Wednesday, August 13, 2014

സ്ത്രീധനം ഒരു വിഷമാണ് ............

   അന്നൊത്തിരി വൈകിയിരുന്നു മാര്‍കറ്റില്‍ പോകാന്‍ ...രാത്രിയില്‍ കുറച്ചു ദിവസമായി നല്ല ചൂടാണ് ..ഇന്നും ഒരു മാറ്റവുമില്ല ...കുറച്ചു നടന്നാല്‍ മതി ആകെ വിയര്‍ത്തു കുളിക്കും ...
എമിരേറ്റ്സ് വെജിറ്റബള്‍ ഷോപ്പില്‍ എത്തിയപ്പോള്‍ 12,30 ...എന്താ സക്കീര്‍ക്കാ ഇന്ന് വൈകിയോ ,ബാബുവിന്‍റെ പറചിലോടെയാണ് അവിടേക്ക് കാലെടുത്തു വെച്ചത് ..സാധനങ്ങള്‍ ഒക്കെയില്ലേ ..ഇങ്ങക്ക് എന്താണ് വേണ്ടത് ഇല്ലാത്തത് ഞാനെടുത്തു തരും . ഒന്നും ഇല്ലെന്നു പറയാന്‍ ഒരിക്കലും തെയ്യാറാകാത്ത ആഷിക്കിന്‍റെ വാക്കുകള്‍ കേട്ട് എനിക്ക് ചിരി വന്നു ....
എതിര്‍ വശത്ത് നിന്നും വരുകയായിരുന്ന കുഞ്ഞുട്ടിക്കാനോട് എന്താണ് സുഘമല്ലേ എന്ന് ചോതിച്ചതെയുള്ളൂ ...
പിന്നെ നല്ല സുഖമല്ലേ ...അനക്ക് ഓറഞ്ച് വേണെങ്കി എടുത്തോ ..ഇപ്പൊ കപ്പല് വന്നതാ ..ഇനി വേണോങ്കീ സ്റ്റോറില്‍ ഉണ്ട് .....അത് ചിലപ്പോ ഐസ് കട്ട മാതിരി അലിഞ്ഞു ഇല്ലാതാകും അതാ പറഞ്ഞത് ..എന്ന് സ്വത സിദ്ധമായ ശൈലിയില്‍ പറഞ്ഞു അദ്ദേഹം നടന്നകന്നു ...
എവിടെ ഇന്ന് നൌഷാദ് കാണാനില്ലല്ലോ ....നൌഷാദിനെയും അന്വാഷിച്ചു അളിയന്ക്ക വന്നു ... ഇന്നവന് ലീവ് കൊടുത്തു ....ഇങ്ങക്കിനി മാറി മാറി വരാല്ലോ .....എന്നും പറഞ്ഞു അദ്ദേഹം ചിരിച്ചു നടന്നു ...
തൊട്ടപ്പുറത്ത് മാനു എന്തോ പറഞ്ഞു കസര്‍ത്തുക യാണ് ....
ഞാന്‍ സാധനങ്ങള്‍ അടുക്കി വെക്കുന്നതിനിടയിലൂടെ മാനുപ്പയും മുസ്തഫാക്കയും മറ്റുള്ളവരും  പുഞ്ചിരിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു നീങ്ങി , 
ബില്ലെഴുതാന്‍ വന്ന ബാബു .....ഇങ്ങള് ഷഫീക്കിന് വിളിച്ചിരുന്നോ എന്ന് ചോതിച്ചപ്പോളാണ്  ....ഞാനത് ഓര്‍ത്തത്‌ തന്നെ ...എളാപ്പ എന്നാ വിളിപെരില്‍ അറിയപെടുന്ന ഷഫീക് കഴിഞ്ഞ ആഴ്ച പോയതാണ് ഇത് വരെ വിളിച്ചിട്ടില്ല ...
ഇല്ലെടാ ബാബു ..നാളെ വിളിക്കണം ....വിളിക്കുമ്പോ എന്‍റെ അന്വാഷണം കൂടെ പറഞ്ഞേക്ക് എന്ന് ബാബു ഉണര്‍ത്തി ....
കൌണ്ടറില്‍ ചെന്ന് ജാഫര്‍ക്ക കൂട്ടി നോക്കി ജാഫര്‍ന്‍റെ കയ്യില്‍ പൈസയും കൊടുത്തു ഞാന്‍ നടന്നു ..ഇനീം സാധനങ്ങള്‍ വാങ്ങാനുണ്ട്‌ ....ഒരു ചായ കുടിക്കണം എന്ന് കരുതി സിറ്റി ഗേറ്റ് ഹോട്ടല്‍ ലേക്ക് കയറി ..അവിടെ നല്ല തിരക്ക് ...24 മണിക്കൂറും ഉള്ളത് കൊണ്ട് രാത്രിയില്‍ അറബികളൊക്കെ ഇവിടെ വന്നാണ് ചായ കുടിക്കുന്നത് അത് കൊണ്ട് നല്ല തിരക്ക് ....ചായയും ഒരു കേക്കും വാങ്ങി തൊട്ടപുറത്തുള്ള ബലധിയ്യയുടെ ഓഫീസിന്‍റെ പടിയില്‍ ഇരിക്കാന്‍ വേണ്ടി നടന്നു ....
