Tuesday, January 21, 2020

കുമാരനും കുട്ട്യോളും...



അതിരാവിലെ വാതിലിൽ തുടരെ തുടരേയുള്ള മുട്ട് കേട്ടാണ് ഉറക്കമുണർന്നത്....മഴ കാരണം രണ്ടു ദിവസമായി കറന്റുമില്ല.... ധൃതിയിൽ എണീറ്റ് വാതിൽ തുറന്ന് നോക്കിയപ്പോ കുമാരനും കുട്ട്യോളും.....
ന്തേ കുമാരാ ഈ നേരത്ത് ...ഇജ്ജും മക്കളും കൂടി...
കബീറെ... മക്കൾ കരച്ചിൽ തന്നെ ..അവരുടെ  കൂടെ ഓളും.... അപ്പോഴേക്കും ഉറക്കമുണർന്നു വന്ന എൻറെ ബീവി സുഹറ ,  ..ന്തേ കുമാരേട്ടാ സാവിത്രി ചേച്ചിക്ക് ന്തേലും .....ഞങ്ങളാകെ ബേജാറായി....
ഒന്നും പറയാതെ  കുമാരനും കുട്ട്യോളും മെല്ലെ അകത്തേക്ക് കയറി ഇരുന്നു....മെല്ലെ കയ്യിൽ ഉണ്ടായിരുന്ന ഒരു പെട്ടി എന്റെ കയ്യിലേക്ക് തന്നു.....
ഇതെന്താടോ എന്നും പറഞ്ഞു തുറന്ന് നോക്കിയപ്പോ കുറേ പഴയ സാധനങ്ങൾ; ഓട്, കിണ്ടി, നാണയങ്ങൾ, മെതിയടി അങ്ങിനെ ഒത്തിരി സാധനങ്ങൾ....
ഇതേന്താടോ ഇത്ര വെളുപ്പിനു തന്നെ ഇജ്ജ് ഇതെയിറ്റ് 
വന്നത്......
ചിലപ്പോ കണക്കെടുപ്പുകാര് ഇന്ന് വരാൻ സാധ്യതയുണ്ട് ...അതോണ്ട് ഇജ്ജ് ഇത് അകത്തേക്ക് വെക്ക്. അവർക്ക് തെളിവ് മതിയല്ലോ ......
ഇജ്ജും കുട്ട്യേളും ഇബ്ട്ന്ന് പോയാൽ ....ഓർക്കാൻ പോലും പറ്റ്ണില്ല്യ. പേടിയിലാണ് എല്ലാരും....
മനസ്സ് പിടിച്ചിട്ട് കിട്ടണില്ല്യടോ....
ഇന്നലെ ഓളും മക്കളും കരച്ചിലോടെ കരച്ചിലായിരുന്നു... വിളിക്കാത്ത നേർച്ചക്കാരില്ല. ചോദിച്ചപ്പോ ഓല് പറയാ; സുപ്രീം കോടതി വിധി അനുകൂലമാകാനാന്ന്.... അത്ഭുതത്തോടെയാണ് എല്ലാം കേട്ടത്.... ഓരോരുത്തരും ഭീതിയിലാണ്, എന്താകും സംഭവിക്കുക എന്നതിൽ..... കുമാരൻ ഒരുവിധം പറഞ്ഞു നിർത്തി.
അറിയാതെ കണ്ണു നിറഞ്ഞു പോയി... അതുകണ്ട കുമാരൻ എണീറ്റ് വന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ....ഡാ ഇത് നമ്മൾ ജനിച്ച് കളിച്ച് വളർന്ന മണ്ണാണ് ...നമ്മളിവിടെ തന്നെ ഒന്നിച്ചു നിൽക്കും....ഒരു നിയമത്തിനും നമ്മളെ പിരിക്കാൻ കഴിയില്ല....
സങ്കടം കൊണ്ടും സന്തോഷം കൊണ്ടും കണ്ണുതുടക്കുമ്പോഴാണ് സുഹറ അടുക്കളേന്ന് പോകല്ലിട്ടോന്ന് വിളിച്ചു പറയുന്നത്.... ഈ ബഹളം കേട്ടാണ് അകത്തു നിന്ന് മക്കൾ കണ്ണുതിരുമ്മി എഴുനേററു വരുന്നത്....
കാലത് തന്നെ കൂട്ടുകാരെ കണ്ടപ്പോൾ അവരാദ്യമൊന്നമ്പരന്നു...
ഒന്നിച്ചിരുന്ന് കാലിച്ചായ  കുടിച്ച് പിരിയുമ്പോൾ മനസ്സ് സുദൃഢം പറയുന്നുണ്ടായിരുന്നു....
നാനാജാതി മതസ്ഥരായ മനുഷ്യരെ ഈ മണ്ണിൽനിന്ന് ആട്ടിയോടിക്കാൻ ആർക്കും കഴിയില്ല..... കുമാരനെപ്പോലുള്ളവർ അതിന് സമ്മതിക്കില്ല....
CAA തുലയട്ടെ.

സക്കീർ കാവുംപുറം....
20.01.2020

No comments:

Post a Comment