം , ഇനിയും മുന്നോട്ടു പോയാല്‍ കാളിയാല ചെറിയ ഗ്രാമത്തിലെത്തി ,

         അതിനിടക്ക് കാവുംപുറത്തിന്റെ  മറ്റൊരു പ്രത്യാകത പറയാന്‍ മറന്നു , അങ്ങാടിയുടെ മദ്ധ്യത്തില്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്ന രണ്ടു ആല്‍ മരങ്ങളാണ്  ഗ്രാമത്തിന്റെ ഐശ്വര്യം , ഒരു പക്ഷെ  നാളെയുടെ വികസനകുതിപ്പില്‍ അവയും  ഓര്‍മകളില്‍ മറഞ്ഞെക്കാം , നെറ്റിപ്പട്ടം കെട്ടിയ ഗജ വീരന്റെ ഗമയാണ് ആല്‍ മരങ്ങള്‍ ഞങ്ങളുടെ ഗ്രാമതിമു തരുന്നത് , പക്ഷെ എല്ലാം പറഞ്ഞിട്ട് ഞാന്‍ ഇത് മാത്രം പറഞ്ഞില്ലെങ്കില്‍ നിങ്ങളെന്നോട്  കേറുവിക്കും , ആല്മരചോട്ടിലാണ് ഞങ്ങളുടെ ബസ്‌ കാത്തു നില്‍ക്കുന്ന സ്ഥലം അത് കൊണ്ട് തന്നെ ഇവിടെ ബസ്‌ കാത്തു നില്‍ക്കുന്നവര്‍ സൂക്ഷിക്കണം കാരണം മുകളില്‍ നിന്ന് കാക്ക കാഷ്ട്ടിക്കാന്‍ സാധ്യതയുണ്ട് , അപ്പൊ ശരി ഇനി പറയാം , വളരെ കാലം മുമ്പേ തന്നെ അങ്ങാടിയിലെ രണ്ടു കച്ചവടക്കാരാണ് ഉണ്ണീന്‍ ഹാജിയും കുഞ്ഞറമുട്ടിക്കയും  മിക്ക വീട്ടുകാര്‍ക്കും അവിടെ പറ്റ് പുസ്തകമാണ് , എല്ലാവരും മാസാവസാനത്തില്‍ ആണ് പൈസ കൊടുക്കുന്നത് , അത് കൊണ്ട് തന്നെ അങ്ങാടിയില്‍ ഈ അടുത്ത കാലം വരെ അവര്‍ തന്നെയായിരുന്നു കച്ചവടം നിയന്ത്രിച്ചിരുന്നത് ,

       വളാഞ്ചേരി ഭാഗത്തേക്ക് നടന്നാല്‍ ആദ്യം കാണുന്നത് മംബഹുല്‍ ഹുദ മദ്രസ്സയാണ് അതിനടുത്തായി എ എം എല്‍ പി സ്കൂളും , ഞാന്‍ പഠിക്കുന്ന കാലത്ത് മദ്രസ്സയില്‍ ഉണ്ടായിരുന്ന ജിന്ന് മുസ്ലിയാരും വലിയ മൊല്ലാക്കയും ഒക്കെ കുറെ മുമ്പ് മരണപ്പെട്ടു , സ്കൂളിലെ ഉബൈദ്‌ മാഷും ആമിന ടീച്ചറും കുഞായിഷ ടീച്ചറും കൃഷ്ണന്മാഷും മൊഹമ്മദ്‌ അലി മാഷും ഓര്‍ക്കുമ്പോള്‍ രസകരമായ ഒത്തിരി വിശേഷങ്ങള്‍ ഉണ്ട് , മദ്രസ്സ ക്ക് എതിര്‍ വശത്തായി ഹാജ്യാര് പാപ്പാന്റെ വീട് ഇപ്പോഴത് പുതുക്കി പണിതുവെങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്കാ വീട് അന്ന് കൌതുക കാഴ്ച നല്‍കുന്ന വീടായിരുന്നു , കരി കച്ചവടക്കാരായിരുന്ന അവിടേക്ക് കാളവണ്ടിയില്‍ ആയിരുന്നു ചാക്കുകളില്‍ നിറച്ചു കരി വന്നിരുന്നത് ,കാളവണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ആ ശബ്ദം വളരെ ദൂരെ നിന്ന് തന്നെ കേള്‍കാമായിരുന്നു, ഞങ്ങള്‍ അതിനു പിന്നാലെ കൌതുകത്തോടെ നോക്കി നടക്കുമായിരുന്നു , അവരുടെ പറമ്പില്‍ ഒരു കുളമുണ്ടായിരുന്നു കൂട്ടുക്കാര്‍ കുളത്തില്‍ ചാടി മറിയുന്നത് മതില്‍ പുറത്തു നിന്ന് കാണാന്‍ മാത്രമായിരുന്നു എന്റെ വിധി , കാരണം കുളത്തിലറങ്ങരുത് എന്ന് ഉമ്മാന്റെ അധ്യശാസന ഉണ്ടായിരുന്നു , ആ പറമ്പിനു പിറകില്‍ ആയിരുന്നു നടക്കാവില്‍ ഹംസ ഹാജിയുടെ പറമ്പ് , പറയാന്‍ കാരണം ആ പറമ്പിന്റെ മൂലയിലായി മുട്ടി കുടിയന്‍ മാങ്ങയുടെ ഒരു വന്‍ മാവ് ഉണ്ടായിരുന്നു , ചെറിയതായിരുന്നെന്കിലും മധുരത്തിന്റെ കാര്യത്തില്‍ വംബനായിരുന്ന അവന്റെ ചുവട്ടിലായിരുന്നു മാമ്പഴ കാലത്ത് ഞങ്ങളുടെ കസര്‍ത്തുകള്‍ , സ്കൂളില്‍ പോവുന്നതിനു മുമ്പും കഴിഞ്ഞു വന്നാലും നേരെ ഓടുന്നത് ആ മാവിന്ചോട്ടിലെക്കായിരുന്നു , വര്‍ഷങ്ങള്‍ക്കു മുമ്പ് ആ മാവും മരിച്ചു പോയ മുഹമ്മധ്ക്കായുടെ കൊടാലിയുടെ വേദനയറിഞ്ഞു ,