അവിടെ ഇരുന്നു ചായ കുടിക്കുമ്പോള്‍ .കുറച്ചപ്പുറതായി ഇരുന്നിരുന്ന വയസ്സായ ഒരാള്‍ നിറുത്താതെ ചുമക്കുന്നത് കണ്ടു ..ആദ്യം ഞാന്‍ ശ്രദ്ധിച്ചില്ല ..പിന്നേം നിര്‍ത്താതെ ആയപ്പോള്‍ ..എന്താ ഇക്കാക്കാ എന്നു ചോതിച്ചു ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു ...
എയി ഒന്നുല്യ ...നിങ്ങള് ആകെ വിയര്‍തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിനു 
..അങ്ങിനത്തെ ചൂടല്ലേ അതാ ..എന്നും പറഞു അദ്ദേഹം അവിടെ മെല്ലെ ഇരുന്നു ....ഞാന്‍ വേഗത്തില്‍ പോയി ഒരു കുപ്പി വെള്ളം കൊണ്ട് വന്നു കൊടുത്തു ...
വേണ്ടീന്നീല മോനെ ..ആ പൈപ്പീന്നു ഞാന്‍ എടുതീരുന്നല്ലോ ....അയാള്‍ പുറത്തു വെള്ളം കുടിയ്ക്കാന്‍ വെച്ച പൈപ്പ് ചൂണ്ടി കൊണ്ട് പറഞ്ഞു ....
ആ കുപ്പി വെള്ളം ആ മനുഷ്യന്‍ ആര്‍ത്തിയോടെ കുടിക്കുമ്പോള്‍ ഞാന്‍ അദ്ധേഹത്തെ നോക്കി കാണുകയായിരുന്നു ...
ആകെ മെലിഞ്ഞ ഒരു രൂപം ..താടിയും മീശയും ഒക്കെ വെളുത് മുടിയൊക്കെ വലുതായിരിക്കുന്നു ..അടുത്തൊന്നും വെട്ടിയിട്ടില്ലെന്നു സാരം ...
വെള്ളം കുടി നിര്‍ത്തി അയാള്‍ എന്നെ നോക്കി ....
പടച്ചോന്‍ നിക്ക് ഇങ്ങനോതൊരു മോനെ തന്നീര്‍ന്നെങ്കില് എന്ന് പറഞ്ഞു ..അത് കേട്ടതും ഞാന്‍ .എന്താ ഇങ്ങക്ക് മക്കളില്ലേ ..എന്ന് ചോതിച്ചു ....ഉണ്ട് മൂന്നു പെണ്മക്കള്‍ .....
ആ മോനെ പിന്നോരീസം നമുക്ക് കാണാം ...ആ വണ്ടിക്കുള്ള സാധനങ്ങള്‍ കയറ്റണം എന്നും പറഞ്ഞു അദ്ദേഹം അടുത്ത് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പിനു സമീപത്തേക്ക് നടന്നു .....
എനിക്കല്‍ഭുതമായി ..ഇത്ര വയസ്സാം കാലത്തും ഇങ്ങിനെ കഷ്ട്ടപെടുന്ന ഒരു മനുഷ്യന്‍ .....
നിങ്ങളത് കയറ്റി വരിം ...ഞാനിവിടെ നില്‍ക്കാം ...എന്ന് ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു ,,,അയാള്‍ അത് കേട്ടത് പോലെ തലയാട്ടി ....
പെട്ടെന്ന് ബാക്കിയുള്ള സാധനങ്ങളൊക്കെ വാങ്ങി റെഡിയാക്കി വെച്ച് ഞാന്‍ വീണ്ടും അയാളെ കാണാന്‍ ചെന്നു ....
അപ്പോള്‍ അയാള്‍ സിഗരെറ്റ്‌ വലിക്കുകയായിരുന്നു ,,,ഇങ്ങിനെ ചുമക്കുന്ന നിങ്ങളെന്തിനാണ് വലിക്കുന്നതെന്ന് ചോതിച്ചപ്പോള്‍ അയാള്‍ ഒന്നും പറഞ്ഞില്ല ... 
അയാള്‍ അവിടെ ഇരുന്നു ..ഞാനും  മെല്ലെ അയാളുടെ സമീപമിരുന്നു .....
