Monday, December 18, 2017

പെട്ടിയിലെ പേരെഴുത്ത്...

പെട്ടിയിൽ പേരെഴുതാൻ പറഞ്ഞപ്പോൾ മനസ്സൊന്ന് പിടഞ്ഞു....നാട്ടിലേക്ക് ലീവിന് പോകുന്ന കൂട്ടുകാരുടെ പെട്ടിയിലൊരു പാടു  തവണ പേരെഴുതിയിട്ടുണ്ട് പക്ഷെ ഇതത് പോലെയല്ലല്ലോ.

ഈ പെട്ടിയിൽ ആണല്ലോ പേരെഴുതേണ്ട ആൾ കിടക്കുന്നത്, പോലീസുകാരന്റെ എഴുതാനുള്ള പറച്ചിലിൽ മനസ്സ് വീണ്ടെടുത്തു മാർക്കർ പെന്നും പിടിച്ചു പെട്ടിയിൽ പേരും വിലാസവും എഴുതി തീർന്നപ്പോഴേക്കും കൈകൾ തളർന്നിരുന്നു...ഒരു നാളെ ഞാനും ഈ പെട്ടിയിൽ യാത്ര പോകില്ലെന്ന് ആരു കണ്ടു..

ആളെ തീർച്ചപ്പെടുത്താൻ വീണ്ടും വീണ്ടും പറഞ്ഞപ്പോൾ മയ്യത്തിന്റെ മകന്റെ കൂടെ ഞാനൊരു വട്ടമേ ആ മുഖം നോക്കിയുള്ളൂ..ഒരു പാട് ഓർമകൾ മനസ്സിലേക്ക് ഓടിയെത്തി, ഏത് നേരവും ചിരിക്കുന്ന മുഖവുമായി നടന്നിരുന്ന ആരേയും മുഖം കറുപ്പിച്ചു നോക്കാതെ എല്ലാരോടും സ്നേഹത്തോടെ മാത്രം പെരുമാറിയിരുന്ന ആ നല്ല മനുഷ്യൻ..
പെരുന്നാളിന്റെ ദിനത്തിൽ വൈകുന്നേരം പുറത്ത് പോയിട്ട് പിറ്റേന്നും കാണാതിരുന്നപ്പോൾ അന്നോഷിച്ചു നടന്ന കൂട്ടുകാർ കണ്ടത് കുറച്ചകലെയുള്ള ഗ്രൗണ്ടിൽ മരിച്ചു കിടക്കുന്ന രൂപത്തിൽ...

ക്ഷണിക്കാതെ കടന്ന് വരുന്ന മരണമെന്ന പ്രതിഭാസം ഇന്ന് കണ്ടവനെ നാളെ കാണുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയാത്ത ജീവിതം  ..എല്ലാമറിയാമായിരുന്നിട്ടും
പരസ്പരം പോരടിച്ചു വെട്ടിപിടിക്കാൻ ശ്രമിക്കുന്നവൻ അവനത്രെ മനുഷ്യൻ...

ഉപ്പാക്ക് സുഖമില്ലാതെ കൊണ്ടു വരുന്നുന്നു മക്കളോട് പറഞ്ഞതിനാലാകണം ഉപ്പായുടെ ഡ്രെസ്സുകളൊക്കെ മക്കൾ ഇസ്തിരിയിട്ട് മടക്കി അടുക്കി വെച്ചിരിക്കുന്നു...അവർക്കറിയില്ലല്ലോ അവരുടെ ഉപ്പാക്ക് ഇനി ആ ഡ്രെസ്സുകളൊന്നും വേണ്ടെന്ന്..
മൂന്ന് കഷ്ണം വെള്ളയാണ് ഇനി ഉപ്പാന്റെ വസ്ത്രമെന്ന്....
പുറത്ത് നിന്ന് മയ്യത്ത് കിട്ടിയതിനാലാകണം അന്ന്വഷണങ്ങളും പരിശോധനകളും കഴിഞ്ഞു 15 ദിവസത്തോളം കഴിഞ്ഞാണ് മയ്യത്ത് കൊണ്ടു പോയത്...വേണ്ടപ്പെട്ടവരെ മാത്രം കാണിച്ച് മയ്യത്ത് വേഗത്തിൽ മറവ്‌ ചെയിതു.....

എല്ലാവരോടും ചിരിച്ചു. കുശലം പറഞ്ഞു യാത്ര പറഞു പോന്ന ഒരു പ്രവാസിയുടെ തിരിച്ച് പോക്ക്‌ ...
എല്ലാ അവധിക്കും  പെട്ടികളുമായി പോയിരുന്ന ആ പ്രവാസിയുടെ ഇപ്രാവശ്യത്തെ പോക്ക്‌ പെട്ടിക്കുള്ളിലായിട്ടായിരുന്നു ...
അതാണ് മരണം .....

ജീവിതവും ഓർമകളും കൂട്ടുകാരും മക്കളും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ തന്നെ മടക്കി വെച്ച് യാത്ര പോലും പറയാതെ പോകുമ്പോൾ .... നമ്മൾ അയാളുടെ ഓർമകൾക്ക് മുമ്പിൽ ഓർത്തു നിൽക്കുന്നു.. നിർവികാരതയോടെ..
നാളെ നമ്മളും യാത്ര പോകും ആരോടും യാത്ര പോലും പറയാൻ കഴിഞ്ഞെന്ന് വരില്ല..

ജീവിതം ഒന്നേയുള്ളൂ പക വെട്ടാതെ പോരടിക്കാതെ സ്നേഹിച്ചു ജീവിക്കുക..ക്ഷമിക്കാൻ ശീലിക്കുക...ദൈവം അനുഗ്രഹിക്കട്ടെ.....