     ഇന്ന് ആ മാവ് നിന്നിരുന്ന സ്ഥലതിനടുതാണ് എം എല്‍ എ കെ റ്റി ജലീല്‍ ന്റെ വീട് സ്ഥിതി ചെയ്യുന്നത് , ആ പറമ്പിന്റെ ഒരറ്റതാണ് കണ്ണ് കാണാത്ത ഇമ്മുട്ടിതാന്റെ വീടും നില്‍ക്കുന്നത് , കണ്ണ് കാണില്ലേലും ശബ്ദം കേട്ടാല്‍ മതി ആളെ തിരിച്ചറിയും അവര്‍ക്ക് , ഞാനിക്കുറി നാട്ടില്‍ ചെന്നപ്പോള്‍ ഒരു വിരുന്നിനു കൂടിയപ്പോള്‍ എന്റെ ശബ്ദം കേട്ട് ജമീലാന്റെ മോനല്ലേ ഇജ്ജ്‌ ന്നാ വന്നത് എന്നൊക്കെ ചോതിച്ചു അവര്‍ , പിന്നെ പരിസരത് മരക്കാര്‍ കുട്ടി ഹാജി കുവൈത്ത്‌ കുഞ്ഞാപ്പുക്ക എന്നിവരൊക്കെ ഉണ്ട് ,അതിനു തൊട്ടപ്പുറതാണ് എന്റെ വീടും .. അങ്ങിനെ പറഞ്ഞു വന്നാ അത് നീണ്ടു പോവും .....
 
    ഇനി തിണ്ടലം റോഡിലേക്ക് പോവാം ..റോഡു ടാറോക്കെ പൊളിഞ്ഞു ആകെ കുളമായി കിടക്കുകയാണ് , കുറച്ചു പോന്നാല്‍ തൈക്കാട്ട് കുളവും തൈക്കാട്ട് ജാറവും സ്ഥിതി ചെയ്യുന്നു , വിശാലമായ തൈക്കാട്ട് കുളം കുളിക്കാനും അലക്കാനുമായി നിരവധി പേരാണ് അവിടെ വരുന്നത് , തൊട്ടടുത്ത്‌ തൈക്കാട്ട് ജാറവും അവിടെ തന്നെയുള്ള മീന്‍ കുളത്തി ക്ഷേത്രത്തിലെ പൂജാരിയാണ് തൈക്കാട്ട് ജാറതിന്റെയും കാര്യങ്ങള്‍ നോക്കുന്നത് , മീന്‍ കുളത്തി ക്ഷേത്രത്തിലെ ഉത്സവം നടക്കാറുണ്ട് , അവിടന്ന് കുറെ ദൂരം പോയാല്‍ ചാത്തന്‍ കാവ് എത്തി , അവിടെയും ഉത്സവം നടക്കാറുണ്ട് , മേല്‍ പറഞ്ഞ തൈക്കാട്ട് ജാറത്തിലേക്ക് പണ്ടൊക്കെ ചെറു ചെറു സംഖങ്ങള്‍ ചാടി മുട്ടും ദഫ്മുട്ടും ആയി ജാറത്തിലേക്ക് എത്താറുണ്ട് , അസുഖം മാറാനും മറ്റുമായി ഇതര മത വിഭാഗ ങ്ങള്‍ നേര്ച്ച നേര്ന്നാണ് ഈ വരവ് , പെട്ടി വരവ് എന്ന് വിളിക്കുന്ന ഈ വരവിന്റെ ശബ്ദം കേട്ടാല്‍ മതി ഞങ്ങള്‍ പിന്നാലെ കൂടും ചീര്നി വാങ്ങിക്കാന്‍ [തെങ്ങ അവില്‍ ശര്‍ക്കര എല്ലാം ചേര്‍ന്ന് മിക്സ്‌ ചെയ്തതാണ് ചീര്നി ]ഈ അടുത്താണ് അതൊക്കെ നിലച്ചത് , അന്ധ വിശ്വാസം എന്നോ മറ്റോ വിളിച്ചേക്കാം പക്ഷെ ഇത്തരത്തിലുള്ള ഉത്സവങ്ങളും നേര്‍ച്ചകളും നാടിന്റെ മഹോത്സവങ്ങളായിരുന്നു ,