ഇങ്ങളെത്ര കാലായി  ഇവിടെ ...
കുറച്ചു നേരം ചിന്തിച്ചിരുന്നു അദ്ദേഹം പറഞ്ഞു 33 കൊല്ലം ,,,,
ഈ മീന മാര്‍കെറ്റില്‍ ...20 കൊല്ലം ....
33 കൊല്ലം ഇനി മതിയാക്കി പോയിക്കൂടെ .....
എന്‍റെ വര്‍ത്താനം കേട്ടപ്പോള്‍ അയാള്‍ മെല്ലെ ചിരിച്ചു ....ഒരു പത്തു പവനും കൂടി കൊടുക്കാനുണ്ട് , അതും കൂടി കൊടുത്താല്‍ കഴിഞാ  പിന്നെ ഞാന്‍ പോകും ....
ആര്‍ക്കു കൊടുക്കാന്‍ ..
എന്‍റെ ഇളയ മോള്‍ സക്കീനക്കു പറഞ്ഞത് പോലെ നിക്കാഹിനു മുയുവന്‍ സ്വര്‍ണം കൊടുത്തിട്ടില്ല ....അത് കയിഞ്ഞിട്ടിപ്പോ രണ്ടു കൊല്ലായി ..മോശല്ലേ ..
അത് കൊടുക്കണം അയാള്‍ അത് തന്നെ പറഞ്ഞു കൊണ്ടിരുന്നു ....പിന്നെയും ചുമച്ചു ....
മരുമകന്‍ എന്താ ചെയ്യുന്നത് ....
ഓന് നാട്ടില്‍ ഓട്ടോറിക്ഷ ഓടികാണ് .....
ഓന് ഇങ്ങളോട് ഈ പൈസ ചോതിച്ചോ ..
ഇല്ല്യല്ല ...ന്നാലും ഓളോട് പറഞ്ഞത്രേ .....അന്‍റെ ഉപ്പ ബാക്കി സ്വര്‍ണം കൂടി തന്നീരുന്നെങ്കില് ഈ വണ്ടി മാറ്റി ഒരു കാര്‍ വാങ്ങായിരുന്നൂന്നു ...
അയാളോട് ചാരിയിരുന്നപ്പോള്‍ എനിക്ക് കിട്ടിയ മണം വിയര്‍പിന്റെതായിരുന്നില്ല......
ആ മനുഷ്യനില്‍ ഞാന്‍ കണ്ടത് , ജീവിതം മുഴുവന്‍ ഈ മണല്‍ നാട്ടില്‍ കരിയിച്ചു കളഞ്ഞ പണ്ട് കൊച്ചു ബാവ പറഞ്ഞ കഥാ പാത്രതെയാണ് ...
അയാളോട് യാത്ര പറഞ്ഞു നടക്കുമ്പോള്‍ ....എന്‍റെ മനസ്സില്‍ 
അയാളുടെ വിയര്‍പ്പിന്‍റെ കിതപ്പിന്റെ കൂലി കൊണ്ട് കാര്‍ വാങ്ങാന്‍ സ്വപ്നം കാണുന്ന ആ മരുമകനായിരുന്നു ....
സ്ത്രീധനം കൊടുക്കുന്നത് തെറ്റാണ് .....
അപ്പോള്‍ അതിനെ കാതിരിക്കുന്നതോ ?
അങ്ങിനെ എത്ര മരുമകന്മാര്‍ ഉണ്ടാകും ഈ നാട്ടില്‍ ......
എനിക്ക്  കിട്ടിയ സ്ത്രീധനം എങ്ങിനെ ഉണ്ടായതാണെന്ന് അറിഞ്ഞാല്‍ .....
ആ അമ്മോശന്‍റെ ചുമയുടെ നീരാണ് നീ സഞ്ചരിക്കുന്ന 
കാറെന്ന് നീ അറിയുക ......
വിയര്‍പ്പിന്‍റെ മണമുണ്ടാകും നിന്‍റെ മണവാട്ടിയുടെ മഞ്ഞ ലോഹങ്ങള്‍ക്ക് 
അത് മറക്കരുത് ........
എത്ര മറക്കാന്‍ ശ്രമിച്ചിട്ടും മായിഞ്ഞു പോകാതെ ഇന്നും എന്‍റെ ഇട നെഞ്ചില്‍ നിറുത്താതെ ചുമക്കുന്ന ആ മനുഷ്യനുണ്ട്‌ .....
അദ്ദേഹത്തിന് ദൈവം ആയുസ്സ് കൊടുക്കട്ടെ .....
സ്ത്രീധനം വാങ്ങാതിരിക്കുക ......പെണ്ണാണ് ഏറ്റവും വലിയ ധനമെന്നു തിരിച്ചറിയുക .....







No comments:

Post a Comment