       അടുത്തത് പടിഞ്ഞാക്കര റോഡാണ് , ഞങ്ങളുടെ നാട്ടിലെ പഴയ കാല വൈദ്യനായിരുന്ന വാസു വൈദ്യരുടെ വീട് സ്ഥിതി ചെയ്യുന്നത് ഈ സ്ഥലത്താണ് , അദ്ധേഹത്തിന്റെ കാല ശേഷം മകനനായ കുഞ്ഞുമാനാണ് വൈദ്യ ശാല നടത്തുന്നതും ചികില്‍സ നടത്തുന്നതും,  ബിസ്മില്ലാ നയ്‌സറി നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക ഖമറുന്നീസ ടീച്ചറും പടിഞ്ഞാക്കരയിലാണ് താമസിക്കുന്നത് , പടിഞ്ഞാക്കര റോഡ്‌ അങ്ങിനെ ഒരറ്റം  തിരിഞ്ഞു കാര്‍തലയിലും മറ്റൊന്ന് നേരെ പറബോളതും അവസാനിക്കുന്നു , പറബോളത് നിന്ന് നോക്കിയാല്‍  മനോഹരമായ നിളാ നദി കാണാം ..

     ഇനി അങ്ങാടിയിലെ വിശേഷങ്ങള്‍ ആവാം , ഇതു നേരത്തും വളാഞ്ചേരി വളാഞ്ചേരി എന്ന് വിളിച്ചു പറഞ്ഞു ഓട്ടോറിക്ഷകള്‍ ആളെ വിളിക്കുന്നത്‌ ഇവിടെ ജനങ്ങള്‍ക്ക്‌ വളരെ സഹായകമാണ് , അങ്ങാടിയില്‍ തന്നെ യുള്ള പള്ളിയും അമ്പലവും തേജസ്സു നല്‍കുന്നു , കളത്തില്‍ മെഡിക്കല്‍സും പഴയ രാമേട്ടന്റെ ഹോട്ടലും പിന്നെ പൂളയും മതിയും കിട്ടുന്ന തട്ടുകടകളും , തന്റെ മരണം വരെ സ്പോര്‍ട്സിനെ വളരെയദികം   സ്നേഹിച്ച ഒ പി മേനോന്‍ ഞങ്ങളുടെ മറക്കാനാവാത്ത വ്യക്തിയാണ് , കാവുംപുറത്തു നിന്ന് കുറച്ചു നടന്നാല്‍ മീമ്പാറയെത്തി , അവിടെ നിന്ന് ഇടതു വശത്തൂടെ കുറച്ചു കൂടി നടന്നാല്‍ വളാഞ്ചേരി ഹൈ സ്കൂളെത്തി  , ഒരു പാട് ഓര്‍മ്മകള്‍ അയവിറക്കുന്ന ഞങ്ങളുടെ കലാലയം , ഇന്നും ലീവിന് പോവുമ്പോള്‍ അത് വഴി പോവുമ്പോള്‍ സ്കൂള്‍ മാടി വിളിക്കുന്ന പോലെ തോന്നും , ജീവിതത്തിലെ രസകരമായ കാലം സ്കൂള്‍ കാലം തന്നെ എന്നതിനു എതിര്‍പ്പ് ഉണ്ടാവുമെന്ന് തോന്നുന്നില്ല ,
       
             പണ്ട് കാലത് മീമ്പാറയില്‍ ഉണ്ടായിരുന്ന പൌരപ്രധാനിയായിരുന്നു എന്തീന്കുട്ടി ഹാജി , തര്‍ക്കങ്ങള്‍ തീര്‍ക്കാനും കൂടിചെരലിനും ഒക്കെ തന്നെ അദ്ധേഹത്തിന്റെ തീരുമാനം എല്ലാവര്ക്കും സ്വീകാര്യമായിരുന്നു , ദൂര ദിക്കുകളില്‍ നിന്ന് പോലും അത് കൊണ്ട് തന്നെ അദ്ധേഹത്തിന്റെ സമീപത്തേക്ക് ആളുകള്‍ എത്താറുണ്ടായിരുന്നു , അദ്ധേഹത്തിനു ശേഷം ഞങ്ങളുടെ നാട്ടില്‍  ആരും  തന്നെ അത്ര പൊതു സമ്മതരായി ഉയര്‍ന്നു വന്നില്ല , കുറച്ചു കൂടി താഴെക്ക് പോയാല്‍ അമ്പലത്തിങ്ങല്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ വീടിനു എതിര്‍ വശത്തായി നടക്കാവില്‍ തറവാട് ഇത് പറയാന്‍ കാരണം ഇവിടെയാണ്‌ ഞങ്ങളുടെ നാട്ടിലെ പ്രശശ്തനായ ഡോക്ടര്‍ എന്‍ കെ മൊഹമ്മദ്‌ എന്നാ വാപ്പുട്ടി ഡോക്ടര്‍ ജനിച്ചത്‌ ഇന്നും അദ്ധേഹത്തിന്റെ കാലശേഷവും മക്കളായ മുജീബ്‌ ഡോക്ടറും നിസാര്‍ ഡോക്ടറും കൂടി ആ ഹോസ്പിറ്റ്ലായ എന്‍ കെ മുഹമ്മദ്‌ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കൊണ്ട് നടക്കുന്നു , നാട്ടു വൈദ്യത്തിലും കളരി പയറ്റിലും പ്രശശ്തനായിരുന്നു പുള്ള ബാവു എന്ന പേരില്‍ അറിയപെട്ടിരുന്ന പി വീ മുഹമ്മദ്‌ എന്നാ ബാവു അദ്ധേഹവും ഓര്‍മയുടെ പടി വാതിലില്‍ ആയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു  , തല ഉയര്‍ത്തി നില്‍ക്കുന്ന ജുമാമസ്ജിദ് ,  പെട്രോള്‍ പമ്പ്‌ , ഒട്ടു മിക്കതും ഞങ്ങളെ നാട്ടില്‍ ഉണ്ട് , പരസ്പരം സ്നേഹിക്കുന്ന ജനങ്ങള്‍ ഒത്തൊരുമയോടെ ജീവിക്കുന്നു , ഇനിയും ഒത്തിരി യുണ്ട് വിശേഷങ്ങള്‍ മനസ്സിന്റെ മസ്തിഷ്കത്തിലെ ആശയ പുഷ്പ്പങ്ങള്‍ എനിക്ക് തന്ന എന്റെ ഗ്രാമത്തിന്റെ കൊച്ചു ചിത്രമാണിത് ,,, വിട്ടു പോയ പ്രദാനമായവ അറിയിക്കുമല്ലോ ...
     
        

Monday, January 7, 2013

നക്ഷത്രം .....കവിത

ആകാശത്തിന്റെ മാറിടത്തില്‍
നിറഞ്ഞു നില്‍ക്കുന്ന നക്ഷത്രങ്ങള്‍
എത്ര മനോഹരമാണ്
അതിരുകള്‍ തിരിചിട്ടില്ലാത്ത ആകാശം
അവിടെ താമസക്കാരായ നക്ഷത്രങ്ങള്‍
ഒരൊറ്റ ലോകം കണക്കെ
വിസ്തൃതമായ ആ പ്രതലത്തില്‍
സഹവസിക്കുന്ന നക്ഷത്രങ്ങള്‍ എന്ത് മാത്രം
സന്തോഷവാന്മാരായിരിക്കണം ....
കാരണം ഭൂമിയില്‍ കാണുന്ന പോലെ
അതിരുകള്‍ തിരിച്ചു ആ അതിരിന്
വേണ്ടി പിന്നെ അവര്‍ക്ക്,
ഏറ്റു മുട്ടേണ്ടി വരുന്നില്ലല്ലോ ?
നമ്മള്‍ വിവേക ബുദ്ധിയുള്ള
വിഡ്ഢികള്‍ വെറുതെ
വഴക്കടിക്കുന്നു
ഒരു തുണ്ട് ഭൂമിക്കായി ....